കാരിത്താസ് ഇന്ത്യയ്ക്കു ഭീഷണിയാണെന്നു ഹിന്ദുത്വ സംഘടന

കാരിത്താസ് ഇന്ത്യയ്ക്കു ഭീഷണിയാണെന്നു ഹിന്ദുത്വ സംഘടന
Published on

കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ ജീവകാരുണ്യസേവനവിഭാഗമായ കാരിത്താസ് ഇന്ത്യ, ഭാരതത്തിന്റെ ദേശീയ, സാമ്പത്തിക, സാമൂഹ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്നും അതിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, ഹിന്ദുത്വ സംഘടനയായ എല്‍ ആര്‍ പി എഫ് കേന്ദ്ര ആഭ്യന്തരവകുപ്പിനെ സമീപിച്ചു. സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും വള്ളിപുള്ളി വിടാതെ പാലിച്ച്, തികച്ചും സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാരിത്താസ് എന്നും ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കാരിത്താസ് വക്താക്കള്‍ അറിയിച്ചു. വിദേശത്തു നിന്നു സംഭാവനകള്‍ സ്വീകരിക്കുന്നതിനു കാരിത്താസിനുള്ള എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കണമെന്നാണ് എല്‍ ആര്‍ പി എഫ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് ഈ ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാ രം. 2014-ല്‍ ബി ജെ പി അധികാരത്തിലെത്തിയതിനുശേഷം, നിരവധി ജീവകാരുണ്യസംഘടനകള്‍ക്ക് ഈ ലൈസന്‍സ് നിഷേധിച്ചിട്ടുണ്ട്. കര്‍ക്കശമായ പരിശോധനകളും പതിവാണ്.

കാരിത്താസിന്റെ പണം ആദിവാസികളുടെയും ദളിതരുടെയും മതംമാറ്റത്തിന് ഉപയോഗിക്കുന്നു, കാരിത്താസിന്റെ വിദേശപ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യയിലെ ധാതുസമ്പത്തിനെ പറ്റി പഠനം നടത്തുകയും ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളും എല്‍ ആര്‍ പി എഫ് ഉന്നയിച്ചു. തെറ്റിദ്ധാരണകള്‍ പരത്താനും സാമൂഹ്യസൗഹാര്‍ദം തകര്‍ക്കാനുമുള്ള നീക്കങ്ങളാണിതെന്നു കാരിത്താസ് പ്രതികരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org