കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

വാഴ്ത്തപ്പെട്ട കാര്‍ലോ അകുത്തിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ 'കാര്‍ലോ അകുത്തിസ്: 15-ാം വയസില്‍ അള്‍ത്താരയിലേക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ കുഞ്ഞുവിശുദ്ധന്റെ അമ്മയുടെ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. സഭയില്‍ അപൂര്‍വമായിട്ടെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രഖ്യാപനങ്ങളില്‍ ആ വിശുദ്ധന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടാകാറുള്ളൂ. മരണത്തിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാകാം വിശുദ്ധപദ പ്രഖ്യാപനം ഉണ്ടാകുന്നതെന്നതും ഭൂരിഭാഗം വിശുദ്ധരും പ്രായംചെന്നവരാകുന്നതുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.

1947 ല്‍ വിശുദ്ധ മരിയ ഗോരേത്തിയെ പയസ് പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അമ്മ അസൂന്ത അവിടെ സന്നിഹിതയായിരുന്നു. അതിനുശേഷം നടന്ന വാഴ്ത്തപ്പെട്ട, വിശുദ്ധ പദപ്രഖ്യാപനത്തിലൊരിടത്തും മാതാപിതാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണറിവ്.

കൊച്ചി രൂപതയില്‍ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നടന്ന പ്രകാശന കര്‍മ്മത്തില്‍ കാര്‍ലോയുടെ അമ്മ ഗ്രന്ഥകര്‍ത്താവ് സെലസ്റ്റിന്‍ കുരിശിങ്കലിനെ അഭിനന്ദിച്ചുകൊണ്ടും താന്‍ ഇന്ത്യയില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കിയും തന്റെ മകന്റെ വിശുദ്ധജീവിതം ഏവരും മാതൃകയാക്കണേ എന്ന പ്രാര്‍ത്ഥനയോടുമാണ് സന്ദേശം അറിയിച്ചത്
'വളരെ ചെറുപ്പത്തില്‍ ഒരവധിക്കാലത്ത് ഞാന്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. കാര്‍ലോയ്ക്ക് ഇന്ത്യയില്‍ വരാന്‍ ഇഷ്ടമായിരുന്നു. അവന്റെ സുഹൃത്ത് രാജേഷ് വഴി അവന് ഇന്ത്യയെ നന്നായി അറിയാമായിരുന്നു. (ഈ രാജേഷ് മഹര്‍ മുന്‍പ് ബ്രാഹ്മണനായിരുന്നു. കാര്‍ലോയുടെ ജീവിതം കണ്ട് കാര്‍ലോയുടെ 13-ാം വയസില്‍ രാജേഷ് ക്രിസ്തുമതം സ്വീകരിച്ചു). കാര്‍ലോയുടേത് ലളിതമായ ആത്മീയതയായിരുന്നു. അത് ആര്‍ക്കും പിന്തുടരാന്‍ എളുപ്പമാണ്. എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ദിവ്യകാരുണ്യ ആരാധനയോടുള്ള ഭക്തി വര്‍ധിപ്പിക്കാനും ഈ പുസ്തകം ഏവരെയും സഹായിക്കട്ടെ"യെന്ന് കാര്‍ലോയുടെ അമ്മ അന്തോണിയ തന്റെ സന്ദേശത്തില്‍ അറിയിച്ചു. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് സന്ദേശം. കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകാംഗം റവ. ഫാ. ജോസഫ് കോച്ചേരില്‍ വഴിയാണ് കാര്‍ലോയുടെ അമ്മയുടെ സന്ദേശം ലഭിച്ചത്.

കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി ജനറല്‍, കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി റവ. ഫാ. തോമസ് തറയില്‍ പുസ്തകം പ്രകാശനം ചെയ്തു. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകവികാരി മോണ്‍. ആന്റണി കൊച്ചുകരിയില്‍ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത പി.ആര്‍.ഒ ജോണി പുതുക്കാട്ട് ആശംസ പറഞ്ഞു. കെ.എല്‍.സി.എ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍ ഗ്രന്ഥകര്‍ത്താവ് സെലസ്റ്റിന്‍ കുരിശിങ്കലിനെ പൊന്നാടയണിയിച്ചു. കല്ലഞ്ചേരി പള്ളി വികാരി ഫാ. ആന്റണി കാട്ടിപറമ്പില്‍ സ്വാഗതവും സെലസ്റ്റിന്‍ കുരിശിങ്കല്‍ നന്ദിയും പറഞ്ഞു.

13 അധ്യായങ്ങളിലായി വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ജീവിതം അതേപടി ഒപ്പിയെടുത്തിരിക്കുകയാണ് ഈ പുസ്തകത്തില്‍. ഒപ്പം കാര്‍ലോയുടെ അമ്മയുമായി നടത്തിയ അഭിമുഖവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ തവണ മനസ്സിരുത്തി ഈ പുസ്തകം വായിച്ചാല്‍ ഏതൊരാളിലും ഈ 15 വയസ്സുകാരന്‍ വലിയ മാറ്റമുണ്ടാക്കും. പുസ്തകം ആവശ്യമുള്ളവര്‍ 9846333811 വാട്‌സാപ്പ് നമ്പറില്‍ ആഡ്രസ് അയച്ചാല്‍ പുസ്തകം വി.പി.പി. അയച്ചുതരുമെന്ന് ഗ്രന്ഥകര്‍ത്താവ് സെലസ്റ്റിന്‍ കുരിശിങ്കല്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org