മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഷഷ്ടിപൂര്‍ത്തി നിറവില്‍

മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഷഷ്ടിപൂര്‍ത്തി നിറവില്‍

ഫരീദാബാദ് രൂപത ആര്‍ച്ച്ബി ഷപ് മാര്‍ കുര്യാക്കോസ് ഭരണികു ളങ്ങരയുടെ ഷഷ്ടിപൂര്‍ത്തി ഡല്‍ഹിയില്‍ ആഘോഷിച്ചു. ആഗോള കത്തോലിക്കാ സഭയില്‍ നയതന്ത്രജ്ഞനായി തിളങ്ങിയ മാര്‍ കുര്യാക്കോസ്  ഭരണികുളങ്ങര, ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഫരീദാബാദ് രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായത്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനു ഫലപ്രദമായ നേതൃത്വം നല്‍കാനും പുതുതായി രൂപീകരിച്ച രൂപതയെ വളര്‍ച്ചയുടെ വിവിധ തലങ്ങളിലേക്കു കൈ പിടിച്ചുയര്‍ത്താനും കഴിഞ്ഞ ഇടയന്‍റെ ഷഷ്ടിപൂര്‍ത്തി രൂപതയുടെ ആഘോഷമായി മാറി. സഹവൈദികരും സന്യസ്തരും വിശ്വാസികളും നല്‍കിയ പിന്തുണയാണു ദൈവനിയോഗം നന്നായി നിര്‍വഹിക്കാന്‍ വഴിതെളിച്ചതെന്ന് ഒരു വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ജസോളയിലെ ഫാത്തിമ മാതാവിന്‍റെ പള്ളിയില്‍ ഫെബ്രുവരി രണ്ടിന് പ്രത്യേക കൃതജ്ഞതാ ബലിയോടെയാണ് ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ നടന്നത്.

1978-ല്‍ ഉത്തരേന്ത്യയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിലേക്ക് കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തോടെ തുടക്കം കുറിച്ച ഡല്‍ഹി സീറോ മലബാര്‍ മിഷന്‍റെ പൂര്‍ത്തീകരണമായിരുന്നു ഫരീദാബാദ് രൂപതയും പ്രഥമ ഇടയനായുള്ള ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുളങ്ങരയുടെ നിയമനവും. 2012 മേയ് 26ന് ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനാരോഹണ ചടങ്ങു മുതല്‍ വലിയ വിജയങ്ങളുടെ പരമ്പരയാണു ഫരീദാബാദ് രൂപതയ്ക്ക് മാര്‍ ഭരണികുളങ്ങര നല്‍കിയിട്ടുള്ളത്.

സീറോ മലബാര്‍ സഭയുടെ വടക്കേന്ത്യയിലെ പ്രഥമ രൂപതയുടെ ശൈശവാവസ്ഥ പിന്നിടുന്ന ആദ്യവര്‍ഷത്തില്‍ തന്നെ ഡല്‍ഹി നഗരമധ്യത്തിലെ കരോള്‍ബാഗില്‍ വിശാലമായ രൂപതാ ആസ്ഥാനം സ്വന്തമാക്കാനായത് ഇദ്ദേഹത്തിന്‍റെ നേതൃപാടവത്തിന്‍റെ ചെറിയൊരു ഉദാഹരണം മാത്രമാണ്. തുടര്‍ന്ന് പുതിയ ഇടവകകളും ദിവ്യബലി കേന്ദ്രങ്ങളും വൈദിക സെമിനാരിയും ആശുപത്രിയും സ്കൂളും മുതല്‍ ഫരീദാബാദ് രൂപതയ്ക്ക് കുതിപ്പിന്‍റെ വര്‍ഷങ്ങളായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org