പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ വിവാഹപ്രായം ഉയര്‍ത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ വിവാഹപ്രായം ഉയര്‍ത്തി
Published on

ക്രൈസ്തവരുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള പാക് ദേശീയ അസംബ്ലിയുടെ നിയമനിര്‍മാണത്തെ ക്രൈസ്തവസഭാനേതാക്കള്‍ സ്വാഗതം ചെയ്തു. പുതിയ നിയമമനുസരിച്ച് ക്രൈസ്തവരുടെ വിവാഹപ്രായം 18 ആയിരിക്കും. പെണ്‍കുട്ടികള്‍ക്ക് 13 ഉം ആണ്‍കുട്ടികള്‍ക്ക് 16 ഉം വയസ്സില്‍ വിവാഹം അനുവദിച്ചിരുന്ന 1872 ലെ ബ്രിട്ടീഷ് ഭരണകാലത്തെ ക്രിസ്ത്യന്‍ മാരേജ് ആക്ട് ആണ് ഇപ്പോള്‍ പരിഷ്‌കരിച്ചത്. ശൈശവ വിവാഹങ്ങളും തട്ടിക്കൊണ്ടു പോകലും നിര്‍ബന്ധ മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നിയമപരിഷ്‌കരണം നടപ്പാക്കുന്നത്.

പാര്‍ലമെന്റ് അംഗങ്ങളായ ക്രിസ്ത്യന്‍ നേതാക്കളാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. പാര്‍ലമെന്റ് അത് അംഗീകരിക്കുകയായിരുന്നു. കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റിനെ പ്രശംസിച്ചു.

യൂണിസെഫിന്റെ കണക്കനുസരിച്ച് പാക്കിസ്ഥാനിലെ സ്ത്രീകളില്‍ ആറില്‍ ഒരാള്‍ ശൈശവ വിവാഹത്തിന് വിധേയരാകുന്നുണ്ട്. 2018 ല്‍ പാകിസ്ഥാനിലെ 1.9 കോടി സ്ത്രീകള്‍ 18 വയസ്സിനു മുമ്പ് വിവാഹം ചെയ്തവരായിരുന്നു എന്ന് യൂണിസെഫ് കണക്കാക്കിയിരുന്നു. ഇവരില്‍ 46 ലക്ഷം 15 വയസ്സിനു മുമ്പില്‍ വിവാഹം ചെയ്തവരാണ്.

ശൈശവ വിവാഹത്തിനെതിരെ ചില സംസ്ഥാന ഗവണ്‍മെന്റുകള്‍ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും കോടതികള്‍ അവ പാലിക്കണമെന്ന് നിര്‍ബന്ധിക്കാറില്ല. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാം എന്ന് ഇസ്ലാമിക നിയമമായ ശരിയത്ത് അനുശാസിക്കുന്നതാണു കാരണം. ഇസ്ലാം പാകിസ്ഥാന്റെ ദേശീയ മതവും ആണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org