ജെ ബി കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം, തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല

കെ സി ബി സി ജാഗ്രത കമ്മീഷന്‍
Published on

ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാല്‍, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചര്‍ച്ച ചെയ്യാത്തതിലും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അഭിപ്രായം ആരാഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിലും, കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെയും പൂര്‍ണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്.

ചീഫ് സെക്രട്ടറിക്ക് പുറമെ പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായ പുതിയ സമിതി അര്‍ഹിക്കുന്ന ഗൗരവത്തോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുകയും സത്വരമായ തുടര്‍ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, തുടര്‍ ചര്‍ച്ചകളില്‍ ക്രൈസ്തവ സമൂഹങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു.

ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ലോക്‌സഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു താത്ക്കാലിക നീക്കമല്ല എന്ന് സര്‍ക്കാര്‍ തെളിയിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന തുടര്‍ച്ചയായ അവഗണനകള്‍ക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ നീക്കം ഇനിയെങ്കിലും സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org