യുവജന ശുശ്രൂഷ

യുവജന ശുശ്രൂഷ

ആഗോളസഭയില്‍ പ്രത്യേകിച്ചു കേരള സഭയില്‍ യുവജനങ്ങള്‍ സഭയില്‍ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷക്കാലത്തെക്കുറിച്ചുള്ള ആത്മപരിശോധനയില്‍ യുവജനങ്ങള്‍ ഒന്നുകില്‍ നിസ്സംഗരോ, സഭാവിരോധികളോ, അകന്നു നടക്കുന്നവരോ ആയിപ്പോകുകയാണ്. സാമ്പത്തിക ഭദ്രതയും സംവിധാന ബലവുമുള്ള കാലഘട്ടത്തില്‍ തന്നെയാണ് ഇതു സംഭവിക്കുക. യുവതീയുവാക്കള്‍ക്ക് ക്രിസ്തു ആകര്‍ഷകമാകുന്നില്ല. സഭ ക്രിസ്തുവിനെ അവതരിപ്പിച്ച രീതി യുവജനങ്ങള്‍ക്കു സ്വീകാര്യമായിരുന്നില്ല. സുവിശേഷത്തിലെ യേശുവിനെ അവര്‍ കണ്ടുമുട്ടിയില്ല. അവരെ ആകര്‍ഷിക്കാന്‍ കലാ കായിക മത്സരങ്ങളൊക്കെ നടത്തി നോക്കിയിട്ടും യുവ ജനങ്ങള്‍ അടുക്കുന്നില്ല. അതൊക്കെ താത്ക്കാലിക സന്തോഷവും കളിയും ചിരിയും മാത്രമായി ഒതുങ്ങിപ്പോയി. ധ്യാനങ്ങള്‍ നടത്തിനോക്കിയിട്ടും പങ്കാളിത്തം കുറവു തന്നെ. നിലനില്‍ക്കുന്ന ക്രിസ്തു സ്‌നേഹമോ സ്‌നേഹ തീവ്രതയോ വളര്‍ത്താന്‍ അവയ്‌ക്കൊന്നിനും സാധിച്ചില്ല. ഉപവസിക്കുന്ന, സഹിക്കുന്ന, പീഡയേല്‍ക്കുന്ന യേശുവിനെ മാത്രമല്ല, യുവാവായ, ജനങ്ങളുടെ സന്തോഷത്തിലും സങ്കടങ്ങളിലും, പങ്കെടുക്കുന്ന അനീതിക്കെതിരെ പോരാടുന്ന ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന യേശുവിനെ ആകര്‍ഷകമായി അവതരിപ്പിക്കാനാകണം. അതിനായി ചില പരമ്പരാഗത ദൈവശാസ്ത്രങ്ങളും നിയമചിട്ടവട്ടങ്ങളും ഒഴിവാക്കേണ്ടതായി വരും. യുവാക്കള്‍ അകന്നാല്‍ 2033 ആകുമ്പോഴേക്കും സഭയുടെ പിന്നില്‍ അവര്‍ ഇല്ലാതെ വരും.

കുട്ടികള്‍ക്കു നല്‍കുന്ന വേദപാഠം ശരിയാകുന്നില്ലായെന്നതാണ് പ്രധാന കാരണം. ദൈവവും ക്രിസ്തുവും ഒഴിവാക്കപ്പെട്ട പുസ്തകം എന്നതാണ് പൊതുവേ ആധുനിക വേദപാഠ പുസ്തകത്തെപ്പറ്റി പറയുക. സഭാകാര്യങ്ങള്‍ മാത്രമേ അതിലുള്ളൂ. അതു കുട്ടികളെ ആകര്‍ഷിക്കുന്നില്ല. മാത്രവുമല്ല, ഗഹനങ്ങളാണ് അതിലെ പ്രതിപാദ്യം. വിശ്വാസതീക്ഷ്ണത വളര്‍ത്താന്‍ ഈ ഗ്രന്ഥങ്ങള്‍ ഉപകരിക്കുന്നില്ല. ഇതര ക്രൈസ്തവ സഭകളുടെ ഗ്രന്ഥങ്ങള്‍ കൂടി എടുത്തു കുറച്ചുകൂടി ലഘുവായി, തികച്ചും ബൈബിള്‍ കേന്ദ്രീകൃതമായി ഗ്രന്ഥങ്ങള്‍ രൂപീകരിച്ചാല്‍ നല്ലതായിരിക്കും. യുവജനങ്ങള്‍ക്കു വിശ്വാസ്യത ലഭിക്കത്തക്ക വിധത്തിലുള്ള സുതാര്യതയും സത്യസന്ധതയും തുറവിയും നേതൃത്വങ്ങള്‍ പാലിച്ചാല്‍ യുവജനങ്ങള്‍ നമ്മോടൊപ്പം എന്നുമുണ്ടാകും.

ഫാ. ലൂക്ക് പൂതൃക്കയില്‍, മടമ്പം, കണ്ണൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org