നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സഭ

ഉത്തര്‍പ്രദേശിലെ എട്ടു ജില്ലകളിലായി 30 സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറികള്‍ മതപരിവര്‍ത്തനം നടത്തിയെന്ന വിശ്വഹിന്ദു പരിഷത്തിന്‍റെ ആരോപണം അസത്യമാണെന്ന് അഹമ്മദാബാദ് ബിഷപ് ഡോ. റാഫി മഞ്ഞളി പറഞ്ഞു. ഈ ആരോപണങ്ങളില്‍ ഒരു സത്യവുമില്ലെന്നും ഏതാനും ചില വര്‍ഗീയ ശക്തികള്‍ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബിഷപ് വിശദീകരിച്ചു.

മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം ആര്‍ക്കും ഉന്നയിക്കാവുന്നതാണ്. സഭ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതു തെളിയിക്കട്ടെ. അങ്ങനെ നടക്കാത്തതുകൊണ്ട് അതിനുള്ള തെളിവുകളും ഇല്ല. മതപരിവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. അതേസമയം 'ഘര്‍ വാപ്പസി' (പുനഃ പരിവര്‍ത്തനം)യുടെ പേരില്‍ ദരിദ്രരായ ആദിവാസികളെയും ദളിതരെയും അനുനയിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന പരിശ്രമങ്ങള്‍ ജാഗ്രതയോടെയാണു സഭ കാണുന്നതെന്നും വാര്‍ത്താ ഏജന്‍സിയോട് ബിഷപ് മഞ്ഞളി പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും മറ്റും ലഭിച്ച അറിവുകള്‍ വച്ചാണ് ഹിന്ദുമതത്തില്‍ നിന്നു ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ചതെന്നും അവരെ ഹൈന്ദവ മതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള കൂട്ടായ ശ്രമങ്ങള്‍ ആലോചിച്ചു വരികയാണെന്നും വിശ്വഹിന്ദു പരിഷത് നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org