ബിഷപ്പ് അല്‍വാരസിന്റെ അസാന്നിധ്യത്തില്‍ തിരുപ്പട്ടം

ബിഷപ്പ് അല്‍വാരസിന്റെ അസാന്നിധ്യത്തില്‍ തിരുപ്പട്ടം
Published on

സ്വേച്ഛാധിപത്യ ഭരണാധികാരിയുടെ പീഡനത്തെ തുടര്‍ന്ന് രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന നിക്കരാഗ്വയിലെ ബിഷപ്പ് റൊളാണ്ടോ അല്‍വാരസിന്റെ രൂപതയില്‍, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഒരാള്‍ പുരോഹിതനായും ഏഴു പേര്‍ ഡീക്കന്മാരായും പട്ടം സ്വീകരിച്ചു. 2022 മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന അല്‍വാരസിനെ 23 ല്‍ വിചാരണ ചെയ്ത് 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു ജയിലില്‍ അടയ്ക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റമാണ് പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗായുടെ ഭരണകൂടം ബിഷപ്പില്‍ ചുമത്തിയിരുന്നത്. പിന്നീട് വത്തിക്കാന്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളുടെ ഫലമായി ബിഷപ്പിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും റോമിലേക്ക് അയക്കുകയും ചെയ്തു. റോമില്‍ പ്രവാസിയായി കഴിയുന്ന അല്‍വാരസ് തന്നെയാണ് ഇപ്പോഴും രൂപതയുടെ മെത്രാന്‍. നിക്കരാഗ്വ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനാണ് തിരുപ്പട്ടത്തില്‍ മുഖ്യകാര്‍മ്മികന്‍ ആയിരുന്നത്. തന്റെ പ്രസംഗത്തില്‍ ബിഷപ്പ് അല്‍വാരസിന്റെ പേര് അദ്ദേഹത്തിന് പരാമര്‍ശിക്കാനായില്ല. മറ്റൊരിടത്ത് ബിഷ പ്പ് അല്‍വാരിസിനെ പരാമര്‍ശിച്ചു പ്രസംഗിച്ച മറ്റൊരു ബിഷപ്പിനും രാജ്യം വിട്ടു പോകേണ്ടി വന്നിരുന്നു.

അല്‍വാരസിന്റെ രൂപതയായ മതഗല്‍പയ്ക്ക് 25 വൈദികരെയാണ് ഇതിനകം നഷ്ടപ്പെട്ടത്. ഇവരില്‍ മിക്കവരും സര്‍ക്കാരിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയോ രാജ്യഭ്രഷ്ടരാക്കപ്പെടുകയോ ആയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org