വര്‍ധിച്ചുവരുന്ന അരക്ഷിതത്വവും അക്രമങ്ങളും മൂലം നൈജീരിയയിലെ മകുര്‍ദി രൂപത യുടെ 15 പള്ളികള്‍ പൂട്ടേണ്ടി വന്നതായി ബിഷപ് വില്‍ഫ്രഡ് അനാക്‌ബെ അറിയിച്ചു.
ജനങ്ങളുടെ പ്രത്യാശ പുനഃസ്ഥാപിക്കുന്നതിനും അവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന തിനുംവേണ്ടി സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് നൈജീരിയന്‍ ഭരണകൂടത്തോട് ബിഷപ് അഭ്യര്‍ഥിച്ചു. 15 ഇടവകകള്‍ എന്ന് പറയുമ്പോള്‍ ചില ഇടവകകള്‍ക്ക് 20 വരെ സ്റ്റേഷനുകളും 25 കിലോമീറ്റര്‍ വരെ വിസ്തൃതിയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപരൂപതകളിലും സുരക്ഷാപ്രശ്‌നങ്ങള്‍ മൂലം പള്ളികള്‍ അടയ്‌ക്കേണ്ടി വരുന്നുണ്ട്. കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും പെരുകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പത്തു വര്‍ഷത്തിലേറെയായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്ന പ്രദേശങ്ങള്‍ ഇവിടെയുണ്ട്.
കുട്ടികള്‍ സ്‌കൂളുകളില്‍ പോകാത്തതു കൊണ്ട് ഞങ്ങളുടെ ഗ്രാമങ്ങള്‍ ഭാവി ഭീകരവാദികളെയും കൊള്ളക്കാരെയും സൃഷ്ടിക്കുന്ന സ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അശ്രീകരമായ ഈ പ്രവണതയ്ക്ക് സര്‍ക്കാര്‍ തടയിടണം - ബിഷപ് ആവശ്യപ്പെട്ടു.