ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച തുടര്‍നടപടികള്‍: കാലതാമസം വഞ്ചനാപരം : കെ സി ബി സി ജാഗ്രത കമ്മീഷന്‍

Published on

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ ബി കോശി കമ്മീഷന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു.

റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതല്‍ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ സമാശ്വാസമെന്നോണം ചില പ്രസ്താവനകള്‍ അധികാരികള്‍ നടത്തുന്നു എന്നതിനപ്പുറം ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ട് ഏഴു മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.

കമ്മിറ്റിയുടെ പഠനം പുരോഗമിക്കുകയാണെന്ന അവകാശവാദമാണ്, ചാലക്കുടി എം എല്‍ എ ശ്രീ സനീഷ് കുമാര്‍ ജോസഫിന്റെ സബ്മിഷന് മറുപടിയായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ശ്രീ അബ്ദുറഹിമാന്‍ ഒക്ടോബര്‍ ഒമ്പതിനും നിയമസഭയില്‍ ഉന്നയിച്ചത്. അത്യന്തം ഗുരുതരമായ അലംഭാവം തുടര്‍ച്ചയായി സംഭവിച്ചിട്ടും പൊള്ളയായ വാദഗതികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ബഹു. മന്ത്രി ഉള്‍പ്പെടെ ചെയ്തുവരുന്നത്.

കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായ രൂപത്തില്‍ പുറത്തുവിടണമെന്ന ആവശ്യം ആരംഭം മുതല്‍ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അതിനും തയ്യാറായിട്ടില്ല.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നിലപാടുകള്‍ സ്വീകരിക്കുകയും അടിയന്തിരമായ നടപടികള്‍ക്ക് തയ്യാറാവുകയും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org