അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 13 & 14)

അഗ്നിശലഭങ്ങള്‍  (അദ്ധ്യായം 13 & 14)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

പതിമൂന്ന്

വസ്തുതകള്‍ ഒരുപാടുണ്ടാകാം. പക്ഷേ, സത്യം ഒന്നേയുള്ളൂ – ടാഗോര്‍

അച്ചമ്മ കൈ പിടിച്ച് തന്നെ അകത്ത് കൊണ്ടിരുത്തി.
മോള്‍ക്ക് കുടിക്കാന്‍ എന്താണ് വേണ്ടത് ?
ഒന്നും വേണ്ട അച്ചമ്മേ. ആ വീട്ടിലെ കാര്യം അറിഞ്ഞിട്ട് ആലോചിക്കാം. ഇപ്പോ ഒന്നും വേണ്ട.
രാമന്‍ നായര്‍ കിതച്ചു കൊണ്ട് ഓടി വരുന്നുണ്ട്. ഇടയ്ക്ക് തോളില്‍ കിടക്കുന്ന തോര്‍ത്തുകൊണ്ട് നെറ്റിയിലെ വിയര്‍പ്പുകണ ങ്ങള്‍ ഒപ്പുന്നുണ്ട്.
എന്താ രാമന്‍നായരേ?
അച്ചമ്മേ ഹൗസ് നമ്പര്‍ 40 സാകേതത്തില്‍ ഒരു ദുര്‍മരണം സംഭവിച്ചിരിക്കു ന്നു.
അയ്യോ അയാള്‍ കെ.എസ്.ബി.യില്‍ എഞ്ചിനീയറല്ലേ.
അതെ. ഭാര്യ അദ്ധ്യാപികയുമാണ്. രണ്ട് ആണ്‍കുട്ടികളുമാണ്. മൂന്നിലും ഒന്നിലുമാണ്.
അവര്‍ക്ക് എന്താ പറ്റിയത്?
അച്ഛനും അമ്മയും ജോലിക്കു പോകേണ്ടതിനാല്‍ ഭക്ഷണമെല്ലാം റെഡിയാക്കി ടി.വി. കണ്ട് വഴക്ക് കൂടാതെ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞ് പുറത്ത് നിന്ന് വാതില് പൂട്ടിപ്പോയത്. കുട്ടികള് ടി.വി.യില്‍ ഒരു ഹിന്ദി പടം കണ്ട് രസം മൂത്തു. ആ സിനിമയില്‍ ഒരാള്‍ മറ്റൊരാളെ മുകളില്‍ കെട്ടിത്തൂക്കുന്ന രംഗമുണ്ട്.
ഉടനടി ചേട്ടന്‍ അനുജനോടു പറഞ്ഞു.
നീ ഒരു കാര്യം ചെയ്യണം, അച്ഛന്റെ മുണ്ട് എന്റെ കഴുത്തില്‍ കെട്ടണം. എന്നിട്ട് മുണ്ടിന്റെ വരാന്ത യിലുള്ള അറ്റം നീ പിടിച്ചു വലിക്കണം. ഞാന്‍ മരിക്കാന്‍ പോകുന്നതു പോലെ കാണിക്കും. ഞാന്‍ അഭിനയിക്കുന്നതാണ്. നീ ഒരിക്കലും മുണ്ടിന്റെ തല വിടരുത്. ശക്തിയായി വലിക്കണം. ഇങ്ങനെ ചേട്ടന്റെ വാക്കുകള്‍ കേട്ട് ഉണ്ണി അതുപോലെ തന്നെ പ്രവര്‍ത്തിച്ചു. അവന്റെ കൈകള്‍ മുറിഞ്ഞിട്ടും അവന്‍ പിടിവിട്ടില്ല. ചേട്ടന്റെ അഭിനയം സൂപ്പര്‍ സൂപ്പര്‍ എന്ന് അവന്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നെത്രെ.
ഈശ്വരന്മാരെ… ആ കുട്ടി.
അതെ അച്ചമ്മേ…. ചേട്ടന്‍ മരിക്കുന്നതു കണ്ടിട്ടും കുഞ്ഞല്ലേ അവന് ഒന്നും മനസ്സിലായില്ല.
മതി അച്ചമ്മേ എനിക്കു കേള്‍ക്കണ്ട, അവനി എഴുന്നേറ്റു പിടിച്ചു പിടിച്ചു മുറിയിലേക്കു നീങ്ങി.
രാമന്നായരേ, അങ്ങനെ ഒന്നാമത്തെ കുട്ടി പോയല്ലേ,… ഇളയകുട്ടീടെ കാര്യം?
അതിനെ ജൂവനൈല്‍ ഹോമിലേക്കാക്കി.
ഹൊ! അവരുടെ കാര്യം വളരെ കഷ്ടം തന്നെ. ആ അച്ഛനമ്മമാര്‍ ഇനി എന്തു ചെയ്യും ഈശ്വരാ, ഇങ്ങനെ ആരെയും വേദനിപ്പിക്കല്ലേ… (തലയ്ക്കു കൈയും കൊടുത്ത് അച്ചമ്മ അവിടെ ഇരുന്നുപോയി.)

പതിന്നാല്

പൂക്കളെ തല്ലിക്കൊഴിക്കാം. പക്ഷേ വസന്തത്തെ തടയാനാവില്ല.
– പാംബ്ലോ നെരൂദ

27-05-19

എന്റെ കണ്ണുകളിലെ തുണി അഴിച്ചപ്പോള്‍ ഒരു പുളിപ്പ്. ഇത്രയും നാള്‍ കണ്ണുമൂടിക്കെട്ടിയിരുന്നതിനാല്‍ ഒരു അസ്വസ്ഥത. ഈ ലോകത്ത് നടക്കുന്ന തെന്തൊക്കെയാണാവോ? വീണ്ടും മോടിയായി മോദി ഭരണം സമാരംഭിക്കുന്നു. ഇന്നലെ സാകേതത്തിലെ കുട്ടികളുടെ സംഭവം കേട്ടിട്ട് ഡയറി എഴുതുവാനോ ഉറങ്ങുവാനോ സാധിച്ചില്ല. കണ്ണടയ്ക്കുമ്പോള്‍ രക്ഷിക്കണേ എന്ന നിലവിളിയാണ് മുന്നില്‍! എന്തെല്ലാം ക്രൂരമായ പരീക്ഷണങ്ങളാണ് നേരിടേണ്ടി വരുന്നത്? ഓരോന്നും കേള്‍ക്കുമ്പോള്‍ തന്റേത് വളരെ നിസ്സാരമായി അനുഭവപ്പെടുന്നു. പക്ഷേ അഭിനന്ദ്, അവന്‍ ഒരു സാധുവായിരുന്നു. ഇപ്പോള്‍ എവിടെയാണാവോ? കേസ് കോടതിയിലേക്ക് പോകാത്തത് താന്‍ ഒരാള്‍ കാരണമാണ്. ഇപ്പോള്‍ എനിക്കു തോന്നുന്നു, ഇനി എന്നെപ്പോലെ ഒരു പെണ്‍കുട്ടി യും അനുഭവിക്കാനിട വരരുത്. ഉയര്‍ത്തെഴുന്നേല്ക്കണം.
മോളേ…
അച്ചമ്മയാണ്.
ദാ, വരുന്നു അച്ചമ്മേ…
മോള്‍ക്ക് ഒരു ഫോണുണ്ട്.
ആരാ അച്ചമ്മേ?
ഒരു ശീതളാണെന്നാ പറഞ്ഞേ.
ശീതളോ…
അവനി വന്നു ഫോണെടുത്തു.
ഹലോ
ഹലോ… എത്ര നേരായി ഞാന്‍ കാത്തിരിക്കുന്നു. ചക്കരേ, ഞാന്‍ മുത്താണ്.
ഉം…
എന്താ നീ ഒന്നും മിണ്ടാത്തത്?
ഞാനെന്തു മിണ്ടാനാ മുത്തേ?
ങ്ഹാ, അപ്പോ നിനക്കെന്നെ ഓര്‍മ്മയുണ്ട്.
നിന്റെ മൊബൈലില്‍ എത്ര നാളായി വിളിക്കുന്നു. നിനക്ക് ഈ മുത്തിന്റെ നമ്പര്‍ അറിയാണ്ടല്ലാല്ലെ. മനഃപൂര്‍വ്വം എടുക്കാതിരി ക്കുകയാണല്ലേ. എത്ര കഷ്ടപ്പെട്ടാണെന്നറിയാമോ ഞാനീ ലാന്‍ഡ് ഫോണി ന്റെ നമ്പര്‍ തപ്പിപ്പിടിച്ചതെന്നോ?
മുത്തേ സോറി.
പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു.
ചക്കരേ കരയല്ലേ, ഞാന്‍ എന്റെ വിഷമം കൊണ്ട് പറഞ്ഞുപോയതാ.
അവനി കരഞ്ഞുകൊണ്ട് നില്ക്കുമ്പോഴാണ് അച്ചമ്മ വന്നത്.
എന്താ മോളേ?
ഒന്നൂല്ല്യാ അച്ചമ്മേ.
അച്ചമ്മ അവളുടെ കൈയ്യില്‍നിന്നും റിസീവര്‍ വാങ്ങി.
ഹലോ… ഹലോ…
അപ്പുറത്തുനിന്നും കരച്ചില്‍ മാത്രം കേള്‍ക്കാം.
ഹലോ മോളേ, ആരാണെന്നു പറയൂ. നോക്കൂ മോളേ, അവനിക്കു ഒന്നും സംഭവിച്ചിട്ടില്ല. വിഷമിക്കാ തിരിക്കൂ, മോള് ഇങ്ങനെ സങ്കടപ്പെടാണ്ട് ഇങ്ങോട്ട് ഒരു ദിവസം വരൂ. നമുക്ക് നേരില്‍ സംസാരിക്കാല്ലോ.
വീണ്ടും അപ്പുറത്തു നിന്നും ഏങ്ങലടി ശബ്ദം കേള്‍ക്കാം.
ശരി മോളേ, അച്ചമ്മ ഫോണ്‍ കട്ടാക്കി.
സെറ്റിയില്‍ തളര്‍ന്നിരിക്കുന്ന അവനിയുടെ അടുത്തെത്തി. മെല്ലെ അവളുടെ ശിരസ്സ് അച്ചമ്മ തന്റെ ചുമലിലേക്കു ചായ്ച്ചു. നോക്കൂ മോളേ, അതാരായിരുന്നു.
മുത്താണ് അച്ചമ്മേ.
ങ്ഹാ മോളേ, നീ ഇങ്ങനെ കരയാതെ. എല്ലാറ്റിനും പരിഹാരം ഉണ്ടല്ലോ. വാ മോളേ… എന്തേലും കഴിക്കാം. അച്ചമ്മ നല്ല ചൂടു ദോശ ഉണ്ടാക്കിത്തരാം.
അച്ചമ്മ പിടിച്ച പിടിയാലെ അവനിയെ പിടിച്ച് എഴുന്നേല്പിച്ച് കൊണ്ടു പോയി. പൈപ്പിനു മുന്നില്‍ കൊണ്ടുനിര്‍ത്തി കൈക്കു മ്പിളില്‍ വെള്ളമെടുത്ത് അവളുടെ മുഖം കഴുകി ക്കൊടുത്തു. പിന്നെ നിര്‍ബന്ധപൂര്‍വ്വം കൈ പിടിച്ച് മേശക്കരികില്‍ കസേര വലിച്ചിട്ട് ഇരുത്തി. അച്ചമ്മയുടെ സ്‌നേഹം അവളെ എപ്പോഴും എല്ലാ സങ്കടങ്ങളില്‍നിന്നും തിരിച്ചുകൊണ്ടു വരാറുണ്ടല്ലോ
അവനി ശാന്തയായി മെല്ലെ ദോശ തിന്നുവാന്‍ തുടങ്ങി.
മോളേ കണ്ണിനു സുഖം തന്നെയല്ലേ?
ഉവ്വ് അച്ചമ്മേ. നല്ല സുഖം തോന്നുന്നുണ്ട്. ഇനി നമുക്ക് ചുണ്ടും കൂടി ശരിയാക്കണം. പ്ലാസ്റ്റിക് സര്‍ജറിക്കുവേണ്ട കാര്യങ്ങള്‍ അച്ചമ്മ ശരിയാക്കിയിട്ടുണ്ട്.
നമുക്ക് ഇങ്ങനെ ഇരുന്നാ പോരാ, ഇനിയും പഠിക്കണം. ന്റെ മോള്‍ ഒരു ഡോക്ടറായി കാണണം എന്നത് അച്ചമ്മേടെ വലിയ ആഗ്രഹമാണ്.
ഇടതുകൈകൊണ്ട് കണ്ണുതുടച്ച് അവനി ഒരു പുഞ്ചിരി വരുത്തി.
അച്ചമ്മ പറയൂ, ഞാന്‍ അതുപോലെ ചെയ്യാം.
ഞാന്‍ പറഞ്ഞു വരുന്നത്…
അച്ചമ്മ എന്തു പറഞ്ഞാലും ഞാന്‍ അതു ചെയ്യാറില്ലേ?
ഇല്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ
പിന്നെന്താ അച്ചമ്മയ്ക്കു പറയാനൊരു വിഷമം.
അങ്ങനെയല്ല മോളേ, നമ്മുടെ കേസിന്റെ കാര്യം…
അച്ചമ്മേ, കോടതിയില്‍ ഞാന്‍ അപമാനിക്കപ്പെടുകയില്ലേ?
ഇല്ല മോളേ, നിന്നെപ്പോലെ വേദന അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ നിനക്കു നീതി ലഭിച്ചാല്‍ ഇത്തരത്തിലുള്ള ക്രൂരതകള്‍ക്കു അന്ത്യമുണ്ടാകും. കുറ്റവാളി ശിക്ഷിക്കപ്പെടണം.
ഇല്ല അച്ചമ്മേ, പണവും സ്വാധീനവും ഉണ്ടെങ്കില്‍ ആര്‍ക്കും വിജയിക്കാവുന്ന കാലമാണിത്.
നോക്കൂ മോളേ, നമുക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ എല്ലാം നടക്കും. നിന്റെ മനസ്സിനെ ശക്തിപ്പെടുത്തണം. ഇന്നലെകളിലെ നല്ല ഓര്‍മ്മകളെ മാത്രം ചേര്‍ ത്തു പിടിക്കണം. നല്ലതല്ലാ ത്തവ ദൂരെയകറ്റണം.
പറയുവാന്‍ എളുപ്പ മാണ്. പക്ഷേ അച്ചമ്മേ, മുഖം വികൃതമായ എന്നെ കോടതിയില്‍ വെച്ചെല്ലാ വരും…
ഇല്ല മോളേ, ആരും നിന്നെ ഒന്നും പറയില്ല. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ നാപ്പാം ബോംബ് വീണ് ശരീരം ആസകലം പൊള്ളലേറ്റ് ഹൈവേയിലൂടെ നഗ്നയായി ഓടുന്ന 9 വയസ്സു കാരിയുടെ ചിത്രം നീ കണ്ടിട്ടില്ലേ മോളേ?
ഉവ്വ് അച്ചമ്മേ, പക്ഷേ അവരെക്കുറിച്ച് എനിക്ക് അറിയില്ല.
വലിയ തോതില്‍ പൊള്ളലേറ്റ അവള്‍ വളര്‍ന്നപ്പോള്‍ നഗ്നയായ പെണ്‍കുട്ടി എന്നു പറഞ്ഞ് കോളേജില്‍നിന്നും പുറത്താക്കി. ജീവിതം ആ ഫോട്ടോയിലൂടെ നഷ്ടപ്പെട്ടുതുടങ്ങി. അവളുടെ ശാരീരികപ്രശ്‌നങ്ങള്‍ മാനസികപ്രശ്‌നങ്ങളായി ത്തുടങ്ങി. ബൈബിള്‍ വായനയിലൂടെ അവള്‍ ജീവിതത്തിനു ഒരു ലക്ഷ്യം കണ്ടെത്തി. ഇപ്പോള്‍ പ്രതിസന്ധി തരണം ചെയ്ത് വിവാഹം കഴിഞ്ഞ് നല്ല രീതിയില്‍ ജീവിക്കുന്നു. മോളേ, എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കാന്‍ കഴിയണം. നമ്മുടെ ജീവിതത്തില്‍ ഈശ്വരന്‍ അറിയാതെ ഒന്നും സംഭവിക്കില്ല. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ തെറ്റ് ആവര്‍ത്തിക്കപ്പെട്ടു കൊ ണ്ടിരിക്കും.
അച്ചമ്മയുടെ വാക്കുകള്‍ അവളുടെ മനസ്സില്‍ ഒരു ചോദ്യചിഹ്നമായി.
ഇനിയെന്ത്?
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org