ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു
Published on

ഉക്രെയ്‌നിയന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാനില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി. റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഉക്രെയ്‌നിയന്‍ പ്രസിഡന്റ് നാലാമത്തെ പ്രാവശ്യമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. സമാധാനത്തിന്റെ സന്ദേശം നല്‍കുന്ന സമ്മാനങ്ങളും പുസ്തകങ്ങളും ഇരുവരും പരസ്പരം കൈമാറി.

കഴിഞ്ഞ ജൂണില്‍ ഇറ്റലിയില്‍ ജി 7 ഉച്ചകോടിക്കിടെ പാപ്പായും സെലന്‍സ്‌കിയും കൂടിക്കാഴ്ച നടത്തിയിരുന്നു. 2022 റഷ്യ ഉക്രെയ്‌നെതിരായ ആക്രമണം ആരംഭിച്ചതിനുശേഷം യുദ്ധത്തിന്റെ ഇരകളോടുള്ള ഐക്യദാര്‍ഢ്യം ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്.

അക്രമം അവസാനിപ്പിക്കണമെന്നും ഇരകള്‍ക്ക് മാനവിക സഹായങ്ങള്‍ എത്തിക്കണമെന്നും തടവിലടച്ചിരിക്കുന്നവരെ മോചിപ്പിക്കണമെന്നും മാര്‍പാപ്പ തുടര്‍ച്ചയായി ആവശ്യപ്പെട്ടു പോരുകയാണ്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഘര്‍ എന്നിവരെയും ഉക്രെയ്‌നിയന്‍ പ്രസിഡന്റ് സന്ദര്‍ശിച്ചു. യുദ്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും സുസ്ഥിര സമാധാനത്തിനുള്ള വിവിധ മാര്‍ഗങ്ങളും അദ്ദേഹം സഭാ അധികാരികളുമായി ചര്‍ച്ച ചെയ്തു.

സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസം ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ് സ്വിയാത്തോസ്ലാവ് ഷെവ്ചുകും മാര്‍പാപ്പയെ കണ്ടിരുന്നു.

യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഉക്രെയ്‌നിയന്‍ ജനതയ്ക്ക് പ്രാര്‍ഥനകളും സഹായങ്ങളും നല്‍കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 60 ലക്ഷത്തോളം ഉക്രെയ്‌നിയക്കാര്‍ ഈ ശൈത്യകാലത്ത് ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവര്‍ക്ക് ഭക്ഷണം എത്തിക്കുക ആവശ്യമാണെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org