മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് അന്ത്യാഞ്ജലി

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് അന്ത്യാഞ്ജലി

കാലം ചെയ്ത ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് അന്ത്യാഞ്ജലി. മേയ് 1 ന് അന്തരിച്ച ബിഷപ്പിന്‍റെ കബറടക്കം മേയ് 5 ചൊവ്വാഴ്ച വാഴത്തോപ്പ് സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശുശ്രൂഷകളില്‍ മുഖ്യകാര്‍മികനായിരുന്നു. മലയോര കര്‍ഷകരുടെ സമുദ്ധാരണത്തിനായി ജീവിതം നീക്കിവച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

കോതമംഗലം രൂപതയുടെ ഹൈറേഞ്ച് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 2003 ജനുവരി 15 ന് രൂപീകരിച്ച ഇടുക്കി രൂപതയുടെ ബിഷപ്പായി 2003 മാര്‍ച്ച് രണ്ടിനാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍ ചുമതലയേറ്റത്. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റി പ്പോര്‍ട്ടുകള്‍ ഇടുക്കിയിലെ ജനങ്ങളെ ബാധിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രൂപം നല്‍കാന്‍ മുന്‍കയ്യെടുത്തത് ആനിക്കുഴിക്കാട്ടില്‍ പിതാവാണ്. കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനായി അദ്ദേഹം നില കൊണ്ടു.

1942 സെപ്തംബര്‍ 23 ന് പാലാ കടപ്ലാമറ്റത്ത് ആനിക്കുഴിക്കാട്ടില്‍ പരേതരായ ലൂക്കായുടേയും എലിസബത്തിന്‍റെയും പതിനഞ്ച് മക്കളില്‍ മൂന്നാമനായിട്ടാണ് പിതാവിന്‍റെ ജനനം. പിന്നീട് കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി. കോതമംഗലം സെമിനാരിയില്‍ വൈദികാര്‍ത്ഥിയായി ചേര്‍ന്ന മാര്‍ ആനിക്കുഴിക്കാട്ടില്‍ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍ 1971 മാര്‍ച്ച് 15 ന് ബിഷപ് മാത്യു പോത്തനാം മുഴിയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു കോതമംഗലം കത്തീഡ്രല്‍, ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍, നെയ്യശ്ശേരി പള്ളികളില്‍ സേവനം ചെയ്തു. ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ പിതാവ് കോതമംഗലം രൂപത ചാന്‍സലറായും സെന്‍റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടറായും സേവനം ചെയ്തിട്ടുണ്ട്.

ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു കബറടക്ക ശുശ്രൂഷകള്‍ നടന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org