കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

പൊടിമറ്റം സെൻറ് മേരീസ് പള്ളിയിലെ തിരുനാൾ സമാപന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തിരുവചന സന്ദേശം നൽകുന്നു.
പൊടിമറ്റം സെൻറ് മേരീസ് പള്ളിയിലെ തിരുനാൾ സമാപന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തിരുവചന സന്ദേശം നൽകുന്നു.
Published on

പൊടിമറ്റം:  കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ.

പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും, വി.യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍  കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു മാർ വാണിയപുരയ്ക്കൽ. വികാരി ഫാ: മാർട്ടിൻ വെള്ളിയാംകുളം സഹകാർമ്മികനായിരുന്നു.

ഓരോ കുടുംബവും ഓരോ കാൽവരിയാണ്. സമർപ്പണത്തിന്റെ വേദിയൊരുങ്ങുമ്പോൾ കുടുംബങ്ങൾ സ്വർഗ്ഗമാകും. വിശുദ്ധരുടെ തിരുനാളുകൾ വിശ്വാസി സമൂഹത്തിന് ജീവിത വിശുദ്ധീകരണത്തിനുള്ള അവസരമാണ്. പൗരോഹിത്യം വിലപ്പെട്ട ദാനവും സന്യാസം വിലപ്പെട്ട ജീവിതാന്തസ്സുമാണ്. ഇവ രണ്ടും പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വിശുദ്ധരായ മാതാപിതാക്കളുടെ വിശുദ്ധിയുളള മക്കളാണ് സഭയെ കെട്ടിപ്പെടുക്കുന്നത്. പ്രതിസന്ധികളെ രൂക്ഷമാക്കാതെ പരിഹരിക്കുവാൻ നിശബ്ദതയുടെ പാഠം വളരെ പ്രസക്തമാണ്. നിശബ്ദരായി ജീവിച്ചുകൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ നമുക്കാകണം. സഭാമക്കളുടെ സ്നേഹത്തിന്റെ കൂട്ടായ്മയും, ജീവിതസാക്ഷ്യവും, ഹൃദയം തുറന്ന പ്രാർത്ഥനകളുമാണ് പ്രതിസന്ധികളെ അതിജീവിക്കുവാൻ സഭയ്ക്ക് എക്കാലവും കരുത്തേകുന്നതെന്നും മാർ വാണിയപ്പുരയ്ക്കൽ സൂചിപ്പിച്ചു.

വിവിധ കൂട്ടായ്മകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണത്തിനും, പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം ദി ബാൻഡ് വരവ് ഒരുക്കിയ കലാസന്ധ്യയും നടത്തപ്പെട്ടു

ശനിയാഴ്ച പാറത്തോട് ടൗൺ കുരിശടിയിലേക്ക് നടന്ന  ആഘോഷമായ വിശ്വാസ പ്രഘോഷണ തിരുനാൾ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി പാറത്തോട് കുരിശടിയില്‍ ലദീഞ്ഞും  മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ തിരുനാള്‍ സന്ദേശവും നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org