ബെല്‍ജിയത്തിലെ ബോദുവിന്‍ രാജാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് തിടുക്കം ആവശ്യമില്ലെന്ന് കോംഗോയിലെ കാര്‍ഡിനല്‍ ഫ്രിദോലിന്‍ അംബോംഗോ പ്രസ്താവിച്ചു. ആഫ്രിക്കന്‍ മെത്രാന്‍ സംഘങ്ങളുടെ സിമ്പോസി യത്തിന്റെ പ്രസിഡന്റ് കൂടിയാണ് കാര്‍ഡിനല്‍.
സെപ്തംബര്‍ ഒടുവില്‍ നടത്തിയ ബെല്‍ജിയം പര്യടനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് രാജാവിന്റെ നാമകരണ നടപടികള്‍ തുടങ്ങുമെന്ന് അറിയിച്ചത്. ഗര്‍ഭഛിദ്രത്തിനെതിരെ രാജാവ് സ്വീകരിച്ചിരുന്ന നിലപാടും ഫ്രാന്‍സിസ് മാര്‍പാപ്പ അതോടൊപ്പം അനുസ്മരിച്ചിരുന്നു.
എന്നാല്‍ 1961 ല്‍ കോംഗോയുടെ പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബായുടെ വധത്തില്‍ ബെല്‍ജിയം രാജാവിന് പങ്കുണ്ടായിരുന്നു വെന്ന ആരോപണം കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു. ആ ഫയല്‍ ഇപ്പോഴു മുണ്ടെന്നും അതിനെ ഒരു കറുത്ത പാട് എന്ന് വിളിക്കാം എന്നും കാര്‍ഡിനല്‍ അഭിപ്രായപ്പെട്ടു. ഈ ഭൂതകാലത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയും വാഴ്ത്തപ്പെട്ട പദവിക്ക് രാജാവ് അര്‍ഹനാണെന്ന് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് അതിനോട് വിയോജിപ്പില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
40 വര്‍ഷം ബെല്‍ജിയത്തെ ഭരിച്ച ബോദുവിന്‍ രാജാവിന്റെ കാലത്താണ് കോംഗോ ബെല്‍ജിയത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. സംഘര്‍ഷഭരിതമായിരുന്ന കാലങ്ങളിലൂടെ രാജ്യത്തെ നയിക്കുന്നതിലും തന്റെ ചുമതലകള്‍ കത്തോലിക്കാവിശ്വാസത്തോട് പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് നിറവേറ്റുന്നതിലും രാജാവ് വിജയിച്ചിട്ടുണ്ട് എന്നാണ് ബെല്‍ജിയം കത്തോലിക്ക സഭയുടെ വിലയിരുത്തല്‍.