മാനന്തവാടി രൂപതാ അസംബ്ലി നവംബറില്‍

മാനന്തവാടി രൂപത സ്ഥാപിതമായിട്ട് 2023-ല്‍ 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രൂപതാ സ്ഥാപനത്തിന്‍റെ സുവര്‍ണ ജൂബിലിയുടെ പ്രാരംഭമായി ഈ വര്‍ഷം നവംബര്‍ 24, 25, 26 തീയതികളില്‍ രൂപതാ അസംബ്ലി നടത്തുന്നു. നിലവില്‍ രൂപതാംഗങ്ങളുടെ വിശ്വാസപരവും ക്രൈസ്തവ ധാര്‍മ്മികപരവുമായ ജീവിതത്തെ സഹായിക്കുന്ന തരത്തിലുള്ളതാണോ രൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും സംഘടനകളിലും മറ്റും നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്നു വിലയിരുത്തുക, മാറിവരുന്ന കാലത്തിനനുസരിച്ച് അവ ഫലപ്രദമാകുന്നില്ലെങ്കില്‍ അവയുടെ കാരണം അന്വേഷിച്ചു കണ്ടെത്തി ഫലപ്രദമാക്കാനുള്ള വഴികള്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് അസംബ്ലിയുടെ ലക്ഷ്യമെന്ന് രൂപതാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം വ്യക്തമാക്കി. വിശ്വാസജീവിത നവീകരണത്തിലേക്കും ഐക്യത്തോടെയുള്ള നിലപാടുകളിലേക്കും അസംബ്ലി നയിക്കട്ടെ എന്നും മാര്‍ പൊരുന്നേടം സൂചിപ്പിച്ചു.

രൂപതയിലെ ഫൊറോന വൈദികസമിതി, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍, ആലോചനാസമിതി, രൂപതാ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങി വിവിധ സമിതികളില്‍ വിഷയനിര്‍ണയത്തെക്കുറിച്ചു നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ 'മാറുന്ന ലോകത്തില്‍ പ്രകാശത്തിന്‍റെ സാക്ഷ്യം' എന്ന അടിസ്ഥാന ആശയമാണ് അസംബ്ലി സ്വീകരിച്ചിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി കുടുംബം, ഇടവക, സാമൂഹ്യ – രാഷ്ട്രീയ – സാംസ്ക്കാരിക മേഖലകള്‍, കാര്‍ഷിക – പരിസ്ഥിതി മേഖലകള്‍ എന്നീ നാലു വിഷയങ്ങള്‍ അസംബ്ലി ചര്‍ച്ച ചെയ്യും. ഇതിനു ഉപോത്ബലകമായ കരടുരേഖയും ചോദ്യാവലിയും രൂപതയുടെ എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്യും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രൂപതയിലെ വിവിധ തലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയായിരിക്കും രൂപതായോഗത്തിലെ ചര്‍ച്ചയ്ക്കുള്ള പ്രവര്‍ത്തനരേഖ തയ്യാറാക്കുന്നതെന്ന് സര്‍ക്കുലറില്‍ ബിഷപ് പൊരുന്നേടം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org