സംഭാഷണം നിര്‍ത്തിവച്ചത് സ്വവര്‍ഗ ലൈംഗികതയിലെ നിലപാടുമാറ്റം മൂലം - കോപ്റ്റിക് സഭ

സംഭാഷണം നിര്‍ത്തിവച്ചത് സ്വവര്‍ഗ ലൈംഗികതയിലെ നിലപാടുമാറ്റം മൂലം - കോപ്റ്റിക് സഭ
Published on

കത്തോലിക്കാസഭയുമായിട്ടുള്ള സംഭാഷണം നിര്‍ത്തിവച്ചത് സ്വവര്‍ഗലൈംഗികത സംബന്ധിച്ച നിലപാടില്‍ വത്തിക്കാന്‍ വരുത്തിയ മാറ്റം മൂലമാണെന്ന് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ സ്ഥിരീകരിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍ ഈജിപ്തില്‍ നടന്ന കോപ്റ്റിക് സഭയുടെ വാര്‍ഷിക സൂനഹദോസ് കത്തോലിക്കാസഭയുമായുള്ള ദൈവശാസ്ത്ര സംഭാഷണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. സൂനഹദോസ് പുറപ്പെടുവിച്ച 9 ഉത്തരവുകളില്‍ ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയത് ഇതായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി നടന്നുവരുന്ന സംഭാഷണങ്ങളുടെ ഫലങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയില്‍ സംഭാഷണങ്ങള്‍ തുടരുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും സംവിധാനങ്ങളും സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ഇതെന്നായിരുന്നു സൂനഹദോസിനു ശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നത്. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് കുടുംബ ത്തിലെ സഹോദരി സഭകളുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സൂചിപ്പിച്ചിരുന്നു. തീരുമാനത്തിന്റെ വ്യക്തമായ കാരണമാണ് ഇപ്പോള്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. മൂസ ഇബ്രാഹിം വെളിപ്പെടുത്തിയിരിക്കുന്നത്.

എല്ലാത്തരം സ്വവര്‍ഗബന്ധങ്ങളെയും നിരാകരിക്കുന്ന ദൃഢമായ നിലപാടാണ് ഇത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളതെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. സ്ത്രീയും പുരുഷനും ആയി മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമത്തിനും വിശുദ്ധ ബൈബിളിനും എതിരാണ് എല്ലാത്തരത്തിലുമുള്ള സ്വവര്‍ഗ ലൈംഗികത. അത്തരം ബന്ധങ്ങളെ ആശീര്‍വദിക്കുന്നത് പാപത്തെ ആശീര്‍വദിക്കുന്നതിനു തുല്യമാണ് അസ്വീകാര്യമാണ് - കോപ്റ്റിക് ഓര്‍ത്തഡോക്‌സ് നേതാക്കള്‍ പറയുന്നു.

അപ്പസ്‌തോലനായ വിശുദ്ധ മര്‍ക്കോസിന്റെ പൈതൃകം അവകാശപ്പെടുന്ന കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ ഇപ്പോഴത്തെ തലവന്‍ തവദ്രോസ് രണ്ടാമനാണ്. സഭയില്‍ ഏതാണ്ട് രണ്ട് കോടിയോളം വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധത്തില്‍ കഴിഞ്ഞവര്‍ഷം വലിയ പുരോഗതി ദൃശ്യമായിരുന്നു. കോപ്റ്റിക് സഭയുടെ ദിവ്യബലി റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസിലിക്കയില്‍ അര്‍പ്പിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കി. 2015 ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളാല്‍ കൊല്ലപ്പെട്ട കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വിശ്വാസികളെ കത്തോലിക്കാസഭയും രക്തസാക്ഷികളായി അംഗീകരിച്ചതും ഒരു അസാധാരണ നടപടിയായിരുന്നു

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org