മുസ്ലീം നവീകരണനേതാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

മുസ്ലീം നവീകരണനേതാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

അഞ്ചു കോടി അംഗങ്ങളുള്ള നദ്ലത്തുല്‍ ഉലമ എന്ന ഇസ്ലാമിക സംഘടനയുടെ നേതാവ് ഷെയ്ഖ് യഹ്യ ചോലില്‍ സ്താഖഫ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവീകരിക്കപ്പെട്ട ഒരു "മാനവീക ഇസ്ലാമിനു" വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് ഇന്‍ഡോനേഷ്യന്‍ സുന്നി മുസ്ലീങ്ങള്‍ പ്രധാനമായും അംഗങ്ങളായ നദ്ലത്തുല്‍ ഉലമ. ഇസ്ലാമികരാജ്യം, നിയമം, കാഫിറുകള്‍ തുടങ്ങിയ സങ്കല്‍പങ്ങളെ നിരാകരിക്കുന്ന ഒരു ഇസ്ലാമിക ദൈവശാസ്ത്രമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.

ലോകസമാധാനവും മാനവസാഹോദര്യവും യാഥാര്‍ത്ഥ്യമാക്കുന്നതിനെ സംബന്ധിച്ച് തനിക്കുള്ള ആശയങ്ങള്‍ അവതരിപ്പിക്കാനാണ് സ്താഖഫ് റോമിലെത്തിയത്. മാര്‍പാപ്പയും സുന്നി മുസ്ലീങ്ങളുടെ പരമോന്നത പണ്ഡിതനായ അല്‍ അസ്ഹര്‍ ഇമാമും ചേര്‍ന്ന് പുറപ്പെടുവിച്ച അബുദാബി പ്രഖ്യാപനത്തില്‍ വലിയ ആഹ്ലാദം പ്രകടിപ്പിച്ച സ്താഖഫ് ഈ പ്രഖ്യാപനത്തിനു കൃത്യമായ കര്‍മ്മപരിപാടികളോടെയുള്ള പിന്തുടര്‍ച്ച ആവശ്യമാണെന്നു വ്യക്തമാക്കി. അബുദാബി പ്രഖ്യാപനത്തിനു ശേഷം നദ് ലത്തുല്‍ ഉലമ ഇന്‍ഡോനേഷ്യയില്‍ 20,000 മുസ്ലീം പണ്ഡിതര്‍ പങ്കെടുത്ത ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. സഹപൗരന്മാരെ വിശേഷിപ്പിക്കാന്‍ കാഫിര്‍ എന്ന പദം പ്രയോഗിക്കുന്നതു വിലക്കുന്നതിനുള്ള ദൈവശാസ്ത്ര വിശദീകരണമടങ്ങുന്ന പ്രസ്താവന മുസ്ലീം പണ്ഡിതന്മാര്‍ ഈ സമ്മേളനത്തില്‍ പുറപ്പെടുവിച്ചു. ഇസ്ലാമികവീക്ഷണങ്ങളില്‍ പ്രശ്നങ്ങളില്ല എന്നു നടിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് സ്താഖഫ് വ്യക്തമാക്കി. പ്രശ്നങ്ങളുണ്ട്. പരിഹാരം വേണമെങ്കില്‍ പ്രശ്നമുണ്ടെന്ന് സമ്മതിക്കണം. മുസ്ലീം ഭൂരിപക്ഷ സമൂഹങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ വിവേചനത്തിന്‍റെയും മര്‍ദ്ദനത്തിന്‍റെയും സമീപനങ്ങളുണ്ടെന്നു നമുക്കു കാണാം. അതിനാല്‍ ഇസ്ലാമിക ലോകത്തെ ഇതരലോകവുമായി ഇണക്കിച്ചേര്‍ക്കുന്ന ഒരു മതസംവിധാനം വികസിപ്പിച്ചെടുക്കാന്‍ ഇസ്ലാമികലോകം തയ്യാറാകേണ്ടതുണ്ട്. മുസ്ലീങ്ങള്‍ അമുസ്ലീങ്ങളെ മാനവവംശത്തിലെ സ്വസഹോദരങ്ങളായി കാണുന്ന ഒരു ദൈവശാസ്ത്രമാണ് വികസിപ്പിക്കപ്പെടേണ്ടത് – സ്താഖഫ് വിശദീകരിക്കുന്നു.

ആഗോള സാഹോദര്യവും സുരക്ഷയും സ്ഥിരതയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ ഇസ്ലാമികയാഥാസ്ഥിതികത്വത്തില്‍ നാലു പ്രശ്നതലങ്ങളാണ് ഉള്ളതെന്നു ഉലമയുടെ ഭാഗമായ ഇസ്ലാമിക പണ്ഡിതന്മാര്‍ കരുതുന്നു. കാഫിര്‍ എന്ന പദപ്രയോഗം നിരോധിക്കുക, ആധുനിക രാഷ്ട്രീയ പ്രക്രിയകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ദേശരാഷ്ട്രത്തെയും രാഷ്ട്രനിയമങ്ങളെയും അംഗീകരിക്കുക, സമാധാനത്തിനായി യത്നിക്കുന്നത് മുസ്ലീങ്ങള്‍ക്ക് മതപരമായ കടമയാക്കുക, മുസ്ലീം യാഥാസ്ഥിതികത്വത്തെ 21-ാം നൂറ്റാണ്ടിനു ചേര്‍ന്ന വിധമാക്കുന്നതിനുള്ള വിശദമായ ഒരു ചട്ടക്കൂട് തയ്യാറാക്കുക എന്നിവയാണവ. ഇതു പരിഹരിക്കുന്നതിനുള്ള ഒരു പ്രായോഗിക കര്‍മ്മമാര്‍ഗം ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതു വത്തിക്കാനും സമര്‍പ്പിച്ചതായും ഈ രേഖകള്‍ വിശദമായി പഠിച്ചതിനു ശേഷം സംയുക്തമായി പ്രവര്‍ത്തിക്കാനാവശ്യമായ തീരുമാനങ്ങള്‍ വത്തിക്കാന്‍ സ്വീകരിക്കുമെന്നു തങ്ങള്‍ പ്രത്യാശിക്കുന്നതായും സ്താഖഫ് വ്യക്തമാക്കി. ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഒരു ഇസ്ലാമിക-കത്തോലിക്കാ സംയുക്ത പ്രതിനിധിസംഘവും അദ്ദേഹത്തോടൊപ്പം വത്തിക്കാനിലെത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org