ഇന്ത്യന്‍ കുടുംബാംഗം അമേരിക്കയില്‍ മെത്രാന്‍

ഇന്ത്യന്‍ കുടുംബാംഗം അമേരിക്കയില്‍ മെത്രാന്‍
Published on

ഇന്ത്യാക്കാരായ മാതാപിതാക്കളുടെ മകന്‍ അമേരിക്കയിലെ ഓഹിയോ കൊളംബസ് രൂപതയുടെ മെത്രാനായി നിയമിതനായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ കത്തോലിക്കാസഭയില്‍ മെത്രാന്‍ പദവിയിലെത്തുന്നത്. 1970 കളില്‍ അമേരിക്കയിലേയ്ക്കു കുടിയേറിയ ഒരു ഡോക്ടറുടെയും ടീച്ചറുടെയും മകനാണ് നിയുക്തമെത്രാനായ ഏള്‍ കെ ഫെര്‍ണാണ്ടസ്.

മാതാപിതാക്കളുടെ അഞ്ചു മക്കളിലൊരാളായ ഇദ്ദേഹത്തെ പിതാവിനെ പോലെ ഡോക്ടറാക്കണമെന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. അതിനുള്ള പഠനം ആരംഭിച്ചതിനു ശേഷമാണ് ഒരു യൂറോപ്യന്‍ യാത്രക്കിടെ ഏള്‍ കെ ഫെര്‍ണാണ്ടസ് റോമിലെ സെ. പീറ്റേഴ്‌സ് ബസിലിക്കയിലെത്തുന്നത്. അവിടെ വി. പത്രോസിന്റെ കബറിടത്തിനു മുമ്പില്‍ വച്ച്, പുരോഹിതനാകണമെന്ന ഉള്‍വിളി തനിക്കുണ്ടാകുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. തുടര്‍ന്ന് സിന്‍സിനാറ്റി അതിരൂപതയ്ക്കു വേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. 2002 ല്‍ വൈദികനായി. മോറല്‍ തിയോളജിയില്‍ റോമില്‍ നിന്നു ഡോക്ടറേറ്റ് നേടുകയും മാതൃരൂപതയില്‍ മടങ്ങിയെത്തി സെമിനാരി അദ്ധ്യാപനം ഉള്‍പ്പെടെ നിരവധി ചുമതലകള്‍ നിര്‍വഹിച്ചു. വാഷിംഗ്ടണിലെ വത്തിക്കാന്‍ എംബസിയിലും സേവനം ചെയ്തിരുന്നു.

ഒരു സ്‌കൂളും ധാരാളം യുവജനങ്ങളും ഉള്ള വലിയ ഒരിടവകയില്‍ വികാരിയാകണമെന്നതായിരുന്നു തന്റെ മോഹമെന്ന് ഫാ. ഏള്‍ കെ ഫെര്‍ണാണ്ടസ് ഓര്‍ക്കുന്നു. മൂവായിരം കുടുംബങ്ങളും ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുമുള്ള പള്ളിയില്‍ വികാരിയായി ജോലി ചെയ്യുമ്പോഴാണ് മെത്രാന്‍ പദവിയിലേയ്ക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org