അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട നൈജീരിയന്‍ പള്ളി ഈസ്റ്ററിനു വീണ്ടും തുറന്നു

അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട നൈജീരിയന്‍ പള്ളി ഈസ്റ്ററിനു വീണ്ടും തുറന്നു

Published on

കഴിഞ്ഞ വര്‍ഷം പന്തക്കുസ്താദിനത്തില്‍ ആക്രമിക്കപ്പെട്ട നൈജീരിയായിലെ ഒണ്ടോ രൂപതയിലെ സെ.ഫ്രാന്‍സിസ് ഇടവകദേവാലയം ഈ വര്‍ഷം ഈസ്റ്റര്‍ ദിവ്യബലിയോടെ വീണ്ടും തുറന്നു. കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. രൂപതാ ബിഷപ് ജൂഡ് അയോഡെജി അരോഗുണ്ടേഡ് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. ദുഃഖവെള്ളിയുടെ അനുഭവത്തിലൂടെ കടന്നുപോകുകയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശികസഭാസമൂഹമെന്നു ബിഷപ് ജൂഡ് ചൂണ്ടിക്കാട്ടി.

അക്രമങ്ങള്‍ നിരന്തരം അരങ്ങേറുന്നുവെങ്കിലും ജനങ്ങളോട് ക്ഷമ പറയാന്‍ പോലും തയ്യാറാകാത്ത നൈജീരിയയിലെ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ബിഷപ് ജൂഡ് നിശിതമായി വിമര്‍ശിച്ചു. സ്വന്തം പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത ഒരു ഭരണകൂടം ഭരണകൂടമെന്ന പേരു തന്നെ അര്‍ഹിക്കുന്നില്ലെന്നും ബിഷപ് പറഞ്ഞു.

നൈജീരിയായില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായതിനാല്‍ ഒരു വര്‍ഷം പോലുമാകാത്ത ഈ അക്രമത്തിന്റെ കാര്യം പൊതുസമൂഹം തന്നെ മറന്ന സ്ഥിതിയാണെന്നും ബിഷപ് സൂചിപ്പിച്ചു. ഈ വര്‍ഷത്തെ വിശുദ്ധവാരത്തില്‍ നൈജീരിയായില്‍ നടന്ന വിവിധ അക്രമങ്ങളില്‍ നൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഭീകരസംഘങ്ങളാണ് അക്രമങ്ങള്‍ നടത്തിയത്. ഭീകരവാദികളുടെ അക്രമങ്ങള്‍ ഭയന്ന് ഇരുപതു ലക്ഷത്തോളം ക്രൈസ്തവരാണ് സ്വന്തം വീടുപേക്ഷിച്ചു പലയിടങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്.

logo
Sathyadeepam Online
www.sathyadeepam.org