തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ആരും കാണണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ആരും കാണണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും ഭീകര വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെ താലോലിച്ച് സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ട്ബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയ്യാറല്ല. ഇന്നലകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തുനേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്പുതന്നെ അപകടത്തിലാകും. രാജ്യാന്തര ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള വര്‍ഗീയ ശക്തികളിലേയ്ക്ക് നാടിന്റെ ഭരണസംവിധാനം തീറെഴുതപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടിനെ വലിയ ധ്രുവീകരണത്തിലേയ്ക്ക് തള്ളിവിടും.

രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിരം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുന്ന ഉപകരണങ്ങളായി അധഃപതിക്കാന്‍ സമുദായത്തിനെ ഇനിയും കിട്ടില്ല. മുന്നണികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമപ്പുറം സമുദായബോധവും സാമൂഹ്യപ്രതിബദ്ധതയും ജനകീയ ഇടപെടലുകളും നിസ്വാര്‍ത്ഥവും സത്യസന്ധവുമായ സേവനപാരമ്പര്യവും മാതൃകകളുമായ വ്യക്തിത്വങ്ങളെ നാടിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തനനിരതരാക്കുവാന്‍ വിശ്വാസിസമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു.

അധികാരത്തിലേറുവാന്‍ ഭീകരപ്രസ്ഥാനങ്ങളോട് കൂട്ടുചേരുന്നവരെ ക്രൈസ്തവര്‍ ശക്തമായി എതിര്‍ക്കും. മതേതരത്വം പ്രസംഗിക്കുന്നവര്‍ മത വര്‍ഗീയ ഭീകര പ്രസ്ഥാനങ്ങളുമായി തെരഞ്ഞെടുപ്പ് ഉടമ്പടിയുണ്ടാക്കുന്നത് വിരോധാഭാസമാണ്. ക്രൈസ്തവ സമുദായത്തെ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തുടച്ചുനീക്കുവാനുള്ള ആസൂത്രിത നീക്കങ്ങള്‍ അണിയറയിലൊരുങ്ങുന്നതും കേരളത്തിന്റെ സമസ്ത മേഖലകളിലും ഇക്കൂട്ടര്‍ നുഴഞ്ഞുകയറി തീവ്രവാദ അജണ്ടകളിലൂടെ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നതും വൈകിയ വേളയിലെങ്കിലും വിശ്വാസികള്‍ തിരിച്ചറിയണം. കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനം. ഭീകരതീവ്രവാദങ്ങളും അഴിമതിയും ധൂര്‍ത്തും എക്കാലവും എതിര്‍ക്കപ്പെടണം. ജനങ്ങളുടെ ജീവനും ജീവിതത്തിനും നിരന്തരമുയരുന്ന വെല്ലുവിളികളും കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളും പരിഹാരങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകണം.

സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ ക്രൈസ്തവരായ ജനപ്രതിനിധികള്‍ കാലങ്ങളായി ഒളിച്ചോട്ടം നടത്തുകയാണ്. അധികാരത്തിലേറാനുള്ള ഏണിപ്പടികള്‍ മാത്രമായി സമുദായത്തെ  കാണുകയും അതുകഴിഞ്ഞാല്‍ ഇക്കൂട്ടരുടെ പുച്ഛവും അവജ്ഞയും അവഗണനയും നിരന്തരം ആവര്‍ത്തിക്കുന്നതിനും  അവസാനമുണ്ടാകണം. തെരഞ്ഞെടുപ്പുകളിലെ സാമുദായിക നിലപാടുകളെക്കുറിച്ച് വിലയിരുത്തുവാനും പങ്കുവയ്ക്കുവാനും വിവിധ തലങ്ങളില്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org