കോടതിവിധി സ്വാഗതാര്‍ഹം: മീഡിയാ, ഐക്യജാഗ്രതാ കമ്മീഷനുകള്‍

പൊതുസമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും അസ്വസ്ഥതയും കോളിളക്കവും സൃഷ്ടിച്ച കൊട്ടിയൂര്‍ കേസിന്‍റെ കോടതിവിധിയെ സഭ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് സീറോ-മലബാര്‍ സഭയുടെ മീഡിയാ കമ്മീഷന്‍. പ്രതിയായ വൈദികന്‍ കുറ്റം സമ്മതിക്കുകയും അത് കോടതിക്കു ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത്. വൈദികരുള്‍പ്പെടെ സഭയുടെയും സമൂഹത്തിന്‍റെയും നേതൃരംഗങ്ങളിലുള്ളവര്‍ തങ്ങളുടെ വിളിയും ദൗത്യവും മറന്ന് പ്രവര്‍ത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും ഓര്‍മ്മപ്പെടുത്തലുമാണ് ഈ വിധിയിലൂടെ ലഭിക്കുന്നത്. വൈദികന്‍ തെറ്റുകാരനാണെന്ന് വെളിപ്പെട്ട ദിവസം തന്നെ അദ്ദേഹത്തെ സഭ പുറത്താക്കിയിരുന്നു. കുട്ടികളോടും ചൂഷണവിധേയരാകാന്‍ സാധ്യതയുള്ളവരോടും ആരോഗ്യകരമായ സമീപനം പുലര്‍ത്തുവാന്‍ ഈ കോടതിവിധി സഹായകരമാകുമെന്ന് കമ്മീഷന്‍ വിലയിരുത്തി.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഫാ. റോബിന്‍ വടക്കുംചേരിക്ക് നിയമാനുസൃതം ലഭിച്ച ശിക്ഷ സ്വാഗതം ചെയ്യുന്നതായി കെസി ബിസി ഐക്യജാഗ്രതാ കമ്മീ ഷന്‍ വ്യക്തമാക്കി. സമര്‍പ്പിത ജീവിതം നയിക്കുന്നവരിലുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ ദുഃഖകരവും ഗുരുതരവുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്താന്‍ കത്തോലിക്കാസഭ കൂടുതല്‍ ജാഗ്രതയും കരുതലും പുലര്‍ത്തും. നിരപരാധികളെ കുറ്റവിമുക്തരാക്കിയ കോടതിയുടെ നടപടിയും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സഭ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ എല്ലാ തലങ്ങളിലും ജാഗ്രതയുണ്ടാവണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org