സംവിധായകനും ഫുട്‌ബോളറുമുള്‍പ്പെടെ 9 പേര്‍ പാപ്പായില്‍ നിന്നു പട്ടമേല്‍ക്കുന്നു

സംവിധായകനും ഫുട്‌ബോളറുമുള്‍പ്പെടെ 9 പേര്‍ പാപ്പായില്‍ നിന്നു പട്ടമേല്‍ക്കുന്നു

ഏപ്രില്‍ 25 നു റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു പൗരോഹിത്യം സ്വീകരിക്കുന്നവരില്‍ മുന്‍ ചലച്ചിത്രസംവിധായകനും മുന്‍നിര പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ കളിക്കാരനും ഉള്‍പ്പെടുന്നു. ആകെ ഒമ്പതു പേരാണ് റോം അതിരൂപതയ്ക്കു വേണ്ടി പാപ്പായില്‍ നിന്നു പട്ടമേല്‍ക്കുന്നത്. 26 മുതല്‍ 43 വയസ്സു വരെ പ്രായമുള്ളവര്‍ ഇവരിലുണ്ട്.

28 കാരനായ സാമുവല്‍ പിയെര്‍മേരിനി ആണു ഫുട്‌ബോള്‍ കളിക്കാരനെന്ന കരിയര്‍ ഉപേക്ഷിച്ചു സെമിനാരിയില്‍ ചേര്‍ന്നത്. അണ്ടര്‍ 17 ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇറ്റലിയിലെ ഏ സീരീസ് ലീഗില്‍ കളിക്കാന്‍ ഒരു ക്ലബ് തിരഞ്ഞെടുത്തപ്പോഴാണ് 2010 ല്‍ അദ്ദേഹം തന്റെ ജീവിതലക്ഷ്യം വേറെയാണെന്ന തിരിച്ചറിവില്‍ എത്തിച്ചേരുന്നത്. 2011 ല്‍ അദ്ദേഹം റോമിലെ ദിവ്യരക്ഷകമാതാ സെമിനാരിയില്‍ ചേര്‍ന്നു. ഫുട്‌ബോള്‍ കളിക്കാന്‍ താന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് സാമുവല്‍ പറഞ്ഞു. റോമിലെ പുരോഹിതരുടെയും പുരോഹിതവിദ്യാര്‍ത്ഥികളുടെയും ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അദ്ദേഹം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. റോം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു മക്കളില്‍ ഇളയ മകനാണ് സാമുവല്‍.
നാല്‍പതുകാരനായ റിക്കാര്‍ദോ സെന്‍ഡാമോ ആണ് ചലച്ചിത്രരംഗം ഉപേക്ഷിച്ചു സെമിനാരിയില്‍ ചേര്‍ന്ന് ഇപ്പോള്‍ വൈദികനാകുന്നത്. സിനിമ വളരെ ശക്തമായ ഒരു മാധ്യമമാണെന്നും നിങ്ങള്‍ മനസ്സില്‍ സങ്കല്‍പിച്ച കഥ സ്‌ക്രീനില്‍ വിടര്‍ന്നുവരുന്നതു കാണുന്നത് അമൂല്യമായ അനുഭവമാണെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും പൗരോഹിത്യത്തിലേക്കുള്ള വിളി തനിക്കറിയാമായിരുന്നുവെ ന്നും അതു പക്വത പ്രാപിക്കുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതു പേരില്‍ ആറു പേരും ഇറ്റലിക്കാരാണ്. മൂന്നു പേര്‍ റൊമേനിയ, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നു കുടിയേറിയവരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org