മതസ്പര്‍ദ്ദ വളര്‍ത്തരുത് -എ കെ സി സി

മഞ്ഞപ്ര: സ്വാതന്ത്ര്യസമരത്തില്‍ എല്ലാവരെയുംപോലെ പങ്കെടുത്ത ക്രൈസ്തവസഭാമക്കളെ ബോധപൂര്‍വം തമസ്കരിക്കുന്ന കേന്ദ്ര ഭരണാധികാരികളുടെ ആരോപണം മതസ്പര്‍ദ്ദ വളര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണോയെന്നു കത്തോലിക്കാ കോണ്‍ഗ്രസ്സ് മഞ്ഞപ്ര ഫൊറോനാ ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ക്രൈസ്തവസമൂഹത്തെ ഇക്കാര്യം പറഞ്ഞ് ഒന്നടങ്കം അപമാനിച്ച ബി.ജെ.പി എംപിക്കെതിരെ നടപടിയെടുക്കണം.

ജാതിമത വ്യത്യാസമില്ലാതെ ഭാരതീയര്‍ എല്ലാവരും ഒന്നിച്ച് അണിചേര്‍ന്നു എന്ന യാഥാര്‍ത്ഥ്യം വിളിച്ചോതുന്നതാണ് സ്വാതന്ത്ര്യസമരചരിത്രം. ഇതു പഠിക്കാന്‍ മെനക്കെടാതെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെയും മറ്റുള്ളവര്‍ക്കു ക്രൈസ്തവരോടു നീരസം ഉണ്ടാക്കുന്ന തരത്തിലുള്ള ആക്ഷേപകരമായ വിലകുറഞ്ഞ വാക്കുകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിനു കത്തോലിക്കാ കോണ്‍ഗ്രസ്സ് തയ്യാറാകുമെന്നു ജനറല്‍ ബോഡി യോഗം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ സെന്‍റ് തോമസ് ദിനം ക്രൈസ്തവരായ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി നല്കാത്ത സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബിന്‍റെ നിര്യാണത്തില്‍ ഏകെസിസി അനുശോചിച്ചു.

അതിരൂപതാ പ്രസിഡന്‍റ് ഫ്രാന്‍സിസ് മൂലന്‍ ഉദ്ഘാടനം ചെയ്തു. ഫൊറോനാ പ്രസിഡന്‍റ് ദേവസി മാടന്‍ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ആനി റാഫി, ബിജു നെറ്റിക്കാടന്‍, ലിജോ ജോണ്‍, ഷൈബി പാപ്പച്ചന്‍, ടി.ടി. അഗസ്റ്റിന്‍, സി.പി. പോള്‍, ജോയ് അറയ്ക്ക, കെ.പി. പോള്‍, ജോസ് കണ്ടമംഗലത്തില്‍, ദേവസിക്കുട്ടി പുന്നയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org