ഊര്‍ജപ്രതിസന്ധി പരിഹരിക്കണമെന്നു യൂറോപ്യന്‍ മെത്രാന്മാര്‍

ഊര്‍ജപ്രതിസന്ധി പരിഹരിക്കണമെന്നു യൂറോപ്യന്‍ മെത്രാന്മാര്‍

Published on

യൂറോപ്പിലെ ജനങ്ങളെ ശൈത്യത്തിനു വിട്ടുകൊടുക്കരുതെന്നും ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ശ്രമമുണ്ടാകണമെന്നും യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാര്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. ഇന്ധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വലിയ വിലവര്‍ദ്ധനവു കൊണ്ടു ദുരിതമനുഭവിക്കുകയാണ് പല യൂറോപ്യന്‍ രാജ്യങ്ങളും. ഉക്രെയിനിലെ യുദ്ധവും റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധവുമാണ് ഇന്ധനപ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണു, ശൈത്യകാലം സമീപിച്ചിരിക്കെ മെത്രാന്മാരുടെ പ്രസ്താവന. ശൈത്യകാലത്തെ നേരിടാന്‍ യൂറോപ്യന്‍ ജനതയ്ക്ക് ഇന്ധനങ്ങളുടെ ഉപയോഗം അത്യാവശ്യമാണ്.

കോവിഡ് മൂലം ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ജനങ്ങളുടെ സാമ്പത്തിക-മാനസിക ഭാരത്തെ വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ് ഇന്ധനപ്രതിസന്ധിയെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. കമ്പനികള്‍ പാപ്പരാകുകയും ജോലിക്കാരെ പിരിച്ചു വിടുകയും ചെയ്യുന്നുണ്ട്. ജീവിതച്ചെലവിലെ വര്‍ദ്ധനവ് അനേകര്‍ക്കു താങ്ങാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സംഘാതമായ ഐകമത്യം ആവശ്യപ്പെടുകയാണു ഞങ്ങള്‍. നാം ഒറ്റപ്പെട്ട വ്യക്തികളോ കുടുംബങ്ങളോ അല്ല, മറിച്ച് പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും ഒരു അന്താരാഷ്ട്ര സമൂഹമെന്ന നിലയില്‍ കഴിയുന്നവരാണ്. അതിനാല്‍ ഈ ഐകമത്യം പ്രകടമാക്കുന്നതിനു മൂര്‍ത്തമായ സംഭാവനകള്‍ നല്‍കാന്‍ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു - മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

26 അംഗരാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം മെത്രാന്മാരുടെ പൊതുവേദിയാണ് യൂറോപ്യന്‍ കത്തോലിക്കാ മെത്രാന്‍ സംഘം.

logo
Sathyadeepam Online
www.sathyadeepam.org