കത്തിനശിച്ച വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിനു മുന്നിട്ടിറങ്ങി ബിഷപ്

കത്തിനശിച്ച വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിനു മുന്നിട്ടിറങ്ങി ബിഷപ്

തെലുങ്കാനയിലെ അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്‍റണി പാണേങ്ങാടന്‍ ഇപ്പോള്‍ ഒരു ഭവനനിര്‍മ്മാണത്തിന്‍റെ തിരക്കിലാണ്. രൂപതാതിര്‍ത്തിയില്‍ താമസിക്കുന്ന ശങ്കരയ്യ എന്ന ഗ്രാമീണന്‍റെ കത്തിനശിച്ച വീട് പുനര്‍ നിര്‍മ്മിക്കുകയാണ് ബിഷപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം.

അദിലാബാദ് ബിഷപ്സ് ഹൗസില്‍ നിന്നും 18 കി. മീറ്റര്‍ അകലെ മിട്ടപ്പിള്ളി ഗ്രാമത്തിലുള്ള ശങ്കരയ്യയുടെ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കത്തിനശിച്ചത്. നിര്‍ധനനും രോഗിയും ആറു പെണ്‍മക്കളടക്കം ഒമ്പതു മക്കളുടെ പിതാവുമായ ശങ്കരയ്യയുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ബിഷപ് പാണേങ്ങാടന്‍ വീടിന്‍റെ പുനര്‍ നിര്‍മ്മാണത്തിനു മുന്നിട്ടിറങ്ങുകയായിരുന്നു. ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക പരിമിതികള്‍ മൂലം ഭവനനിര്‍മ്മാണത്തിന് വൈദികരെയും യുവാക്കളെയും കൂട്ടി ബിഷപ്പ് രംഗത്തിറങ്ങി. മെത്രാന്‍റെ സ്ഥാനചിഹ്നങ്ങളും വസ്ത്രങ്ങളും അഴിച്ചുവച്ച് ടീഷര്‍ട്ടും പാന്‍റുമണിഞ്ഞാണ് വീടിന്‍റെ തറ കെട്ടാനും തുടര്‍ജോലികള്‍ക്കും ബിഷപ് ഒപ്പം നിന്നത്. ഭവനനിര്‍മ്മാണത്തിനാവശ്യമായ സാമ്പത്തികം സ്വരൂപിക്കാന്‍ സാധ്യമല്ലാത്തതിനാലാണ് ശാരീരികാധ്വാനത്തിലൂടെ ഭവനം നിര്‍മ്മിക്കാനുള്ള ടീമിനെ സജ്ജമാക്കിയതെന്ന് ബിഷപ് പാണേങ്ങാടന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

തെരുവില്‍ അലയുന്നവര്‍ക്കും ദരിദ്രര്‍ക്കും അദിലാബാദ് ബിഷപ്സ് ഹൗസിനു മുന്നില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ബിഷപ് പാണേങ്ങാടന്‍റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ലോക്ഡൗണില്‍ തന്‍റെ രൂപതയിലൂടെ കടന്നുപോയ അതിഥി തൊഴിലാളികള്‍ക്ക് ബിഷപ് ഭക്ഷണവും താമസസൗകര്യവും നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org