മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ദൈവ ചൈതന്യം നിറഞ്ഞ് കര്‍മ്മനിരതനായ ഇടയശ്രേഷ്ഠന്‍

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ദൈവ ചൈതന്യം നിറഞ്ഞ് കര്‍മ്മനിരതനായ ഇടയശ്രേഷ്ഠന്‍

മാര്‍ മാത്യു മൂലക്കാട്ട്

ജീവിതം ഞാനൊരു ഹോമബലിയായി അര്‍പ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് 1968 ഫെബ്രുവരി 24-നു മെത്രാനായി അഭിഷിക്തനായ അഭിവന്ദ്യ കുന്നശ്ശേരിപ്പിതാവിന്‍റെ ഹോമബലി ജൂണ്‍ 14-ന് പൂര്‍ത്തിയായി. ആ ബലിയുടെ പരിമളം കോട്ടയം അതിരൂപതയിലും കേരളസഭയിലും മാത്രമല്ല, ആഗോളസഭയില്‍ത്തന്നെ ഇന്ന് നിറഞ്ഞു പ്രസരിക്കുകയാണ്.

1940-കളില്‍ മലബാറിലേക്ക് നടന്ന സംഘടിത കുടിയേറ്റം ക്നാനായ സമുദായത്തിനും സീറോ- മലബാര്‍ സഭയ്ക്കും നല്‍കിയ വളര്‍ച്ചയുടെ ചുവടുപിടിച്ചു മലബാറിന്‍റെ വിവിധ മേഖലകളിലേക്കും ഹൈറേഞ്ചിലേക്കുമൊക്കെ നടന്ന അസംഘടിത കുടിയേറ്റങ്ങളും ക്നാനായ സമുദായത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയുണ്ടായി. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കുടിയേറിയ അസംഘടിതരായ തന്‍റെ ജനത്തെ ഒരുമിച്ച് കൂട്ടുന്നതിനും അവരുടെ തനിമയും കത്തോലിക്കാ വിശ്വാസവും സംരക്ഷിക്കുന്നതിനും അവര്‍ക്കു സ്വന്തമായി വൈദികരും ആരാധനാലയങ്ങളും ഉണ്ടാകുവാനും അഭിവന്ദ്യ പിതാവ് നടത്തിയ പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

നല്ല സൗഹൃദങ്ങളുടെ പിന്‍ബലത്തില്‍ വടക്കേ അമേരിക്കയില്‍ ആദ്യമായി ഒരു സീറോ-മലബാര്‍ വൈദികനെ അയച്ചുകൊണ്ട് പിതാവാരംഭിച്ച സഭാ വികസനം വടക്കേ അമേരിക്കയില്‍ തന്നെ 2 സീറോ-മലബാര്‍ രൂപതകള്‍ക്കു വിത്ത് പാകി. ഭാരതത്തിനു പുറത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട സീറോ-മലബാര്‍ രൂപത ചിക്കാഗോയില്‍ സ്ഥാപിതമായപ്പോള്‍ അത് അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്‍റെ അക്ഷീണ പരിശ്രമത്തിന്‍റെയും ക്രാന്തദര്‍ശിത്വത്തിന്‍റെയും വലിയൊരു സാക്ഷ്യമായിരുന്നു.

ദീര്‍ഘവീക്ഷണത്തോടെ അഭിവന്ദ്യ തറയില്‍ പിതാവ് ആരംഭം കുറിച്ച കാരിത്താസ് ആശുപത്രിയെ അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആക്കി ഉയര്‍ത്തുന്നതിനും അതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും അഭിവന്ദ്യ കുന്നശ്ശേരിപ്പിതാവ് കാണിച്ച ശുഷ്കാന്തി പ്രത്യേകം ശ്രദ്ധേയമാണ്. വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും കാരിത്താസ് ആശുപത്രിയും അതിന്‍റെ സൗകര്യങ്ങളും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും എപ്പോഴും ലഭ്യമായിരിക്കണമെന്നു പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു.

അലോപ്പതി ചികിത്സയോടൊപ്പം തന്നെ ഭാരതത്തിന്‍റെ അതിപുരാതന ചികിത്സാരീതിയായിരുന്ന ആയുര്‍വ്വേദത്തെ പരിപോഷിപ്പിക്കുന്നതിനും അഭിവന്ദ്യ പിതാവ് കാണിച്ച താല്പര്യവും ഉത്സാഹവും പ്രത്യേകം ശ്രദ്ധേയമാണ്. അനേകം രോഗികള്‍ക്ക് ഭാരതീയ വിധിപ്രകാരം വിവിധങ്ങളായ രോഗപീഡകളില്‍ ആശ്വാസം പകര്‍ന്നു നല്‍കുന്ന കാരിത്താസ് ആയുര്‍വേദ ആശുപത്രിയും തന്‍റെ നിക്ഷേപത്തില്‍ നിന്ന് പഴയതും പുതിയതും പുറത്തെടുക്കുന്ന ബുദ്ധിമാനായ കാര്യസ്ഥന്‍റെ ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയിക്കുന്നത്.

ചെറുപ്രായം മുതല്‍ തന്നെ ആരെയും മറക്കാതെ വളര്‍ത്തിയെടുത്ത സൗഹൃദങ്ങളും ബന്ധങ്ങളും അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്‍റെ അജപാലനശുശ്രൂഷയില്‍ എന്നുമൊരനുഗ്രഹമായിരു ന്നു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന വലിയ ഒരു സൗഹൃദവലയം പിതാവിന്‍റെ വലിയ സമ്പത്തായിരുന്നു.
കാലത്തിന്‍റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ മേഖലകളിലേക്കു രൂപതയുടെ വളര്‍ച്ച എത്തിക്കാനും അതിന്‍റെ സത്ഫലങ്ങള്‍ ജാതിമതഭേദമെന്യേ സമൂഹത്തില്‍ ഏവര്‍ക്കും, വിശിഷ്യാ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സംലഭ്യമാക്കാനും പിതാവ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും അനുബന്ധ സ്ഥാപനങ്ങളും അവയിലൂടെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കാനയിക്കപ്പെടുന്ന പാവപ്പെട്ടവരുമൊക്കെ അഭിവന്ദ്യ പിതാവിന്‍റെ ക്രെെസ്തവചൈതന്യത്താല്‍ പ്രശോഭിതമായ സാമൂഹ്യദര്‍ശനത്തിന്‍റെ ഉത്തമോദാഹരണങ്ങളാണ്.

സാമൂഹ്യപ്രവര്‍ത്തനം സാമ്പത്തികസഹായത്തേക്കാള്‍ ശാക്തീകരണമാണ് എന്ന ചിന്തയോടെ, വികസനം ആരുടെയും ഔദാര്യമല്ല, അവകാശമാണ് എന്ന ബോദ്ധ്യത്തോടെ, ദൈവരാജ്യ വളര്‍ച്ചയ്ക്കായി പിതാവ് നേതൃത്വം നല്‍കിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും പരിഷ്ക്കരണങ്ങളും ഈ മേഖലയില്‍ മുന്‍പേ പറക്കുന്ന പക്ഷി പോലെ അനേകം പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയും പ്രചോദനവുമായിത്തീര്‍ന്നു.

മലബാര്‍ മേഖലയുടെ വളര്‍ച്ചയെ ലക്ഷ്യമാക്കി ആരംഭം കുറിച്ച ബെറുമറിയം പാസ്റ്ററല്‍ സെന്‍ററും മലബാറില്‍ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ മലബാറിന്‍റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിക്കുകയുണ്ടായി.

ക്നാനായ സമുദായത്തിന്‍റെ പ്രേഷിത ചൈതന്യത്തെ പരിപോഷിപ്പിക്കുവാനും പ്രേഷിതരംഗങ്ങളില്‍ സേവനം ചെയ്യുന്ന ആയിരക്കണക്കായ ക്നാനായ മിഷനറിമാര്‍ക്കു ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്കുവാനുമായി അഭിവന്ദ്യ പിതാവ് തുടക്കം കുറിച്ച വിശുദ്ധ പത്താംപിയൂസിന്‍റെ മിഷനറി സൊസൈറ്റിയും അനുബന്ധസമൂഹങ്ങളും പിതാവിന്‍റെ പ്രേഷിതചൈതന്യം വിളിച്ചോതുന്നവയാണ്.

രൂപതയിലെ സമര്‍പ്പിത സമൂഹങ്ങളുടെ വളര്‍ച്ചയില്‍ നിരന്തരം ശ്രദ്ധ ചെലുത്തുകയും അവര്‍ക്കു പുതിയ മേഖലകളും സാദ്ധ്യതകളും തുറന്നുകൊടുക്കുവാന്‍ തനിക്കുള്ള ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും പിന്‍ബലത്തോടെ പരിശ്രമിക്കുകയും ചെയ്ത അഭിവന്ദ്യ പിതാവ് സമര്‍പ്പിതര്‍ക്കെന്നും വലിയ സംരക്ഷകനും സഹായകനുമായിരുന്നു, പല കാരണങ്ങളാല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിനാല്‍ സമര്‍പ്പിതജീവിതത്തിലേക്കുള്ള ദൈവവിളിയെ പിന്തുടരാന്‍ സാധിക്കാതിരുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി ഇറ്റലിയില്‍ സ്ഥാപിതമായ വി. ജോണ്‍ ഗ്വില്‍ബര്‍ട്ടിന്‍റെ കുഞ്ഞുമക്കള്‍ എന്ന സന്യാസിനി സമൂഹത്തിനു കോട്ടയം രൂപതയില്‍ ശാഖ സ്ഥാപിക്കുവാനും അതുവഴി അനേകം പെണ്‍കുട്ടികള്‍ക്ക് സമര്‍പ്പിത ജീ വിതത്തിന്‍റെ വാതില്‍ തുറന്നു കൊടുക്കുവാനും സാധിച്ച പിതാവിന് വളര്‍ന്നു പന്തലിക്കുന്ന ഒരു സമര്‍പ്പിത സമൂഹമായി ഇന്ത്യയിലും ഇറ്റലിയിലും പ്രശോഭിക്കുന്ന ആ സമൂഹത്തിന്‍റെ വളര്‍ച്ച കണ്ടാനന്ദിക്കുവാന്‍ ദൈവം അനുഗ്രഹം നല്‍കി. അതിനു പുറമെ ബെനഡിക്റ്റയിന്‍ സന്യാസകുടുംബത്തില്‍ പിറന്ന ഈ സമൂഹത്തിന്‍റെ ആഗമനം കോട്ടയം അതിരൂപതയില്‍ വല്ലംബ്രോസന്‍ ബെനഡിക്റ്റയിന്‍ സമൂഹത്തിനു ബീജാവാപം ചെയ്യുകയും അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്‍റെയും അനേകം സഹകാരികളുടെയും അക്ഷിണ പരിശ്രമഫലമായി അത് അതിവേഗം വളരുന്ന ഒരു സന്യാസസമൂഹമായിത്തിരുകയും ചെയ്തു.

ദീര്‍ഘകാലത്തെ മേല്പട്ട ശുശ്രൂഷയിലൂടെ ആഗോളസഭയ്ക്കും ഭാരത സഭയ്ക്കുമെല്ലാം വിലപ്പെട്ട സംഭാവനകള്‍ നല്കാന്‍ പിതാവി ന് സാധിച്ചിട്ടുണ്ട്. റോമില്‍ നടന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുത്ത അഭിവന്ദ്യ പിതാവ് പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തില്‍ സഭാശുശ്രൂഷയില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെപ്പറ്റി അവതരിപ്പിച്ച ആശയങ്ങള്‍ പിതാക്കന്മാരുടെ മുഴുവന്‍ ശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി.

പൗരസ്ത്യ കാനോന്‍ നിയമ പരിഷ്കരണസമിതിയില്‍ അംഗമായിരുന്ന പിതാവ് നിയമപരിഷ്ക്കരണത്തില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കുകയും പിന്നീട് സിറോ-മലബാര്‍ സഭയുടെ പ്രത്യേക നിയമ രൂപീകരണത്തില്‍ ഗണ്യമായ പ ങ്കുവഹിക്കുകയും ചെയ്തു. സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍, പെര്‍മനന്‍റ് സിനഡ് മെമ്പര്‍ തുടങ്ങിയ വിവിധ നിലകളില്‍ സീറോ-മലബാര്‍ സിനഡിന് എന്നും വലിയ ശക്തിസ്രോതസ്സായിരുന്നു അദ്ദേഹം.

ഭാരതത്തിലെ കത്തോലിക്ക മെത്രാന്മാരുടെ പൊതുസമിതിയായ സിബിസിഐയിലും അതിന്‍റെ പ്രാദേശിക ഘടകമായ കെസിബിസിയിലും വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച പിതാവ് ഭാരതസഭയുടെയും കേരളകത്തോലിക്കാ സഭയുടെയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. "പാലം പണിയുന്നവന്‍" എന്നാണ് പിതാവിനെ വിശേഷിപ്പിച്ചിരുന്നത്. അനുനയത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഈ ശൈലി സഭയുടെ വളര്‍ച്ചയില്‍ പ്രതിസന്ധിക ളുടെ നിര്‍ണ്ണായകനിമിഷങ്ങളില്‍ യോജിപ്പിന്‍റെ മേഖലകള്‍ തുറന്നു കൊടുക്കാന്‍ പിതാവിന് സഹായകമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org