അറിയുവാനുള്ള നിയമപരമായ അവകാശമാണ് ആര്‍ ടി ഐ നിയമം നല്‍കുന്നത്: ജസ്റ്റിസ് സി. പ്രദീപ് കുമാര്‍

അറിയുവാനുള്ള നിയമപരമായ അവകാശമാണ് ആര്‍ ടി ഐ നിയമം നല്‍കുന്നത്: ജസ്റ്റിസ് സി. പ്രദീപ് കുമാര്‍
Published on

കൊച്ചി: വിവരാവകാശ നിയമം ഓരോ പൗരനും സര്‍ക്കാരിന്റെ ഏതു പ്രവര്‍ത്തനത്തെക്കുറിച്ചും അറിയുവാനുള്ള നിയമപരമായ അവകാശം നല്‍കുന്നുവെന്ന് കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്‍ ടി ഐ കേരള ഫെഡറേഷന്‍, പ്രവാസി ലീഗല്‍ സെല്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡി ബി ബിനു എഴുതിയ വിവരാകാശ നിയമം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം സുതാര്യമാക്കുക എന്നത് തന്നെയാണ് പരമപ്രധാന ലക്ഷ്യം. അഴിമതിയെ നേരിടാനുള്ള ഏറ്റവും വലിയ മാര്‍ഗം തന്നെയാണ് ഈ നിയമം. പക്ഷേ എത്രത്തോളം ഇത് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിച്ചു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് അധ്യക്ഷത വഹിച്ചു.

മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് വിവരാവകാശ നിയമം (ആര്‍ ടി ഐ ആക്ട്). ഒരു നീരാളിയെ പോലെ മനുഷ്യ സമൂഹത്തെ അഴിമതി വലിഞ്ഞു പിടിച്ചിരിക്കുകയാണ്, ഇതിന് മാറ്റം വരണമെങ്കില്‍ വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കണമെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമം ഉദ്യോഗസ്ഥരുടെ പരിശീലന പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും സ്വകാര്യ മേഖലയെക്കൂടി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, അഡ്വക്കേറ്റ് കെ എസ് ഹരിഹരന്‍, അഡ്വ. എം ആര്‍ രാജേന്ദ്രന്‍ നായര്‍, ശശികുമാര്‍ മാവേലിക്കര, ഡിക്‌സണ്‍ ഡിസില്‍വ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ വിവരാവകാശ നിയമ ശില്പശാല ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ് സി എം ഐ ഉദ്ഘാടനം ചെയ്തു. ആര്‍ ടി ഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശശികുമാര്‍ മാവേലിക്കര അധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമം എന്ത് എന്തിന് എന്ന വിഷയത്തില്‍ ഡി ബി ബിനു മുഖ്യപ്രഭാഷണം നടത്തി. ഓണ്‍ലൈന്‍ വിവരാവകാശ അപേക്ഷകള്‍ പ്രായോഗിക പരിശീലനം എന്ന വിഷയത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകന്‍ ജെയിംസ് വി. ജോര്‍ജ്, ഉപഭോക്തൃ നിയമം സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ച് അഡ്വക്കേറ്റ് ജി കിരണ്‍ എന്നിവര്‍ ക്ലാസ് നയിച്ചു. കെ ജി ഇല്യാസ്, ഹരിലാല്‍, റെജി വി ജോണ്‍, അഡ്വക്കറ്റ് ശശി കിഴക്കട എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org