മദ്യാസക്തിയെ അതിജീവിച്ച കേരളം; സമ്പൂര്‍ണ്ണ മദ്യനിരോധനം വേണം: KCBC മദ്യവിരുദ്ധ സമിതി

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ മദ്യനിരോധനം മൂലം മദ്യാസക്തര്‍ക്കുണ്ടായ പിന്മാറ്റ അസ്വസ്ഥകളെ കേരളം അതിജീവിച്ചുവെന്നും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം തുടരാന്‍ യോജിച്ച സമയമാണിതെന്നും സൈക്കോളജിക്കല്‍ കൗണ്‍സിലറും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അഭിപ്രായപ്പെട്ടു.

മദ്യാസക്തി രോഗിക്ക് മദ്യോപയോഗം നിര്‍ത്തുന്നതിന്‍റെ ഭാഗമായി ആദ്യത്തെ ഏഴ് ദിവസത്തിനുള്ളില്‍ കാര്യമായ പിന്മാറ്റ അസ്വസ്ഥതകള്‍ (വിത്ത്ഡ്രോവല്‍ സിംറ്റംസ്) ഉണ്ടാകുന്നില്ലെങ്കില്‍ നാം അതിനെ അതിജീവിച്ചു എന്നുവേണം കരുതാന്‍. ആദ്യദിനങ്ങളിലെ ഒറ്റപ്പെട്ട മരണങ്ങളൊഴികെ പിന്നീട് യാതൊരുവിധ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ മരണങ്ങളും മദ്യം ലഭിക്കാതെ വരുന്നതു കൊണ്ട് മാത്രമാണെന്ന് പറയാനും വയ്യ.

ഗാര്‍ഹിക പീഢനങ്ങള്‍, അപകടങ്ങള്‍, അടിപിടി കേസുകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തില്ല. ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ രോഗികള്‍ തിങ്ങിനിറയുന്നുമില്ല. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്നന്നേയ്ക്കുമായി നടപ്പില്‍ വരുത്തുവാന്‍ പറ്റിയ സമയമാണിത്. ലോക്ഡൗണിന് ശേഷം വീണ്ടും മദ്യശാലകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ത്തിയതിന് ശേഷം പെട്ടെന്നുള്ള മദ്യോപയോഗം മൂലം വ്യക്തിക്ക് ഗുരുതരമായ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം തുടരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org