ചേര്‍ത്തല: പ്രതിസന്ധികളില്‍ പെട്ടെന്നു തളരുന്ന ശീലം മാറ്റിയെടുത്ത് മികച്ച തൊഴില്‍ സംരംഭങ്ങളിലൂടെ സ്ത്രീകള്‍ തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയെടുക്കണമെന്ന് ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഭാര്‍ഗവന്‍ അഭിപ്രായപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിമന്‍ എംപവര്‍മെന്റ് പദ്ധതിയുടെ ഭാഗമായി വൈക്കം, ചേര്‍ത്തല മേഖലകളില്‍ നിന്നുള്ള വനിത സംരംഭകര്‍ക്കായി സംഘടിപ്പിച്ച സൗജന്യ നൈപുണ്യ വികസനപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
ചേര്‍ത്തല സഹൃദയ മേഖല ഓഫീസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു. നഗരസഭ കൗണ്‍സിലര്‍ എസ് സനീഷ്, ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം പരിശീലകന്‍ അജയ് ശങ്കര്‍, പരിശീലക സിനി ലാലന്‍, സഹൃദയ പ്രോഗ്രാം ഓഫീസര്‍ കെ ഒ മാത്യൂസ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ സെബിന്‍ ജോസഫ്, റീജിയണല്‍ കോര്‍ഡിനേറ്റര്‍ റാണി ചാക്കോ എന്നിവര്‍ സംസാരിച്ചു.
ആറു ദിവസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ട്രയിനിംഗ് ഇന്‍ ടെയിലറിംഗ്, അഡ്വാന്‍സ്ഡ് ഫുഡ് പ്രോസസിംഗ് എന്നീ പരിശീലനങ്ങളില്‍ 40 വനിതകളാണ് പങ്കെടുത്തത്. പരിശീലനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഭക്ഷ്യവസ്തുക്കളുടെയും തയ്യല്‍, കരകൗശല വസ്തുക്കളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചു.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരില്‍ പ്രവര്‍ത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അര്‍ഹത നേടുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം ഈ പദ്ധതിയുടെ ഭാഗമായി നല്‍കുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു.