ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍
Published on

ഓസ്‌കാര്‍ അവാര്‍ഡ് നേടിയിട്ടുള്ള ചലച്ചിത്ര സംഗീതസംവിധായകന്‍ ഹാന്‍സ് സിമ്മര്‍ വത്തിക്കാന്‍ സിറ്റിയില്‍ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയിട്ടാണ് വരുന്ന ഡിസംബര്‍ 7 നു പോള്‍ ആറാമന്‍ ഹാളില്‍ ഈ സംഗീത വിരുന്നു നടത്തുന്നത്.

ഗ്ലാഡിയേറ്റര്‍, ദി ലയണ്‍ കിംഗ്, ഇന്റര്‍സ്റ്റെല്ലര്‍, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ തുടങ്ങിയ ലോകപ്രസിദ്ധ ചലച്ചിത്രങ്ങളുടെ സംഗീതസംവിധായകനാണ് സിമ്മര്‍.

യൂറോപ്പില്‍ എമ്പാടും നിന്നുള്ള 70 സംഗീതജ്ഞര്‍ ഈ പരിപാടിയില്‍ സിമ്മറിന്റെ നേതൃത്വത്തില്‍ സംബന്ധിക്കും. റോം രൂപതയുടെ 250 അംഗ ക്വയറും പരിപാടിയില്‍ പങ്കെടുക്കും.

സംഗീത പരിപാടിക്ക് മുമ്പായി സിമ്മറിനെയും മറ്റ് സംഗീതജ്ഞരെയും ഫ്രാന്‍സിസ് മാര്‍പാപ്പ കാണും.

കണ്‍സര്‍ട്ട് വിത്ത് ദ പുവര്‍ എന്ന പേരിലുള്ള ഈ പരിപാടി 2015 മുതല്‍ എല്ലാവര്‍ഷവും റോമില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

ലോകപ്രസിദ്ധരായ സംഗീതജ്ഞരാണ് കഴിഞ്ഞവര്‍ഷങ്ങളിലെല്ലാം ഇതിന് നേതൃത്വം നല്‍കിയിട്ടുള്ളത്. 8000 പേര്‍ക്കാണ് ഹാളില്‍ പ്രവേശനം ഉണ്ടായിരിക്കുക. ഇതില്‍ 3000 പേര്‍ റോമിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങള്‍ ആയിരിക്കും.

കാരിത്താസ് പോലുള്ള വിവിധ ജീവകാരുണ്യ സംഘടനകളിലൂടെയാണ് ഇവര്‍ക്കുള്ള ക്ഷണപത്രങ്ങള്‍ എത്തിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിലേക്ക് ടിക്കറ്റ് മുഖേനയായിരിക്കും പ്രവേശനം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org