Latest News
|^| Home -> Novel -> Novel -> അഗ്നിശലഭങ്ങള്‍ -> അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 19)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 19)

Sathyadeepam

പത്തൊമ്പത്

വികാരം വിചാരത്തെയും വിചാരം വാക്കുകളെയും കണ്ടെത്തുമ്പോള്‍ അവിടെ കവിത ജനിക്കുന്നു. – റോബര്‍ട്ട് ഫ്രോസ്റ്റ്

05-03-2020

ഇന്നലെ എന്റെ മനസ്സിനെ ശക്തിപ്പെടുത്തിയ നല്ലൊരു ദിനമായിരുന്നു. ഉയരെ എന്റെ മനസ്സിനെ ഉയരങ്ങളിലെത്തിച്ചു. അത്ര നല്ല അനുഭവമായിരുന്നു അതു സമ്മാനിച്ചത്. ഞാന്‍ ഞാനായിട്ടു ജീവിക്കണം. എന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കണം. ജിത്തിനെ കീഴ്‌പ്പെ ടുത്തണം. നീതിയും ന്യായവും എന്തുവില കൊടുത്തും നേടണം. തുടര്‍ന്ന് പഠിക്കണം. ഒരു പോലീസ് സര്‍ജനായിത്തീരണം. അച്ചമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം. അതു നടക്കും. അച്ചമ്മയോടു പറയണം. അഭിനന്ദ് പാവം. താന്‍ തിരിച്ചു പഠിക്കാന്‍ ചെന്നാല്‍ മാത്രമേ ചെയ്യാത്ത കുറ്റത്തിന്റെ കുറ്റബോധത്തില്‍ നിന്നും അവന്‍ വിമുക്തനാകൂ. താന്‍ തിരിച്ചു ചെല്ലും. ഇന്നാണ് ഗ്രാഫ്റ്റിംഗിന്റെ ദിവസം. എല്ലാം നന്നായി നടന്നാല്‍ മതിയായിരുന്നു. ഈശ്വരന്മാര് കൂടെയുണ്ടെന്ന വിശ്വാസ ത്തിലാണ് തന്റെ മുന്നേറ്റം. ശക്തി തരണമേ.
മോളേ, എന്താ ഇരുന്ന് ആലോചിക്കുന്നത്. കാലത്തുതന്നെ അഡ്മിറ്റാകുവാനാണ് പറഞ്ഞിരിക്കുന്നത്.
എല്ലാം ഒരു പരീക്ഷണം. അല്ലേ അച്ചമ്മേ,
അല്ല മോളേ, ഇത് വിജയിക്കും. ഇതുകൂടി ചെയ്തു കഴിഞ്ഞാല്‍ നിനക്ക് വലിയ ശക്തി ലഭിക്കും. പിന്നെ മുഖത്ത് മാംസം ഉരുകി ചുണ്ടിന്റെ വശത്തു ഉരുണ്ടുകൂടിയിരിക്കുന്ന വൃത്തികേട് മാഞ്ഞുപോകും. കവിളിലെ ചാലു പോലെ കുഴിഞ്ഞ ഭാഗം ഗ്രാഫ്റ്റിംഗിലൂടെ ശരിയാക്കാനും സാധിക്കും. അതോടെ എന്റെ മോളുടെ മുഖം സൗന്ദര്യം ഉള്ളതാകും.
അച്ചമ്മ എന്നെ ആശ്വസിപ്പിക്കണ്ട. മുഖത്ത് അവിടവിടെ കാണുന്ന വെള്ള നിറം മാറില്ലല്ലോ.
അതു മോളേ…
അച്ചമ്മയെ വിഷമിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. ഇപ്പോ എനിക്ക് എന്നെത്തന്നെ അംഗീകരിക്കാന്‍ സാധിക്കുന്നുണ്ട്. അതു കൊണ്ട് ഇനി ഒന്നും മാറിയില്ലെങ്കിലും എനിക്ക് വിഷമമില്ല. മുമ്പ് പത്രത്താളുകളില്‍ നിപ്പ ബാധിച്ച് മരണമടഞ്ഞവരുടെ വിവര ങ്ങള്‍ അച്ചമ്മ വായിച്ചിട്ടില്ലേ.
ഉവ്വ്, മോളേ.
അന്ന് ഞാനും വിചാരിച്ചു. അവരിലൊരാളായിത്തീര്‍ന്നെങ്കില്‍ എന്ന്.
മോളേ….
അച്ചമ്മ നടുങ്ങിപ്പോയി.
പിന്നെ ഈ അച്ചമ്മയ്ക്കാരുണ്ട്?
അങ്ങനെ ചിന്തിച്ചുപോയി അച്ചമ്മേ,
അവള്‍ അച്ചമ്മയെ കെട്ടിപ്പിടിച്ചു.
അച്ചമ്മേ കരയല്ലെ. എന്നോടു ക്ഷമിക്കണം. ഇനി ഞാന്‍ ചെയ്യില്ല.
ഈ അച്ചമ്മയ്ക്കു മോള്‍ വാക്കു തരണം. കളിയായിപ്പോലും ഇനി അങ്ങനെ പറയില്ലെന്ന്.
ഇല്ല അച്ചമ്മേ, സത്യം. ഞാന്‍ പറഞ്ഞില്ലേ ഇനി ഞാനങ്ങനെ ചിന്തിക്കുക പോലുമില്ല. ഞാന്‍ എന്നെ ആയിരിക്കുന്ന അവസ്ഥ യില്‍ അംഗീകരിച്ചു കഴിഞ്ഞു.
അച്ചമ്മേ… അച്ചമ്മേ…
ങ്ഹാ, രാമന്നായര് വന്നൂല്ലേ.
ശിവയും എത്തിയിട്ടുണ്ട്. അച്ചമ്മേ വണ്ടി റെഡി. അച്ചമ്മയും അവനി മോളും റെഡിയായില്ലേ?
ഉവ്വ്, ഒരു പത്തു മിനിറ്റു കൂടി. ഞങ്ങള്‍ റെഡി. വേഗം എല്ലാം റെഡിയായി. പ്രഭാതഭക്ഷണം കഴിച്ചു. ഇറങ്ങുവാന്‍ നേരത്ത് അച്ചമ്മ പൂജാമുറിയിലേക്കു കയറി. അവനീ വാ മോളേ, പ്രാര്‍ത്ഥിച്ചിറങ്ങാം.
രണ്ടുപേരും കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചിറങ്ങി.
മോളേ, പോകുംവഴി അമ്പലത്തിലൊന്നു കയറാം അല്ലേ?
ശരി അച്ചമ്മേ.
മോളുടെ പേരില്‍ ഒരു ഭാഗ്യസൂക്താര്‍ച്ചനയ്ക്കു കൊടുക്കണം.
അച്ചമ്മയുടെ ഇഷ്ടം പോലെ.
ശിവ, വണ്ടി അമ്പലത്തിന്റെ മുമ്പിലൊന്നു നിര്‍ത്തണേ.
ശരി അച്ചമ്മേ.
ഞാനും മോളും ഒന്നു തൊഴുതിട്ടു വരാം.
അമ്പലത്തില്‍ ഇറങ്ങി തൊഴുതു പ്രാര്‍ത്ഥിച്ചപ്പോള്‍ അവനിയുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഉരുണ്ടിറങ്ങി. അവള്‍ വേഗം കണ്ണുകള്‍ തുറന്നു. അച്ചമ്മ കണ്ണടച്ചു പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ കണ്ടില്ല. ഭാഗ്യം. വേഗം തുടച്ചു കളഞ്ഞു.
രണ്ടുപേരും അര്‍ച്ചനയ്ക്കു പണം കൊടുത്ത് നൈവേദ്യം വാങ്ങി തിരിച്ചു കാറില്‍ കയറി. യാത്രയില്‍ എല്ലാവരും നിശബ്ദരായിരു ന്നു. അച്ചമ്മയുടെ നിര്‍ദ്ദേശ പ്രകാരം ശിവ ഒരു ഈശ്വര കീര്‍ത്തനം ഇട്ടു.
ഭക്തിസാന്ദ്രമായ പാട്ടില്‍ അവനിയുടെ ശ്രദ്ധ പതിഞ്ഞില്ല. അവള്‍ പുറം ലോകകാഴ്ചകള്‍ കണ്ടിരുന്നു.
വേഗം തന്നെ ആശുപത്രിയില്‍ എത്തി. ഡോക്ടര്‍ക്കു മുമ്പ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഡോക്ടറെ കണ്ടു. അഡ്മിറ്റായി. ലിഫ്റ്റില്‍ കയറി റൂമിലേക്കുള്ള യാത്ര. ശിവ കൂടെ വന്നില്ല. അച്ചമ്മയും രാമന്നായരും ഞാനും, കൂടെ വഴികാട്ടിയായി ഒരു നഴ്‌സുമുണ്ട്. അസി. നഴ്‌സിംഗ് പഠിച്ച കുട്ടിയാണ്. യൂണിഫോം കണ്ടാലറിയാം. അതിനാല്‍ത്തന്നെ അതിനു നല്ല വിനയവുമുണ്ട്. ലിഫ്റ്റ് അഞ്ചാം നിലയിലേക്ക്, നഴ്‌സ് ബട്ടണ്‍ കുത്തുമ്പോഴേക്കും ഒരു മനുഷ്യന്‍ ഓടിവന്ന് ലിഫ് റ്റില്‍ ഡോറിന്റെ പകുതിയില്‍ കാലുവച്ചു. സിസ്റ്റര്‍ രണ്ടുപേരും കൂടിയുണ്ട്. ക്ഷമിക്കണം. പെട്ടെന്ന് ഒരമ്മ മോളേയും പിടിച്ച് നടന്നടുത്തു.
ആ മകളുടെ രണ്ടു കാലുകള്‍ വേച്ച് വേച്ച് ബലമില്ലാത്തതുപോലെയാണ് നടക്കുന്നത്. മുഖം കണ്ടാല്‍ വെളുത്ത് മാലാഖ കുട്ടിയെപ്പോലെയിരിക്കുന്നു.
എനിക്ക് നല്ല ഇഷ്ടം തോന്നി. ആരാണെന്നു നോക്കാതെ ഞാന്‍ ചോദിച്ചു.
മോളുടെ പേരെന്താ?
മോള്‍ മെല്ലെ തല ചലിപ്പിച്ചു. ഒരു പുഞ്ചിരിപോലും അവളുടെ മുഖത്ത് വിരിയുന്നില്ലല്ലോ.
മോളുടെ പേരെന്താ?
തന്റെ ആവര്‍ത്തിച്ചുളള ചോദ്യം കേട്ട് ആ കുട്ടിയുടെ അച്ഛനെന്നു തോന്നിക്കുന്ന മനുഷ്യന്‍ പറഞ്ഞു,
ജാന്‍വി.
ജാന്‍വിക്കുട്ടി. ഹായ് നല്ല പേര്.
മോളു ഒന്നും മിണ്ടില്ലേ?
അച്ചമ്മ ചോദിച്ചു
ഇല്ല, അയാള്‍ നിസ്സഹായാവസ്ഥയിലായി. ഞങ്ങള്‍ക്കു ദൈവം തന്ന സമ്മാനമാണവള്‍. അതുകൊണ്ടല്ലേ അവളുടെ പേര് ജാന്‍വി എന്നിട്ടത്. സന്തോഷം നല്കുന്നവളാണ് ജാന്‍വി.
ഹായ് ജാന്‍വിക്കുട്ടി, സുന്ദരിക്കുട്ടിയാണല്ലോ.
സുന്ദരിക്കുട്ടി എന്ന വാക്ക് അവളില്‍ ചലനം സൃഷ്ടിച്ചു. കൈകൊണ്ട് എന്നെ ഒന്നു തൊട്ടു. ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു.
അവള്‍ക്ക് സുന്ദരിക്കുട്ടി എന്നു വിളിക്കുന്നത് ഒരു പാടിഷ്ടമാണ് എന്ന് അവളുടെ അച്ഛന്‍ പറഞ്ഞു.
ജാന്‍വിക്കുട്ടിക്ക് എന്തു പറ്റീതാ?
മോള്‍ ജനിച്ചപ്പോള്‍ മുതല്‍ ശബ്ദം പുറത്തേക്കു വരുന്നില്ലായിരുന്നു. ഒന്നു കരയുകപോലും ചെയ്യുന്നില്ലായിരുന്നു. പല ഡോക്ടര്‍മാരെയും കാണിച്ചു. റെറ്റിന സിന്‍ഡ്രം എന്ന രോഗമാണ് അവളെ ബാധിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ നെറ്റില്‍ അടിച്ചുനോക്കി. പിറന്നവീണ അവള്‍ സാധാരണകുട്ടികളെപ്പോലെ കമിഴ്ന്നുകിടക്കാനോ വളര്‍ന്നപ്പോള്‍ നടക്കാനോ ശ്രമിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ പിടിച്ച് കാല്‍ മെല്ലെ നില ത്തുറപ്പിച്ച് മെല്ലെ മെല്ലെ നടത്തിപ്പിക്കുമായിരുന്നു. കുറേ വര്‍ഷങ്ങളുടെ ശ്രമത്തില്‍ ഇപ്പോള്‍ പതുക്കെ നടക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.
നമ്മള് പറയുന്നത് മനസ്സിലാകുമോ?
അവനിക്ക് ആകാംക്ഷ കൂടി.
ചിലതൊക്കെ പറയുമ്പോള്‍ മനസ്സിലാകുന്നതു പോലെയാണ്. സുന്ദരി എന്നു പറയുമ്പോള്‍ പെട്ടെന്നു ചിരിക്കും.
മനസ്സിലായാലും അവള്‍ക്ക് ഒന്നും തിരിച്ച് പറയാനാവില്ലയെന്ന് ജാന്‍വിയുടെ അമ്മ വേദനയോടെ പ്രതികരിച്ചു.
അപ്പോഴേക്കും ലിഫ്റ്റ് അഞ്ചാം നിലയിലെത്തിക്കഴിഞ്ഞിരുന്നു. ലിഫ്റ്റില്‍ നിന്നുമിറങ്ങി. അവരോടു യാത്ര പറഞ്ഞു.
ജാന്‍വിക്കുട്ടി ഒരു റ്റാറ്റാ തരൂ. ജാന്‍വി നിസ്സംഗതയോടെ ഒന്നു നോക്കി. കാറ്റില്‍ നെറ്റിയിലേക്കു വെട്ടിയിട്ട അവളുടെ മുടിയിഴകള്‍ ചാഞ്ചാടുന്നുണ്ടായിരുന്നു. അമ്മ കൈ പിടിച്ച് റ്റാറ്റാ തരുവാന്‍ ശ്രമിച്ചു. അതിന്റെ ഫലമായി അവള്‍ കൈവിരലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്തു. ജാന്‍വി എന്നില്‍ നിന്നും അകന്നു പോകുന്നതു കാണുമ്പോള്‍ ഒരു ശൂന്യതാബോധം നിറയുന്നു. കണ്ടുപിടിക്കപ്പെടാത്ത രോഗങ്ങള്‍, കണ്ടുപിടിച്ചാലും ചികിത്സയില്ലാത്ത രോഗങ്ങള്‍, ചികിത്സിച്ചാലും മാറാത്ത രോഗങ്ങള്‍. ഹൊ ഈ ലോകം മനുഷ്യന്റെ ചിന്തിയ്ക്കതീതമാണ്.
ഇതാ, ഈ റൂമാണ് നിങ്ങളുടേത്. കുറച്ചുനേരം വിശ്രമിച്ചോളൂ.
റൂം നമ്പര്‍ 111. ആ നമ്പര്‍ അവനിക്കു ഇഷ്ടപ്പെട്ടു. അച്ചമ്മയും അവനിയും റൂമിലേക്കു കയറി. കാര്യസ്ഥന്‍ ബാഗും പെട്ടിയും ഫ്‌ളാസ്‌ക്കും അത്യാവശ്യ പാത്രങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ള കൊട്ടയും എല്ലാം മുറിയുടെ ഒരു വശത്തേക്കു ഒതുക്കി വച്ചു.
അച്ചമ്മയും മോളും വിശ്രമിക്കൂ. ഞാന്‍ പുറത്തിരിക്കാം എന്നു പറഞ്ഞ് പുറത്ത് നിരയായിട്ടിട്ടുള്ള കസേരകളില്‍ ഒന്നില്‍ പോയി ഇരുന്നു.
അച്ചമ്മേ കുറച്ചുനേരം കിടക്കൂ. മോള്‍ക്കു പേടിയുണ്ടോ?
ഇല്ല അച്ചമ്മേ. ജാന്‍വിയെക്കൂടി കണ്ടപ്പോള്‍ എന്റെ വേദന നിറഞ്ഞ അനുഭവങ്ങള്‍ ഒന്നുമല്ലാതായിത്തീര്‍ന്നു.
അതു ശരിയാ. പാവം കുട്ടി അല്ലേ. അവരുടെ അച്ഛനും അമ്മയും ഏറെ സഹിക്കുന്നുണ്ടാകും. എല്ലാം ദൈവനിശ്ചയം.
ഓരോന്ന് ആലോചിച്ച് രണ്ടുപേരും നിശബ്ദമായി കിടന്നു. അങ്ങനെ കിടന്നു മയങ്ങിപ്പോയി. വാതിലില്‍ ഒരു മുട്ട് കേട്ട് അവനി ആദ്യം ഉണര്‍ന്നു. വാതില്‍ തുറന്നപ്പോള്‍ വെള്ളരിപ്രാവിന്റെ നിഷ്‌കളങ്കതയോടെ ഒരു നഴ്‌സാണ്.
കുറച്ച് ടെസ്റ്റുകളുണ്ട് എന്നു പറഞ്ഞ് തുറന്ന വാതിലിലൂടെ അവര്‍ അകത്തേക്കു കയറി.
അവരുടെ ശബ്ദം കേട്ട് അച്ചമ്മയും ഉണര്‍ന്നു. ആദ്യം ബി.പി. ചെക്ക് ചെയ്തു.
നോര്‍മ്മലാണല്ലോ, ഒരു ചെറുപുഞ്ചിരിയോടെ നഴ്‌സ് പറഞ്ഞു. പേടിക്കാനൊന്നുമില്ല. കുറച്ചു രക്തം കൂടി എടുക്കണം. ഷുഗറും കൊളസ്‌ട്രോളും എച്ച്.ഐ.വിയുമെല്ലാം ടെസ്റ്റ് ചെയ്യാനാണ്.
അതിനെന്താ സിസ്റ്റര്‍, എടുത്തോളൂ. നിസ്സംശയം കൈനീട്ടി കൊടുത്തു.
വേറെ എന്തെങ്കിലും മരുന്നു കഴിക്കുന്നുണ്ടോ?
ഇല്ല മുമ്പ് കഴിച്ചിരുന്നു. ഇപ്പോ ഒന്നുമില്ല.
ടെസ്റ്റിനുള്ള ചോരയുമെടുത്ത് തിരിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു, ഇത് അമ്മമ്മയാണോ?
അല്ല, അച്ചമ്മ.
ഞാന്‍ പോയിട്ടു വരാം.
ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അച്ചമ്മ ചോദിച്ചു.
ഈ ടെസ്റ്റുകളുടെ റിപ്പോര്‍ട്ടു വരണം. അതിനു ശേഷം ഡോക്ടര്‍ പറയും.
ടെസ്റ്റിനുള്ള പണം കെട്ടണ്ട. അതെല്ലാം ഒരുമിച്ചാണ്. ഡിസ്ച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബില്ലടച്ചാല്‍ മതി.
ഉപകാരം മോളേ.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. ഇവിടെ അടുത്തുതന്നെ നഴ്‌സിംഗ് റൂമുണ്ട്.
ഉവ്വ് മോളേ. ഇന്നിനി ഓപ്പറേഷന്‍ ഉണ്ടാകില്ലല്ലോ.
ഇല്ല. ഡോക്ടര്‍ റൗണ്ട് സിനു വൈകുന്നേരം വരും. ഓപ്പറേഷന്‍ സമയം അപ്പോള്‍ പറയും. നഴ്‌സ് മുറി വിട്ടുപോയി. അച്ചമ്മ കാര്യസ്ഥനോട് പറഞ്ഞു,
ഇനി ഇരിക്കണ്ട രാമന്നായരേ. നാളെ വന്നാല്‍ മതി.
ചോറ് വാങ്ങിത്തരട്ടെ അച്ചമ്മേ?
ശരി ശരി, അതു വാങ്ങിത്തന്നിട്ട് പൊയ്‌ക്കോളൂ. ശിവയോടു പറയൂ. നാളെ വരണ്ടാന്ന്. രാമന്നായര് വന്നാ മതി.
അച്ചമ്മയും മകളും പരസ്പരം നോക്കി. നാളെ ഒരു വലിയ ചോദ്യചിഹ്നമായി അവരുടെ മനസ്സില്‍ നിറഞ്ഞു.

(തുടരും)

Leave a Comment

*
*