മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി; പ്രചോദനാത്മക ജീവിതം : കര്‍ദി. ജോര്‍ജ് ആലഞ്ചേരി

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി; പ്രചോദനാത്മക ജീവിതം : കര്‍ദി. ജോര്‍ജ് ആലഞ്ചേരി

താമരശ്ശേരി: ദൈവ വിശ്വാസം പങ്കുവച്ച് ഓരോ വിശ്വാസിയെയും നിത്യജീവിതത്തിലേക്ക് നയിക്കുക എന്നതാണ് വൈദികരുടെയും മെത്രാന്മാരുടെയും കടമയെന്നും ആ ദൗത്യം വി ജയകരമായി പൂര്‍ത്തിയാക്കിയ വൈദിക ശ്രേഷ്ഠനാണ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെന്നും സീറോ- മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി. താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 25-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മേരി മാതാ കത്തീഡ്രലില്‍ നടന്ന അനുസ്മരണ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് വലിയമറ്റം, മോണ്‍. ജോണ്‍ ഒറവുങ്കര, മോണ്‍. തോമസ് പനയ്ക്കല്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി എന്നിവര്‍ സഹ കാര്‍മികരായിരുന്നു. നേരത്തെ മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്‍റര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വെഞ്ചെരിച്ചു.

തുടര്‍ന്ന് മേരി മാതാ കത്തീഡ്രലില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് എത്തിച്ചേര്‍ന്നവരെ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സ്വാഗതം ചെയ്തു. മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. സ്വജീവിതത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുകയും മറ്റുള്ളവരും അങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മാര്‍ മങ്കുഴിക്കരിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെക്കുറിച്ച് താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയ വിഭാഗം തയ്യാറാക്കിയ ഡോക്യുമെന്‍ററി 'ഓര്‍മ്മകളില്‍ മായാതെ' പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ താമരശ്ശേരി രൂപതാ വൈദികരും സന്യസ്തരും അല്‍മായ പ്രതിനിധികളും പങ്കെടുത്തു. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ കുടുംബാംഗങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില്‍ സംബന്ധിച്ചു. സീറോ-മലബാര്‍ സഭ വൈസ് ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org