Latest News
|^| Home -> Novel -> Novel -> അഗ്നിശലഭങ്ങള്‍ -> അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 15 & 16)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 15 & 16)

Sathyadeepam

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്


പതിനഞ്ച്

ക്ഷമയുടെ ഉദാത്തരൂപമാണ് സഹനം
– തോമസ് കാര്‍ലൈല്‍

28-02-2020

അച്ചമ്മയുടെ വാക്കുകള്‍ എന്റെ മനസ്സില്‍ ഒരു നീറ്റലായി. കണ്ണടയ്ക്കുമ്പോള്‍ താനീ മുഖവുമായി കോടതിയിലെ പ്രതിക്കൂട്ടില്‍ നില്ക്കുകയാണ്. കുറേപ്പേര്‍ സഹതാപത്തോടെ നോക്കുന്നു. ചിലരുടെ മുഖത്ത് പരിഹാസമാണ്. അച്ചമ്മയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതിരിക്കാന്‍ തനിക്കു സാധിക്കുമോ? ഒരു കാരണവശാലും ജിത്ത് രക്ഷപ്പെടരുത്. പെണ്‍കുട്ടികളുടെ മാനത്തിനു വിലയിട്ട്, തേന്‍ പുരട്ടിയ വാക്കുകളുപയോഗിച്ച് വശീകരിക്കാന്‍ ശ്രമിച്ച് കിട്ടാതെ വരുമ്പോള്‍ അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന അവന്‍ രക്ഷപ്പെടരുത്. താന്‍ ഒതുങ്ങിയിരുന്നാല്‍ അത് അവന്റെ വിജയമായി രിക്കും. പാവം അഭിനന്ദ്. അന്ന് അവന്റെ നേരെ ഒരായിരം വിരലുകള്‍ നീളുന്നുണ്ടായിരുന്നു. ഞാനല്ല… ഞാനല്ല… എന്നാവര്‍ത്തിച്ചുള്ള പൊട്ടിക്കരച്ചില്‍ മറക്കാനാകുന്നില്ല. അതെ കേസ് മുന്നോട്ടു പോകട്ടെ. ഉറച്ച തീരുമാനം ഡയറി എഴുത്ത് കഴിഞ്ഞപ്പോള്‍ത്തന്നെ സുഖസുഷുപ്തിയിലേക്ക് അവനിയെ നയിച്ചു.
അച്ചമ്മ വച്ച അലാറാം നീട്ടിയടിക്കുന്നുണ്ട്. കണ്ണു തുറന്നിട്ട് കിട്ടുന്നില്ല. അച്ചമ്മ എഴുന്നേറ്റു.
ഇങ്ങനെ മടിപിടിച്ച് കിടക്കാതെ എഴുന്നേറ്റ് സഹസ്രനാമം ചൊല്ലി പ്രാര്‍ത്ഥിക്കൂ മോളേ.
ദാ എഴുന്നേല്ക്കുന്നു അച്ചമ്മേ.
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് അച്ചമ്മ പറഞ്ഞ പോലെ സഹസ്രനാമം ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. എട്ടരയാകാന്‍ തുടങ്ങി. അപ്പോഴാണ് ഒരു കോളിങ് ബെല്‍. അച്ചമ്മ യുടെ വിളിയും കേട്ടു.
എന്താണാവോ എന്ന ചിന്തയില്‍ അവള്‍ മെല്ലെ എഴുന്നേറ്റു.
മോളേ, ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിക്കേ.
ആരാ അച്ചമ്മേ?
അതിഥിയെ കണ്ട് അവനി സ്തംഭിച്ചുനിന്നു പോയി.
കുറച്ചു നിമിഷങ്ങള്‍ രണ്ടുപേരും പരസ്പരം നോക്കിനിന്നു. പെട്ടന്ന് ശീതള്‍ ഓടിവന്ന് അവനിയെ കെട്ടിപ്പിടിച്ചു. കരയുന്നതോടൊപ്പം എന്റെ മുത്തേ…. ചക്കരേ…. എന്നിങ്ങനെയുള്ള മന്ത്രണങ്ങള്‍ കേള്‍ക്കാമായിരുന്നു.
ഇതാപ്പോ നന്നായത്. എന്താ കുട്ട്യോളേ, ഇത് ഇങ്ങനെ സങ്കടപ്പെടാന്‍ എന്താ ഉണ്ടായത്? നിങ്ങള് ഇവിടെ വന്നിരിക്ക് കുട്ട്യോളേ.
അച്ചമ്മ രണ്ടുപേരേയും പിടിച്ച് സെറ്റിയിലേക്കിരുത്തി.
എനിക്കൊന്നൂല്ല്യാ മുത്തേ…
എന്നെ ഒന്നു വിളിക്കാന്‍ പോലും നിനക്ക് കഴിഞ്ഞില്ലല്ലോ.
എനിക്കറിയില്ല. ഈ മുഖവും കൊണ്ട് പുറത്തേ ക്കിറങ്ങാന്‍ മടിയായിരുന്നു. കവിളിലെ തൊലി ഉരുകി ഒലിച്ച് ചുണ്ടിന്റെ ഒരു വശത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയില്‍ ആദ്യം സംസാരിക്കാന്‍തന്നെ ബുദ്ധിമുട്ടായിരുന്നു. സംസാരിക്കുമ്പോള്‍ വലി ഞ്ഞുമുറുകുന്നതുപോലെ… സ്ഥിരമായ വ്യായാമമുറകളിലൂടെയാണ് നന്നായി സംസാരിക്കാന്‍ സാധിച്ചു തുടങ്ങിയത്?
കണ്ണിന്റെ വേദന എങ്ങനെയുണ്ട്?
ഒരു പുതിയ ചികിത്സാ രീതി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
അതെന്താ?
അച്ചമ്മ സംഭാരവുമായി കടന്നുവന്നു.
മോളേ, ഇതു കുടിച്ചിട്ടാകാം അടുത്ത വര്‍ത്തമാനം.
കണ്ണു ചികിത്സയുടെ കാര്യം? ശീതള്‍ ആകാംക്ഷയോടെ ചോദിച്ചു.
തര്‍പ്പണം എന്ന ചികിത്സാരീതിയാണ്.
എവിടെയാ സ്ഥലം?
വലപ്പാട്.
തൃപ്രയാര്‍ ക്ഷേത്രത്തി നടുത്താണോ?
ങ്ഹാ. അവിടെനിന്ന് കുറച്ചുകൂടി പോകണം.
കണ്ണിന്റെ ചികിത്സയെക്കുറിച്ച് വിശദമായി അവനി വിവരിച്ചു കൊടുത്തു.
ഇപ്പോ എങ്ങനെയുണ്ട്?
കുറേയൊക്കെ മാറി എന്നു പറയാം. രണ്ടുകൊല്ലം കൂടി ഈ ചികിത്സ തുടരേണ്ടി വരും.
ഇനി ചുണ്ടു കൂടി ശരിയാക്കണം.
എന്തിനാ എല്ലാം എന്ന ചിന്തയാ ചിലപ്പോള്‍ മുത്തേ…
അങ്ങനെ പറയല്ലേ ചക്കരേ… നീ തിരിച്ചു വരണം. ഞങ്ങളെല്ലാം നിന്നെ കാത്തിരിക്കുകയാണ്. ജിത്ത് വിജയശ്രീലാളിതനായി തന്റെ പരാക്രമങ്ങള്‍ തുടരുന്നു. അവനെ അങ്ങനെ വെറുതെ വിട്ടുകൂടാ. കേസു തുടരണം. നിന്റെ മനസ്സ് ശക്തി പ്രാപിച്ചാലേ എല്ലാം നടക്കൂ. ഇപ്പോ നിനക്ക് നന്നായി സംസാരിക്കാന്‍ കഴിയുന്നുണ്ടല്ലോ.
ഉം. അഭിനന്ദ്?
കുറച്ചുനാള്‍ സസ്‌പെന്‍ ഷനിലായിരുന്നു. താന്‍ കുറ്റവാളിയല്ലയെന്ന് അവന്‍ ആവര്‍ത്തിച്ചു പറഞ്ഞിരു ന്നു. എങ്കിലും തെളിവുക ളെല്ലാം അവനെതിരാണ്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ക്ലാസ്സിലേക്ക് വന്നുതുടങ്ങി യെങ്കിലും അവന്റെ മുഖത്ത് എപ്പോഴും സങ്കടമാണ്. വിഷാദരോഗത്തിനടിമപ്പെട്ട വരെപ്പോലെയാണ്. അതു കൊണ്ടുതന്നെ കഴിഞ്ഞ പരീക്ഷയില്‍ അവനെല്ലാ പേപ്പറുകളും കിട്ടിയിട്ടില്ല.
അയ്യോ, പാവം.
അച്ചമ്മയുടെ മുഖത്ത് സങ്കടം.
മോളേ, നമ്മളു കാരണം ആരും വേദനിക്കരുത്. നമുക്ക് കേസ് മുന്നോട്ടു കൊണ്ടുപോകാം.
അതു ശരിയാണ് ചക്കരേ, നിന്റെ അഭിപ്രായം എന്താണ്?
എനിക്ക് തനിച്ച് ഒരഭിപ്രായവുമില്ല. എല്ലാം അച്ചമ്മയുടെ ഇഷ്ടം.
കോടതിയില്‍ വിചാരിച്ച പോലെ എനിക്ക് പിടിച്ച് നില്ക്കുവാന്‍ സാധിക്കുമോ എന്നാണ് പേടി.
ഈശ്വരന്മാര് നമ്മെ കൈവിടില്ല കുട്ടീ.
ഇരുന്ന് വര്‍ത്തമാനം പറഞ്ഞ് നേരം പോയതറിഞ്ഞില്ല. സമയം പന്ത്രണ്ടാകാന്‍ പോകുന്നു.
അയ്യോ എനിക്ക് പോണം. മുത്ത് ചാടിയെഴുന്നേറ്റു.
ചക്കര വേഗം അവളുടെ കൈയ്യില്‍ കയറിപ്പിടിച്ചു.
അങ്ങനെ പോകാന്‍ വരട്ടെ. വീട്ടിലേക്കു ഞാന്‍ വിളിക്കാം. ഊണു കഴിഞ്ഞിട്ടേ വിടുന്നുള്ളൂന്ന് ആന്റിയോടു പറയാം.
പിന്നെ ഒരു ദിവസം വരാം ചക്കരേ.
എന്നാപ്പിന്നെ നിന്റെ ഇഷ്ടംപോലെ. ഇനി ഞാനൊന്നും പറയില്ല.
പിണങ്ങിനിന്ന ചക്കരയെ കെട്ടിപ്പിടിച്ച് മുത്ത് പറഞ്ഞു, ഞാന്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞേ പോകുന്നുള്ളൂ. പോരെ?
രണ്ടുപേരും പൊട്ടിച്ചിരി ച്ചു.
ഭക്ഷണം കഴിക്കുമ്പോഴാണ് അച്ചമ്മ ആഗ്ര യാത്രയുടെ വിശേഷം പറഞ്ഞത്.
എന്റെ ചക്കരേ, നിന്റെ ഭാഗ്യം. മുത്ത് പറഞ്ഞു.
അതെയതെ. എല്ലാം അച്ചമ്മയുടെ ഇഷ്ടമായിരുന്നു.
എവിടെ നിന്നാണ് അച്ചമ്മേ, ഫ്‌ളൈറ്റ് കയറിയത്?
നെടുമ്പാശ്ശേരിയില്‍ നിന്നും ആഗ്രയിലേക്ക്
ഹായ് അവനിയുടെ ഭാഗ്യം.
ഒത്തിരി പണം ചെലവാക്കി അച്ചമ്മ എന്നെ സന്തോഷിപ്പിക്കുന്നതാണ് മുത്തേ.
പണം കെട്ടിപ്പിടിച്ചിരുന്നാ സന്തോഷം ഉണ്ടാകുമോ? ഇത് അത്രയധികം ചെലവൊന്നുമല്ല.
ഉവ്വ, ഉവ്വ.
ഫ്‌ളൈറ്റിനു തന്നെ എത്രയാ ചെലവ്?
അത്രയധികമൊന്നുമില്ല 8,968 രൂപ. പക്ഷേ അവിടെ പോയാല്‍ ലഭിക്കുന്ന എനര്‍ജി ഒന്നു വേറെത്തന്നെയാണ്. മോള്‍ക്കൊരു സന്തോഷത്തിനും വേറിട്ട ചിന്തകള്‍ക്കും വേണ്ടി പോയതാണ്.
അതൊരു നല്ല കാര്യമാണ് അച്ചമ്മേ. ഇവിടെ പണ മൊന്നും നോക്കണ്ട.
ഹാ, മുത്തിനു വിവരമുണ്ട്.
എയര്‍ ഇന്ത്യയിലാണോ പോയത്?
അതിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.
ഇതുകണ്ടോ മോളേ, എന്നെ കളിയാക്കുമ്പോള്‍ ഇവള്‍ക്ക് നൂറ് നാവാണ്.
ഈ തമാശ കേട്ടാല്‍ ചിരിക്കാത്തവരും ചിരിക്കും.
അത്ര വലിയ തമാശ യൊന്നുമല്ലാ മുത്തേ, കേട്ടു നോക്കൂ.
ങ്ഹാ പറയൂ ചക്കരേ, ഞാനുമൊന്ന് ചിരിക്കട്ടെ.
എന്റെ മോളേ, ഫ്‌ളൈറ്റില്‍ കയറിയിട്ട് വെറുതെ ഇരിക്കാതെ അവിടെയുമിവിടെയും പരതി നടക്കുകയായിരുന്നു അച്ചമ്മ. സീറ്റുബെല്‍റ്റു മുറുക്കാതെ പരപരാന്ന് നടക്കുന്ന അച്ചമ്മ ബാത്ത് റൂമില്‍ കയറിയതാണ്. അവിടെ ചുറ്റിലും കണ്ണാടി യായിരുന്നു. അതോടെ അച്ചമ്മയ്ക്ക് ആകെ ചമ്മലായി. വെപ്രാളവും കൂടിയായപ്പോള്‍ അച്ചമ്മ കൈയ്യിലെ ബാഗ് ബാത്ത് റൂമിലെ ഒരു സൈഡില്‍ വച്ചതായിരുന്നു. അതു പെട്ടന്നു ഉള്ളിലേക്കുപോയി. അതൊരു ആധുനിക വേയ്‌സ്റ്റ് ബാസ്‌ക്കറ്റായിരു ന്നു. ബാഗിന്റെ വള്ളി കൈയ്യിലുള്ളതു കൊണ്ട് രക്ഷപ്പെട്ടു.
മുത്ത് പൊട്ടിചിരിക്കാന്‍ തുടങ്ങി.
അതുമിതും പറഞ്ഞിരി ക്കാതെ അവിടുത്തെ കാഴ്ചകളെക്കുറിച്ച് പറഞ്ഞെങ്കില്‍ എന്തുപകാര മായിരുന്നു, അച്ചമ്മ ഗൗരവ ത്തിലായി.
അതുശരിയാണ്. മുത്തേ അവിടെ കാണണ്ട കാഴ്ച കളാണ് കേട്ടോ.
താജ്മഹലല്ലേ അവിടുത്തെ പ്രധാന കേന്ദ്രം?
ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകുടീരമായ താജ്മഹല്‍ പ്രധാന കേന്ദ്രമാണ്. അതുമാത്രമല്ല, അവിടെ വേറൊരു പ്രത്യേകത കൂടിയുണ്ട്. ആസിഡ് അറ്റാക്കിനു ഇരയായ അഞ്ചു സ്ത്രീകള്‍ ചേര്‍ന്ന് ഒരു കഫേ നടത്തുന്നുണ്ട്. കേഫ് ഷീറോസ് ഹാങ് ഔട്ട്. അതൊരു സംഭവമാണ്.
അതെന്താ?
രൂപാ, നീതു, ഡോളി, റിതു, ഗീത ഇവര്‍ അഞ്ചു പേരുംകൂടിയാണ് കട തുടങ്ങിയത്. താജ്മഹലിന്റെ തൊട്ട് അടുത്ത് തന്നെയാണ് ഈ കട. അതിനാല്‍ കുറേ വിനോദസഞ്ചാരികള്‍ ഈ കടയിലേക്ക് കടന്നു വരുന്നുണ്ട്.
ഇപ്പോള്‍ ആ അഞ്ചുപേരുടെകൂടെ വേറെ കുട്ടികളും ചേര്‍ന്നിട്ടുണ്ട്.
അതെന്തിനാ?
അവരും ആസിഡ് ആക്രമണത്തിന് ഇരയായവരാണ്. ജീവിതം വഴിമുട്ടിപ്പോയി എന്നു കരുതി വേദനിക്കുന്നവര്‍ക്ക് ഒരു ഉണര്‍വ്വ് പകര്‍ന്നുകൊടുക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. യഥാര്‍ത്ഥ സന്തോഷം അവിടെച്ചെന്നാല്‍ നമുക്ക് കാണാം.
ഇങ്ങനെ ഓരോന്നു പറഞ്ഞു രസിക്കുമ്പോഴും അച്ചമ്മയുടെ മനസ്സില്‍ ഒരു തീഗോളം ഉരുണ്ടു നടക്കുകയാണ്. കേസ് മുന്നോട്ടു പോകുമോ?

പതിനാറ്

മുറിവേറ്റ മാനങ്ങള്‍ ഉയരങ്ങള്‍ താണ്ടും
– എമിലി ഡീക്കന്‍സ്

29-02-2020

ഇന്നലെ മുത്ത് വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ത്തിന്റെ സുദിനമായിരുന്നു. അവള്‍ എന്റെ സുഹൃത്താ ണ്. വിശ്വസ്തയായ സുഹൃത്ത്. എന്റെ കൂടപിറ പ്പാണവള്‍. എന്റെ സ്വന്തം. ഇത്രനാള്‍ ഞാനവളെ ഓര്‍ക്കാഞ്ഞിട്ടില്ല. മനഃപൂര്‍ വ്വം അകന്നുനിന്നതാണ്. എന്റെ അവസ്ഥ അവളെ സങ്കടപ്പെടുത്തുകയേയുള്ളൂ. ഇപ്പോ അവള്‍ എനിക്ക് ശക്തിയായി. കേസ് തുടരണമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. ജിത്തിനെ വെറുതെ വിട്ടുകൂടാ…. സത്യം തെളിഞ്ഞാല്‍ അഭിനന്ദ് പഴയ പ്രസരിപ്പി ലേക്ക് മടങ്ങിവരും. എന്നെ പ്പോലെ ഇനി ആരും വേദനിക്കരുത്. ഇങ്ങനെ യൊക്കെ പറഞ്ഞാലും എന്റെ വൈരൂപ്യം എന്നെ വേദനിപ്പിക്കുന്നു. എനിക്കു തന്നെ എന്നെ ഇഷ്ടപ്പെടാ നാവുന്നില്ല. ഈശ്വരാ…. ഇനി എന്തു ചെയ്യും? വലിയൊരു ചോദ്യചിഹ്നം അവശേഷിക്കുന്നു.
ഡയറി എഴുത്ത് നിര്‍ ത്തി അവനി കണ്ണാടിയുടെ മുമ്പിലേക്കു പോയി. കറുത്ത കവര്‍ ഇട്ട് ചുറ്റും സ്റ്റിക്കര്‍ ഒട്ടിച്ചുമൂടിയിരിക്കുന്ന അലമാരയിലെ കവര്‍ കീറിമാറ്റി. ഒരു മൂലയില്‍നിന്നും കവര്‍ മാറുമ്പോള്‍ എന്റെ മുഖം കണ്ണാടിയില്‍ പ്രതിബിംബിക്കുവാന്‍ തുടങ്ങി. നെറ്റിയില്‍ അവിടവിടെ പാണ്ടുപിടിച്ചപോലെ കാണപ്പെടുന്നുണ്ട്. താടിയുടെ ഒരു വശത്തും പ്രത്യേകനിറം കാണപ്പെടു ന്നുണ്ട്. ചുണ്ടിന്റെ ഒരു വശം കാണുമ്പോള്‍ ഒരസ്വ സ്ഥത. ആഗ്രയില്‍ കണ്ടവരെപ്പറ്റി ഓര്‍ത്താല്‍ ഇത് അധികമൊന്നുമില്ല. അച്ചമ്മ പറഞ്ഞതുപോലെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യണം. അതിന് അധികം ചെലവു വരികയില്ല എന്നല്ലേ അച്ചമ്മ പറഞ്ഞത്. കണ്ണാടിയില്‍ നോക്കി ചെറിയ കുട്ടികളുടേതുപോലെ ഗോഷ്ടി കാണിക്കുവാനാണ് തോന്നിയത്. അതുകണ്ടു കൊണ്ടാണ് അച്ചമ്മ കടന്നു വന്നത്.
രാവിലെത്തന്നെ ഇതെന്തു കലാപരിപാടി യാണ് കുട്ട്യേ… കാണാന്‍ നല്ല ചേല്.
അവനിക്കു നാണമായി.
അയ്യോ, അച്ചമ്മ കണ്ടൂല്ലേ…
ഹേയ്, ഞാന്‍ ഒന്നും കണ്ടിട്ടില്ല. ഇന്ന് കാപ്പിയൊ ന്നും വേണ്ടേ?
ദാ… ഞാന്‍ വരുന്നു.
ഇന്നൊരു യാത്രയുണ്ട് കുട്ട്യേ. കാപ്പി കുടിച്ചു കഴിഞ്ഞിട്ടുവേണം. വേഗം വരാ…
എങ്ങോട്ടാ അച്ചമ്മേ?
അതൊക്കെയുണ്ട് കുട്ടി റെഡിയായി വരാ… എന്നിട്ടു വേണം… എല്ലാം സസ്‌പെന്‍സാ…
അഡ്വ. വേദ. എല്‍.എല്‍.എം ഒക്കെ പാസ്സായതാണ്. അവര്‍ ഏറ്റെടുത്ത ഒരു കേസും പരാജയപ്പെട്ടിട്ടില്ല.
നമ്മള്‍ അങ്ങോട്ടാണ് പോകുന്നത് അല്ലേ.
അതെ. ഒരുമാസം മുമ്പ് ബുക്ക് ചെയ്തതാണ്.
നമുക്ക് പോകാം അച്ചമ്മേ,
അവര്‍ വിവാഹം കഴിച്ചിട്ടില്ല. അമ്മയോടുകൂടെ താമസിക്കുന്നു.
അവരുടെ അച്ഛന്‍?
അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതാണ്. അമ്മയാണ് അവരെ വളര്‍ത്തി വലുതാക്കിയത്. അതുകൊണ്ടായിരിക്കും അവര്‍ ജീവിതത്തെ മുഴുവനും അമ്മയ്ക്കുവേണ്ടി മാറ്റിവച്ചത്.
അതു ശരിയായിരിക്കാം.
മോളിനി സമയം കളയണ്ട. ആ ഭക്ഷണം മുഴുവന്‍ കഴിക്ക്. ശിവയോടു വരാന്‍ പറഞ്ഞിട്ടുണ്ട്. പത്തുമണിക്കുമുമ്പ് അങ്ങെത്തണം.
ആ പ്രതിക്കൂട്ടില്‍ കയറുന്ന കാര്യം ഓര്‍ക്കുമ്പോള്‍ മാത്രമാ അച്ചമ്മേ എനിക്കു വിഷമം.
അതൊന്നും മോള് ഇപ്പം ഓര്‍ക്കണ്ട. പ്രതിക്കൂട്ടില്‍ നിന്ന് പരാജയപ്പെട്ടല്ല നാം പുറത്തേക്കിറങ്ങുക, വിജയ ശ്രീലാളിതരായിട്ടായിരി ക്കും.
എല്ലാം ഈശ്വരനിശ്ചയം. അല്ലേ, അച്ചമ്മേ.
ങ്ഹാ… അതെയതെ…
അതെയതെ എന്നു പറയുമ്പോഴും അച്ചമ്മയുടെ മനസ്സില്‍ നിറയെ ചോദ്യങ്ങളായിരുന്നു. അഡ്വ. വേദ കേസ് വിജയിക്കുമോ? വക്രബുദ്ധിയുള്ള ജിത്തിനെ പരാജയപ്പെടുത്താന്‍ സാധി ക്കുമോ? അവനിയുടെ എം.ബി.ബി.എസ്സ്. പഠനം തുടരാനാകുമോ?

(തുടരും)

Leave a Comment

*
*