രക്തസാക്ഷികളായ ലൂയിജി പാലിക്ക്, ജോണ്‍ ഗസൂലി എന്നീ വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. അല്‍ബേനിയയിലെ ഷ്‌കോദര്‍ അതിരൂപതയുടെ കത്തീഡ്രലില്‍ നടന്ന പ്രഖ്യാപനത്തില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമേറാറൊ മുഖ്യകാര്‍മ്മികനായിരുന്നു.
ലൂയിജി പാലിക്ക് ഒ എഫ് എം ഫ്രാന്‍സിസ്‌കന്‍ സമൂഹാംഗവും ജോണ്‍ ഗസൂലി രൂപതവൈദികനുമാണ്. വാഴ്ത്തപ്പെട്ട ലൂയിജി പാലിക്ക് 1913-ലും ജോണ്‍ ഗസൂലി 1927-ലുമാണ് വിശ്വാസത്തെ പ്രതി ജീവന്‍ ബലിയായി നല്കിയത്.
അല്‍ബേനിയയിലെ യന്‍യേവൊയില്‍ 1877 ഫെബ്രുവരി 20-നായിരുന്നു വാഴ്ത്തപ്പെട്ട ലുയീജി പാലിക്കിന്റെ ജനനം. മൂത്ത സഹോദരന്‍ ആഞ്ചെലൊയുടെ മാതൃക പിന്‍ചെന്നുകൊണ്ട് ഫ്രാന്‍സിസ്‌കന്‍ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1901-ല്‍ ഇറ്റലിയിലെ ബോളോഞ്ഞയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. പീന്നിട് അല്‍ബേനിയയിലേക്കു മടങ്ങിയ അദ്ദേഹം പ്രധാനമായും ഇടവകകളില്‍ അജപാലന ശുശ്രൂഷ ചെയ്തു പോന്നു. 1912-1913 കാലയളവിലെ പ്രഥമ ബാള്‍ക്കന്‍ യുദ്ധവേളയിലായിരുന്നു ഫാ. പാലിക്കിന് ജീവന്‍ ഹോമിക്കേണ്ടി വന്നത്.
കത്തോലിക്കാ വിശ്വാസം വെടിഞ്ഞ് ഓര്‍ത്തഡോക്‌സ് വിശ്വാസം ആശ്ലേഷിക്കാന്‍ ജനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ സ്വന്തം വിശ്വാസത്തില്‍ അചഞ്ചലരായി നിലകൊള്ളാന്‍ അദ്ദേഹം വിശ്വാസികളെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ 1913 മാര്‍ച്ച് 4-ന് അറസ്റ്റു ചെയ്യപ്പെട്ട പാലിക്ക് കാരാഗൃഹത്തില്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. കത്തോലിക്കാ വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ചതിനാല്‍ അദ്ദേഹത്തെ മാര്‍ച്ച് 7-ന് (1913) വെടിവെച്ചു കൊന്നു.
ജോണ്‍ ഗസൂലി അല്‍ബേനിയയുടെ വടക്കുഭാഗത്തുള്ള ദയിക്ക് ത്സദ്രീമയില്‍ 1893 മാര്‍ച്ച് 26-ന് ജനിച്ചു. 1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു. കത്തോലിക്കാ സഭാ വിരുദ്ധനായിരുന്ന അല്‍ബേനിയയുടെ പ്രസിഡന്റ് അച്ച്‌മെത്ത് ത്സോഗുവിന്റെ ഭരണകാലത്ത് 1926 നവംബറില്‍ പൊട്ടിപ്പുറപ്പെട്ട ത്സോഗു വിരുദ്ധ പ്രക്ഷോഭണത്തിന്റെ ഉത്തരവാദിത്വം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാ. ഗസൂലിയുടെ മേല്‍ ആരോപിക്കുകയും 1926 ഡിസംബര്‍ 26-ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും രാഷ്ടീയ കോടതി വധശിക്ഷ വിധിക്കുകയും 1927 മാര്‍ച്ച് 5-ന് തൂക്കിക്കൊല്ലുകയും ചെയ്തു.