പുതിയ വത്തിക്കാന്‍ ഭരണഘടനയുടെ കരട്: അല്മായര്‍ക്കു കാര്യാലയങ്ങളുടെ മേധാവികളാകാം

പുതിയ വത്തിക്കാന്‍ ഭരണഘടനയുടെ കരട്: അല്മായര്‍ക്കു കാര്യാലയങ്ങളുടെ മേധാവികളാകാം

വത്തിക്കാന്‍ കൂരിയാ പരിഷ്കരണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലപ്പെടുത്തിയിരിക്കന്ന ആറംഗ കര്‍ദിനാള്‍ സമിതി സഭാഭരണത്തിനായി തയ്യാറാക്കുന്ന പുതിയ ഭരണഘടനയുടെ കരടുരൂപം സെപ്തംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചേക്കും. സഭയുടെ മുന്‍ഗണനകളില്‍ വരുത്താന്‍ പോകുന്ന മാറ്റം പ്രതിഫലിക്കുന്നതായിരിക്കും ഭരണഘടന. ഉദാഹരണത്തിന്, വിശ്വാസസത്യങ്ങള്‍ക്കായുള്ള കാര്യാലയത്തേക്കാള്‍ പ്രധാനമായിരിക്കും സുവിശേഷവത്കരണത്തിനുള്ള കാര്യാലയം. സ്റ്റേറ്റ് സെക്രട്ടേറിയറ്റിനുള്ള പ്രാമുഖ്യം ശക്തമാകുകയും ചില അധികാരങ്ങള്‍ മാര്‍പാപ്പയില്‍ നേരിട്ടു കേന്ദ്രീകരിക്കുകയും ചെയ്യും. സെക്രട്ടേറിയറ്റ്, കോണ്‍ഗ്രിഗേഷന്‍, പൊന്തിഫിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ പേരുകള്‍ എല്ലാം ഏകീകരിച്ച് ഡൈകാസ്റ്റെറി എന്നാക്കും. നൈയാമികമായി ഇവയെല്ലാം തുല്യപദവിയുള്ളവയാകും. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മാത്രം അതേ പേരില്‍ തുടരും. മാര്‍പാപ്പയുടെ അനുമതിയില്ലാതെ അന്തിമസ്വഭാവമുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കാര്യാലയങ്ങളുടെ അദ്ധ്യക്ഷര്‍ക്ക് അധികാരമുണ്ടായിരിക്കില്ല.

സഭയില്‍ ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പൗരോഹിത്യം ലഭിച്ചവരായിരിക്കണമെന്നാണു കനോന്‍ നിയമം അനുശാസിക്കുന്നത്. അല്മായര്‍ക്കു ഭരണത്തില്‍ സഹകരിക്കാം, ഭരിക്കാനാവില്ല എന്നതാണു നിയമം. അല്മായര്‍ കാര്യാലയങ്ങളുടെ അദ്ധ്യക്ഷസ്ഥാനത്തു നിയമിക്കപ്പെടുമ്പോള്‍ ഇതില്‍ മാറ്റം വരുത്തേണ്ടി വരും. കാര്യാലയങ്ങളുടെ അദ്ധ്യക്ഷന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മാര്‍പാപ്പയുടെ അന്തിമതീര്‍പ്പിനു വിടുന്ന രീതി വന്നാല്‍ ഭരണസ്തംഭനം ഉണ്ടാകുമെന്ന് ചിലര്‍ മുന്നറിയിപ്പു നല്‍കുന്നു. എല്ലാം മാര്‍പാപ്പയ്ക്കു നേരിട്ടു പരിശോധിക്കാനാവില്ല. ഏതൊക്കെ കാര്യങ്ങള്‍ മാര്‍പാപ്പയ്ക്കു വിടണം എന്നതില്‍ തീരുമാനമെടുക്കേണ്ടി വരിക സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ആയിരിക്കും. അതിനാല്‍, സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്‍റെ പ്രാമാണികത്വം വര്‍ദ്ധിക്കുമെന്നും അവിടെ അധികാരകേന്ദ്രീകരണം നടക്കുമെന്നും കരുതുന്നവരും ഉണ്ട്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്‍റെ തലവന്‍ കാര്‍ഡിനലായിരിക്കണമെന്നു കരടുഭരണഘടന വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ദേശീയ മെത്രാന്‍ സംഘങ്ങള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ കൊടുക്കുന്നതിനാല്‍ വത്തിക്കാനില്‍ തീരുമാനത്തിനായെത്തുന്ന വിഷയങ്ങളില്‍ കുറവുണ്ടാകുമെന്നു മറുപക്ഷം വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org