2023 ഒക്‌ടോബര്‍ 7 നു ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിരുന്ന ഇസ്രായേല്‍കാരില്‍ ഒരു സംഘം ഗാസയില്‍ മോചിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന്, നവംബര്‍ 14 നു വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.
അപ്പസ്‌തോലിക കൊട്ടാരത്തിലെ, ഗ്രന്ഥശാലയില്‍ നടന്ന കൂടിക്കാഴ്ചയില്‍, പത്ത് സ്ത്രീകളും നാല് പുരുഷന്മാരും രണ്ട് കുട്ടികളുമടക്കം പതിനാറ് പേരുണ്ടായിരുന്നു. ഖത്തറിന്റെയും, ഈജിപ്തിന്റെയും, അമേരിക്കയുടെയും മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ നടത്തിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കപ്പെട്ട ബന്ദികളാണ് ഇവര്‍.
ഇപ്പോഴും ബന്ദികളായി തടവില്‍ കഴിയുന്ന ഏതാനും ചെറുപ്പക്കാരുടെ ഫോട്ടോയും വന്നവര്‍ പാപ്പായ്ക്കു നല്‍കി. 'വീടുകളിലേക്ക് അവരെയും എത്തിക്കണം' എന്ന വാചകവും ചിത്രങ്ങളില്‍ ആലേഖനം ചെയ്തിരുന്നു. അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള അഭ്യര്‍ത്ഥന, 'ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം' എന്ന കൂട്ടായ്മയുടെ ലോഗോ എന്നിവയും അവര്‍ പാപ്പായ്ക്കു കൈമാറി.
ഹമാസ് ആക്രമണത്തിന്റെ ആദ്യദിനം മുതല്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി നിരന്തരം ഫ്രാന്‍സിസ് പാപ്പ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഒക്‌ടോബര്‍ 7-ന് നടന്ന ആക്രമണത്തില്‍ 1,100-ലധികം ഇസ്രായേല്‍ക്കാര്‍ കൊല്ലപ്പെടുകയും, സ്ത്രീകളും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
ഹമാസിന്റെ പിടിയിലകപ്പെട്ട ചില ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങളെ ഏപ്രില്‍ മാസം 8-ാം തീയതി ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചിരുന്നു. അതിനുമുമ്പ്, 2023 നവംബര്‍ 22 തീയതിയും പലസ്തീന്‍ ബന്ദികളുടെയും ഇസ്രായേല്‍ ബന്ദികളുടെയും കുടുംബാംഗങ്ങള്‍ പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ചിരുന്നു. ഗാസായില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെയും മാര്‍പാപ്പ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.