ബിഷപ് ബോസ്‌കോ പുത്തൂര്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

ബിഷപ് ബോസ്‌കോ പുത്തൂര്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
Published on

എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മെല്‍ബണ്‍ രൂപതയുടെ മുന്‍ മെത്രാന്‍ ബിഷപ് ബോസ്‌കോ പുത്തൂരിിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡിസംബര്‍ ഏഴ് വ്യാഴാഴ്ച അദ്ദേഹം മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസിലെത്തി ചുമതലയേറ്റു.

ബിഷപ് ബോസ്‌കോ പുത്തൂര്‍ സീറോമലബാര്‍സഭയുടെ ആദ്യത്തെ കുരിയാമെത്രാനും ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാനുമാണ്. 2023 മെയ് 31 നാണ് അദ്ദേഹം മെല്‍ബണ്‍ രൂപതയുടെ ഭരണത്തില്‍നിന്നു വിരമിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്കു സഹായിക്കുന്ന ഡയലോഗ് കമ്മിറ്റിയുടെ കണ്‍വീനറായി അടുത്തയിടെ സീറോമലബാര്‍ മെത്രാന്‍ സിനഡ് അദ്ദേഹത്തെ നിയോഗിച്ചിരുന്നു. 1946-ല്‍ ജനിച്ച അദ്ദേഹം 1971-ല്‍ റോമില്‍ വെച്ചു പൗരോഹിത്യം സ്വീകരിച്ചു. തൃശൂര്‍ മൈനര്‍ സെമിനാരി റെക്ടര്‍, മേജര്‍ സെമിനാരി അധ്യാപകന്‍, മംഗലപ്പുഴ മേജര്‍ സെമിനാരി റെക്ടര്‍, കത്തീഡ്രല്‍ വികാരി, വികാരി ജനറാള്‍, സീറോമലബാര്‍സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2010-ല്‍ സീറോമലബാര്‍സഭയുടെ പ്രഥമ കൂരിയ മെത്രാനായി അഭിഷിക്തനായി. സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറിയായിരുന്ന ബിഷപ് ബോസ്‌കോ പുത്തൂര്‍ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തതിനെത്തുടര്‍ന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷപായി സ്ഥാനമേറ്റെടുത്തതുവരെ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org