ദൈവം എളിമയെ ഇഷ്ടപ്പെടുന്നുവെന്നു മംഗോളിയന്‍ സഭയോടു മാര്‍പാപ്പ

ദൈവം എളിമയെ ഇഷ്ടപ്പെടുന്നുവെന്നു മംഗോളിയന്‍ സഭയോടു മാര്‍പാപ്പ
Published on

ചെറിയ സംഖ്യ കൊണ്ട് വലിയ കാര്യങ്ങള്‍ നേടാന്‍ ദൈവത്തിനു കഴിയുമെന്നു മംഗോളിയായിലെ കത്തോലിക്കാസഭയോടു ഫ്രാന്‍സിസ് മാര്‍പാപ്പ. ചെറുതായിരിക്കുന്നത് ഒരു പ്രശ്‌നമല്ലെന്നും മാര്‍പാപ്പ പറഞ്ഞു. ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാസമൂഹമാണ് മംഗോളിയായിലേത്. ദൈവം എളിമയെ ഇഷ്ടപ്പെടുന്നു. എളിമയിലൂടെ ദൈവം വലിയ കാര്യങ്ങള്‍ നേടുന്നുവെന്നു പരി. മറിയം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് എണ്ണത്തെയോ വിജയങ്ങളുടെ പരിമിതികളെയോ പ്രസക്തിയില്ലായ്മയെ യോ കുറിച്ച് ആകുലരാകേണ്ടതില്ല. ദൈവം പ്രവര്‍ത്തിക്കുന്നത് അങ്ങനെയൊക്കെയാണ്. പരി. മറിയത്തില്‍ ദൃഷ്ടിയുറപ്പിച്ചു നീങ്ങുക. അവളുടെ എളിമ ആകാശങ്ങളേക്കാള്‍ വലിപ്പമുള്ളതാണ് - മാര്‍പാപ്പ വിശദീകരിച്ചു. പ്രാര്‍ത്ഥനയുടെ പ്രാധാന്യം മംഗോളിയന്‍ സഭയെ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

മംഗോളിയായിലെ കത്തോലിക്കാസഭയില്‍ ആകെ 25 വൈദികരും 33 സന്യാസിനിമാരും ഒരു മെത്രാ നും മാത്രമേയുള്ളൂ. വിശ്വാസികള്‍ 1450. കഴിഞ്ഞ വര്‍ഷം ആകെ 35 ജ്ഞാനസ്‌നാനങ്ങള്‍ നടന്നു. 49 കാ രനായ രൂപതാധ്യക്ഷനെ ഫ്രാന്‍സി സ് മാര്‍പാപ്പ കാര്‍ഡിനലായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഡിനല്‍ ജോര്‍ജിയോ മാരെംഗോ. ആഗോളസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കാര്‍ഡിനലും അദ്ദേഹമാണ്. മംഗോളിയന്‍ സഭക്കുള്ള ഒരു അംഗീകാരമായിരുന്നു അത്.

മതസ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് മംഗോളിയ എന്നു പര്യടനത്തിലെ ആദ്യ പ്രസംഗത്തില്‍ രാജ്യനേതാക്കളുടെ സാന്നിധ്യത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ചൈന യ്ക്കും റഷ്യയ്ക്കുമിടയില്‍ കിടക്കു ന്ന ജനാധിപത്യരാജ്യമായ മംഗോളിയയ്ക്ക് ലോകസമാധാനത്തില്‍ സു പ്രധാനമായ പങ്കു വഹിക്കാനുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ചെറുരാജ്യമായ മംഗോളിയ മാര്‍പാപ്പ സന്ദര്‍ശിച്ചതിനു ലോകസമാധാനവുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ടെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിപുലമായ നയതന്ത്രബന്ധങ്ങളുള്ള മംഗോളിയ മഹത്തായ ഏഷ്യന്‍ ഭൂഖണ്ഡത്തിലും ലോകത്തിലാകെയും പ്രസക്തിയുണ്ടെന്നും മാര്‍പാപ്പ സൂചിപ്പിച്ചു. മംഗോളിയായും വത്തിക്കാ നും തമ്മിലുള്ള നയതന്ത്രബന്ധത്തിന് എണ്ണൂറിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org