പുതിയ ഉക്രെനിയന്‍ ഓര്‍ത്തഡോക്സ് മേധാവിക്ക് കത്തോലിക്കാസഭയുടെ അംഗീകാരം

പുതിയ ഉക്രെനിയന്‍ ഓര്‍ത്തഡോക്സ് മേധാവിക്ക് കത്തോലിക്കാസഭയുടെ അംഗീകാരം

ഉക്രെയിനില്‍ പുതുതായി രൂപം കൊണ്ട സ്വതന്ത്ര ഓര്‍ത്തഡോക്സ് സഭയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട എപിഫാനിയൂസ് മെത്രാപ്പോലീത്തായെ ഉക്രെനിയന്‍ കത്തോലിക്കാസഭ സ്വാഗതം ചെയ്തു. ഐക്യത്തിലേയ്ക്കും സത്യത്തിലേയ്ക്കും ചരിത്രത്തിലൂടെ ഇനി തങ്ങള്‍ ഒരുമിച്ചു പ്രയാണം ചെയ്യുമെന്ന് ഉക്രെനിയന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്യാറ്റോസ്ലാവ് ഷെവ്ചുക് പ്രസ്താവിച്ചു.

ഉക്രെയിനില്‍ പരസ്പരം വിഘടിച്ചു നിന്ന മൂന്നു ഓര്‍ത്തഡോക്സ് സഭകളാണ് ഒരു സ്വതന്ത്ര ദേശീയ സഭയാകാനായി ഒന്നിച്ചത്. ഈ മൂന്നു വിഭാഗങ്ങളുടെയും ഇരുനൂറോളം മെത്രാന്മാര്‍ ചേര്‍ന്നാണ് 39 കാരനായ ആര്‍ച്ചുബിഷപ് എപിഫാനിയൂസിനെ പുതിയ സഭയുടെ തലവനായി തിരഞ്ഞെടുത്തത്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഇതിനെ അംഗീകരിക്കുകയും ചെയ്തു.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായി, മോസ്കോ പാത്രിയര്‍ക്കീസിനു കീഴിലായിരുന്നു ഉക്രെയിനിലെ ഓര്‍ത്തഡോക്സ് സമൂഹം. ഉക്രെയിനും റഷ്യയും തമ്മിലുള്ള രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഉക്രെയിനിലെ ഓര്‍ത്തഡോക്സ് സഭയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സ്വന്തം രാജ്യത്തെ ആക്രമിക്കുന്ന മോസ്കോയില്‍ സ്ഥിതി ചെയ്യുന്ന പാത്രിയര്‍ക്കേറ്റുമായി ബന്ധം വിടര്‍ത്തണമെന്നും ഒരു സ്വതന്ത്രസഭയായി മാറണമെന്നുമുള്ള ആവശ്യം വിശ്വാസികള്‍ക്കിടയില്‍ ഉയര്‍ന്നു വന്നു. ഉക്രെനിയന്‍ പ്രസിഡന്‍റും ഭരണകൂടവും ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. അതിന്‍റെ ഫലമാണ് പുതിയ സഭയുടെ രൂപീകരണം.

ഇപ്പോഴും മോസ്കോ പാത്രിയര്‍ക്കേറ്റുമായി ബന്ധം വിടര്‍ത്താന്‍ വിസമ്മതിക്കുന്ന വിഭാഗം ഉക്രെയിനില്‍ നിലനില്‍ക്കുന്നുണ്ട്. അവരുടെ സഭയുടെ പേരില്‍ റഷ്യന്‍ ബന്ധം സൂചിപ്പിക്കുന്ന വാക്കുണ്ടായിരിക്കണമെന്നു പാര്‍ലമെന്‍റില്‍ നിയമം നിര്‍മ്മിക്കുകയാണു ഭരണകൂടം. സഭയുടെ പേര് സര്‍ക്കാരിനു നിര്‍ദേശിക്കാനാവില്ലെന്നും തങ്ങള്‍ അതനുസരിക്കില്ലെന്നും വ്യക്തമാക്കി ഇവര്‍ പ്രക്ഷോഭരംഗത്താണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org