മതമര്‍ദ്ദനങ്ങളുടെ മൂലകാരണം സാത്താന്‍റെ വിദ്വേഷമെന്നു മാര്‍പാപ്പ

മതമര്‍ദ്ദനങ്ങളുടെ മൂലകാരണം സാത്താന്‍റെ വിദ്വേഷമെന്നു മാര്‍പാപ്പ

തന്‍റെ മരണവും ഉത്ഥാനവും വഴി യേശു വീണ്ടെടുത്ത മനുഷ്യരോടും യേശുവിനോടും സാത്താനുള്ള കൊടിയ വിദ്വേഷമാണ് സഭയുടെ ആ രംഭം മുതലുള്ള മതമര്‍ദ്ദനങ്ങളുടെ യഥാര്‍ത്ഥ കാരണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ആധുനിക കാലത്തെ രക്തസാക്ഷികളെ പ്രത്യേകമായി അനുസ്മരിച്ചുകൊണ്ട് റോമില്‍ ദിവ്യബലിയര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. സഭ എപ്പോഴും രക്തസാക്ഷികളുടെ സഭയാണെന്ന വസ്തുതയാണ് ചരിത്രത്തിലെ മതമര്‍ദ്ദനങ്ങളും രക്തസാക്ഷിത്വങ്ങളും നമുക്കു മനസ്സിലാക്കി തരുന്നതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

"ലോകം നിങ്ങളെ ദ്വേഷിക്കും. കാരണം, നിങ്ങള്‍ക്കു മുമ്പേ അത് എന്നെ ദ്വേഷിച്ചു" എന്ന ക്രിസ്തുവചനത്തിലെ ദ്വേഷമെന്ന വാക്കിന്‍റെ പ്രയോഗം ശക്തവും ഭയജനകവുമാണെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സ്നേഹത്തെ കുറിച്ച് ധാരാളമായി സംസാരിക്കാനിഷ്ടപ്പെട്ട സ്നേഹത്തിന്‍റെ ഗുരുവാണ് വിദ്വേഷത്തെ കുറിച്ചു പറഞ്ഞത്. എപ്പോഴും കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ യേശു ഇഷ്ടപ്പെട്ടിരുന്നു. തന്‍റെ സ്നേഹത്തിന്‍റെ സൗജന്യദാനം കൊണ്ട് യേശു നമ്മെ സാത്താന്‍റെ ശക്തിയില്‍ നിന്നു രക്ഷിച്ചു. ഈ രക്ഷ സാത്താന് ഇഷ്ടമല്ല. അതുകൊണ്ട് സാത്താന്‍ നമ്മെ വെറുക്കുകയും മതമര്‍ദ്ദനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് യേശുവിന്‍റെയും ആദിമസഭയുടെയും കാലം മുതല്‍ ഇന്നു വരെ തുടരുന്നു. – മാര്‍പാപ്പ വിശദീകരിച്ചു.

റോമിലെ ടൈബര്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വി.ബര്‍ത്തലോമിയോ ബസിലിക്കയിലാണ് ആധുനിക രക്തസാക്ഷികള്‍ക്കുവേണ്ടിയുള്ള പ്രത്യേകമായ അനുസ്മരണച്ചടങ്ങുകള്‍ നടന്നത്. 20-ാം നൂറ്റാണ്ടിലെ നിരവധി രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള സ്ഥലമായതുകൊണ്ടാണ് ഈ ബസിലിക്ക ഇതിനു തിരഞ്ഞെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org