ഛോട്ടാനാഗ്പൂരിന്റെ മിഷന്‍ നായകന് ആഗോളസഭ ആദരങ്ങളര്‍പ്പിക്കുന്നു

ഛോട്ടാനാഗ്പൂരിന്റെ മിഷന്‍ നായകന് ആഗോളസഭ ആദരങ്ങളര്‍പ്പിക്കുന്നു
Published on

ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുള്‍പ്പെടുന്ന ഛോട്ടാനാഗ്പൂര്‍ എന്നറിയപ്പെടുന്ന ആദിവാസി ഭൂരിപക്ഷപ്രദേശത്ത് കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലം നായകത്വം വഹിച്ച ശേഷം ഒക്‌ടോബര്‍ നാലിനു നിത്യതയിലേക്കു യാത്രയായ കാര്‍ഡിനല്‍ ടെലസ്‌ഫോര്‍ പി ടോപ്പോയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനങ്ങളര്‍പ്പിച്ചു. ആദിവാസികള്‍ക്കും ദളിതര്‍ക്കും ഗണ്യമായ അംഗസംഖ്യയുള്ള ഇന്ത്യന്‍ കത്തോലിക്കാസഭയില്‍ നിന്ന് ആദ്യമായി കാര്‍ഡിനല്‍ പദവിയിലേക്കെത്തിയത് കാര്‍ഡിനല്‍ ടോപ്പോ ആയിരുന്നു. ആദിവാസികള്‍ക്ക് വനത്തിലും ഭൂമിയിലും ഇതര പ്രകൃതിസ്രോതസ്സുകളിലുമുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും അവരുടെ തനിമയും ചരിത്രവും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനും മുമ്പില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്ന സഭാദ്ധ്യക്ഷനായിരുന്നു അദ്ദേഹം.

തന്റെ ആദിവാസിഗ്രാമത്തില്‍ സേവനത്തിനെത്തിയ ബെല്‍ജിയന്‍ ഈശോസഭാമിഷണറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി പൗരോഹിത്യം തിരഞ്ഞെടുത്ത കാര്‍ഡിനല്‍ ടോപ്പോ 1969 ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. 1978 ല്‍ തന്റെ ജന്മഗ്രാമം ഉള്‍പ്പെടുന്ന ദുംക രൂപതയുടെ മെത്രാനായി. 1984 ല്‍ റാഞ്ചി അതിരൂപതാ ആര്‍ച്ചുബിഷപ്പായ അദ്ദേഹം 2018 ല്‍ തന്റെ എഴുപത്തൊമ്പതാം വയസ്സിലാണ് വിരമിച്ചത്. ദീര്‍ഘകാലമായി കിടപ്പുരോഗിയായിരുന്നു. സി ബി സി ഐ പ്രസിഡന്റായിരുന്നിട്ടുള്ള അദ്ദേഹം രണ്ടു തവണ ലത്തീന്‍ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷപദവിയും വഹിച്ചു. 2003 ല്‍ കാര്‍ഡിനലായ അദ്ദേഹം 2005 ല്‍ ബെനഡിക്ട് പതിനാറാമനെയും 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെയും തിരഞ്ഞെടുത്ത കോണ്‍ക്ലേവുകളില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org