മാര്‍പാപ്പയ്ക്കു മധ്യപൂര്‍വദേശത്തെ പാത്രിയര്‍ക്കീസുമാരുടെ സംയുക്താഭ്യര്‍ത്ഥന

മധ്യപൂര്‍വ രാഷ്ട്രങ്ങളിലെ സംഘര്‍ഷങ്ങളവസാനിപ്പിക്കുന്നതിന് മാര്‍പാപ്പയുടെ അടിയന്തിര സഹായം തേടിക്കൊണ്ട് കത്തോലിക്കാ, ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സംയുക്തമായ അഭ്യര്‍ത്ഥന നല്‍കി. ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തില്‍ പത്രോസിന്‍റെ പാറയെ അല്ലാതെ മറ്റാരെയും തങ്ങള്‍ക്ക് ആശ്രയിക്കാനില്ലെന്ന് അവര്‍ പറഞ്ഞു. ഈ പ്രദേശത്തെ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ കൂട്ടമായി മറ്റു രാജ്യങ്ങളിലേയ്ക്കു പലായനം ചെയ്യുന്നതു തുടരുകയാണ്. അതുകൊണ്ട് ഇവിടങ്ങളിലെല്ലാം ക്രൈസ്തവസഭകളുടെ ഭാവി ആശങ്കാകുലമായിരിക്കുന്നു. അന്യം നിന്നുപോകുമെന്ന യഥാര്‍ത്ഥ ഭീഷണി സഭകള്‍ നേരിടുന്നുണ്ട്. ഇവിടെ നടക്കുന്നത് ഒരു വംശഹത്യാപദ്ധതിയാണെന്നു പാത്രിയര്‍ക്കീസുമാര്‍ കരുതുന്നു.

പൗരസ്ത്യ പാത്രിയര്‍ക്കീസുമാരുടെ കൗണ്‍സിലിന്‍റെ യോഗം ആഗസ്റ്റ് രണ്ടാം വാരം ലെബനോനിലെ ദിമാനില്‍ നടന്നിരുന്നു. മധ്യപൂര്‍വദേശത്തെ ചെറിയ അജഗണങ്ങളുടെ ഇടയന്മാരായ തങ്ങള്‍ വലിയ ഹൃദയവേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് കൗണ്‍സിലിനു ശേഷം പാത്രിയര്‍ക്കീസുമാര്‍ പ്രസ്താവിച്ചു. മാതൃരാജ്യങ്ങളില്‍ നിന്നുള്ള ക്രൈസ്തവരുടെ കുടിയിറക്കം തന്നെയാണ് ഏറ്റവും വലിയ വേദന. സിറിയ, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളില്‍ തുടരുന്ന യുദ്ധങ്ങള്‍ നിറുത്താന്‍ ഈ രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും നടപടികള്‍ സ്വീകരിക്കണം. നശീകരണങ്ങളും കൊലപാതകങ്ങളും പലായനങ്ങളും ഭീകരവാദസംഘങ്ങളുടെ പുനരുജ്ജീവനവും മത-സംസ്കാര സംഘര്‍ഷങ്ങളുമാണ് ഇവിടെ നടക്കുന്നത്. ഇതിനെല്ലാം അറുതി വരണം – പാത്രിയര്‍ക്കീസുമാര്‍ ആവശ്യപ്പെട്ടു.

മധ്യപൂര്‍വസഭകളുടെ നിലനില്‍പു തന്നെ അപകടത്തിലാണെന്നും എങ്കിലും മാവിലെ പുളിമാവു പോലെയും അന്ധകാരത്തിലെ ചെറുതിരി പോലെയും നിലനില്‍ക്കാനുള്ളതാണ് തങ്ങളുടെ വിളിയെന്നും പാത്രിയര്‍ക്കീസുമാര്‍ വ്യക്തമാക്കി. ഞങ്ങളുടെ പൂര്‍വപിതാക്കന്മാരുടെ മണ്ണില്‍ വേരുകളാഴ്ത്തി ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. ക്രൈസ്തവരുടെ അവകാശങ്ങള്‍ മാനിക്കാന്‍ എല്ലാ ഭരണകൂടങ്ങളും തയ്യാറാകണം. സ്വന്തം സംസ്കാരം സംരക്ഷിച്ചുകൊണ്ട് മാതൃരാജ്യങ്ങളില്‍ തന്നെ തുടരാന്‍ ക്രൈസ്തവരും സന്നദ്ധരാകണം – പാത്രിയര്‍ക്കീസുമാര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org