അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 27 & 28)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 27 & 28)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

ഇരുപത്തിയേഴ്

ഇന്നിനെ തിരിച്ചറിയണമെങ്കില്‍ ഇന്നലെകളില്‍ തിരയണം – പോള്‍ എസ്സ് ഡക്ക്

കോടതികൂടി. അച്ചമ്മയും അവനിയും ബെഞ്ചില്‍ ഇരിക്കുന്നു. അവനിയുടെ മനസ്സ് വളരെ ശാന്തമായിരുന്നു.
വേദാന്റിയാണ് ആദ്യം എഴുന്നേറ്റത്. യുവര്‍ ഓണര്‍. ഇന്ന് ഒരു പുതിയ കക്ഷിയെ വിസ്തരിക്കുന്നുണ്ട്.
വടക്കേടത്ത് മാധവ് മകന്‍ അഭിനന്ദ്. മൂന്നു പ്രാവശ്യം ഗുമസ്തന്‍ പേരു ആവര്‍ത്തിച്ചു വിളിച്ചു.
അവനി കണ്ണുമിഴിച്ചു. ഇതു സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ?
തലയുയര്‍ത്തി നെഞ്ചുവിരിച്ച് മുമ്പെന്ന പോലെ അഭിനന്ദ് കയറി നിന്നു.
വിശ്വാസഗ്രന്ഥം കൊടുത്ത് സത്യം മാത്രമേ പറയൂ എന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചു. അഭിനന്ദിന്റെ മുഖത്ത് യാതൊരു കൂസലുമില്ല. വളരെ ധൈര്യശാലിയായി പെരുമാറുന്നു.
ഇതു അഭിനന്ദല്ലേ, പല പ്രാവശ്യം അവനിയുടെ മനസ്സില്‍നിന്നും ആ ചോദ്യം തികട്ടി വന്നു.
"അഭിനന്ദ്, താങ്കളാണോ ഫോറന്‍സിക് ലാബില്‍ ആദ്യം വന്നത്?"
"അതെ മാഡം."
"അഭിനന്ദിനോട് ആരാണ് അങ്ങോട്ട് വരാന്‍ പറഞ്ഞത്?"
"എന്നോട് പറഞ്ഞത് ശ്രീജിത്താണ്. അവനിയോടു വരാന്‍ പറയാനാണ് പറഞ്ഞത്."
"എന്നിട്ട്?"
"ഞാനതുപോലെ ചെയ്തു.
"ലാബിലെ വാതിലും ജനാലകളും താങ്കളാണോ തുറന്നിട്ടത്?"
"അല്ല മാഡം. ഞാന്‍ ചെല്ലുമ്പോള്‍ എല്ലാം തുറന്നുകിടക്കുകയായിരുന്നു."
"പിന്നെ എന്താണ് സംഭവിച്ചത്?"
അഭിനന്ദ് നടന്ന സംഭവം വിവരിച്ചു. ശേഷം ശ്രീജിത്തിനെ വിസ്തരിക്കാന്‍ വിളിച്ചു. സത്യപ്രതിജ്ഞ ചൊല്ലിപ്പിച്ചു.
"ശ്രീജിത്ത്, അഭിനന്ദ് പറയുന്നത് ശരിയാണോ?"
"അല്ല മാഡം. ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. അഭിനന്ദ് ഉണ്ടാക്കി പറയുന്നതാണ്. ഞാന്‍ ആ സമയത്ത് അനാട്ടമി ഹാളിലായി രുന്നു. അതിന് തെളിവുണ്ട്. അപകടം പറ്റിയതിനുശേഷം എല്ലാവരും ഓടി വന്നപ്പോഴാണ് ഞാനും അറിഞ്ഞത്."
അഭിനന്ദിന്റെ മുഖത്ത് യാതൊരു ഭാവഭേദങ്ങളുമില്ല. അവന്‍ ശാന്തമായി ഒരു ചെറുപുഞ്ചിരിയോടെ കൈവരികളില്‍ പിടിച്ചു നിന്നു. പക്ഷേ, ശ്രീജിത്ത് കോപത്താല്‍ വിറയ്ക്കുകയായിരുന്നു. ആക്രോശിക്കുന്നതുപോലെയാണ് ശബ്ദം പുറത്തേക്ക് വന്നത്.
"യുവര്‍ ഓണര്‍. കോടതി മുമ്പാകെ സത്യം തെളിയിക്കാന്‍ ഒരാളെക്കൂടി വിസ്തരിക്കാന്‍ എന്നെ അനുവദിക്കണം."
പെട്ടന്ന് പ്രതിഭാഗം വക്കീല്‍ ചാടിയെഴുന്നേറ്റു.
"യുവര്‍ ഓണര്‍. എന്റെ പ്രതി നിരപരാധിയാണെന്നു കോടതിക്കു പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ വാദിഭാഗം വക്കീല്‍ കള്ളക്കഥകള്‍ മെനഞ്ഞ് വീണ്ടും എന്റെ പ്രതിയെ കുറ്റക്കാരനാക്കാന്‍ നോക്കുകയാണ്. കോടതി കനിവുണ്ടായി വെറുതെ വിട്ടയക്കണം."
സത്യാവസ്ഥ കൂടുതല്‍ തെളിയിക്കപ്പെടേണ്ടതുകൊണ്ട് അഡ്വ. വേദ വാദം തുടരട്ടെ, കോടതി പറഞ്ഞു.
ശ്രീജിത്തിന്റെയും കൂട്ടരുടെയും മുഖം കോപത്താല്‍ നിറഞ്ഞു.
മേലേടത്ത് രാഘവന്‍, മൂന്നുപ്രാവശ്യം പേരു മുഴങ്ങി.
രാഘവന്‍ സത്യപ്രതിജ്ഞ ചെയ്തു.
"മേലേടത്ത് രാഘവന്‍ അല്ലേ?"
"അതെ."
"എത്ര വര്‍ഷമായി മെഡിക്കല്‍ കേളേജില്‍ സെക്യൂരിറ്റി ജോലി നോക്കുന്നു?"
"ഏകദേശം പതിന്നാലു വര്‍ഷം കഴിഞ്ഞു."
ഓരോ ലാബിന്റെയും താക്കോല്‍ താങ്കള്‍ ഇരിക്കുന്നവിടെയുള്ള ബോര്‍ഡിലല്ലേ തൂക്കിയിടുന്നത്?"
"അതെ മാഡം."
"ഫോറന്‍സിക് ലാബിന്റെ പ്രത്യേകത എന്താണ്?"
"അത് എപ്പോഴും അടച്ചിടുകയാണ് പതിവ്. ലീഡര്‍മാര്‍ വന്നാണ് ലാബ് തുറക്കാന്‍ താക്കോല്‍ വാങ്ങിക്കൊണ്ട് പോകുന്നത്. ഫോറന്‍സിക് ലാബിന്റെ വാതിലുകളും ജനാലകളും വെറുതെ തുറന്നിടാറില്ല. കാരണം അവിടെ രാസവസ്തുക്കളും മാരകാ യുധങ്ങളും മറ്റും സൂക്ഷിച്ചിട്ടുണ്ട്."
"സംഭവം നടന്ന ദിവസം എന്താണ് ഉണ്ടായത് എന്ന് ഓര്‍മ്മയുണ്ടോ?"
"ഉവ്വ്. ശ്രീജിത്ത് ഫോറന്‍സിക് ലാബിന്റെ താക്കോല്‍ വന്നു ചോദിച്ചു."
"എന്തിനാണെന്നു ചോദിച്ചില്ലേ?"
"ചോദിച്ചു, ജൂനിയേഴ്‌സിനെ ലാബിലേക്കു കൊണ്ടു വരുന്നുണ്ടെന്നാണ് പറഞ്ഞത്. ജനാലകള്‍ തുറന്നിടരുത് അപകടമാണ് എന്ന് പ്രത്യേകം പറഞ്ഞതാണ്."
കോടതി മുമ്പാകെ ബോധിപ്പിക്കാന്‍, ഈ വിസ്താരത്തില്‍ നിന്ന് പ്രതി മനഃപൂര്‍വ്വം വാതിലുകളും ജനാലകളും തുറന്നിട്ട് കുമാരി അവനിയെ വിളിച്ച് ലാബിലേക്ക് കയറ്റുകയാണുണ്ടായത് എന്നു നിസ്സംശയം തെളിഞ്ഞിട്ടുണ്ട്. ഈ സംഭവത്തില്‍ അഭിനന്ദ് വെറും കരു മാത്രമാണ്. അതിനാല്‍ അഭിനന്ദിനെ കുറ്റവാളിയാക്കാന്‍ ശ്രമിച്ച് ഭാവി കളഞ്ഞതിനാല്‍ പ്രതി ശ്രീജിത്ത് നഷ്ടപരിഹാരം കൊടുക്കണം. ഇതോടൊപ്പം പ്രതി ശ്രീജിത്ത് ആസിഡിന്റെ കുപ്പിയുടെ അടപ്പ് നീക്കി ജനാലയ്ക്കരികെ വയ്ക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഐപിസി സെക്ഷന്‍ 326എ, ബി പ്രകാരം ആയുധംകൊണ്ടോ വസ്തുക്കള്‍കൊണ്ടോ ഒരാള്‍ക്ക് സ്ഥിരമായ അപകടം വരുത്തുന്നുണ്ടെങ്കില്‍ പ്രതിയെ കുറ്റക്കാരനായിക്കണ്ട് ജയിലിലടയ്ക്കുകയും ഇരയാക്കപ്പെട്ട ആള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യണം. തദനുസരണം പ്രതി ശ്രീജിത്തിനെ ജയിലിലടയ്ക്കുകയും കുമാരി അവനിക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ കൊടുക്കുവാനും കോടതി കരുണ കാണിക്കണം."
"പ്രതി ശ്രീജിത്ത് ഇങ്ങനെ ചെയ്യാനുള്ള മോട്ടീവ് പ്രൊസിക്യൂഷന് പ്രഥമദൃഷ്ട്യാ വ്യക്തമായതിനാല്‍ പ്രതിയെ കുറ്റക്കാരനായി കണ്ട് ജീവപര്യന്തം തടവിലിടാനും കുറ്റകൃത്യത്തിന് കരുവാക്കിയ അഭിനന്ദിന് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ കൊടുക്കാനും ആസിഡിന് ഇരയാക്കപ്പെട്ട കുമാരി അവനിക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനും കോടതി ഉത്തരവിടുന്നു."
കോടതി പിരിഞ്ഞപ്പോഴേക്കും അവനി ഓടി അഭിനന്ദിന്റെ അടുത്തുവന്നു.
"കണ്‍ഗ്രാചുലേഷന്‍സ്!"
അഭിനന്ദ്, അവനിയുടെ മുഖത്ത് അത്ഭുതഭാവത്തില്‍ നോക്കി.
"നാളെ മുതല്‍ കോളേജില്‍ വരില്ലേ?"
അപ്പോഴേക്കും വേദാന്റി അടുത്തെത്തി.
"ഇന്ന് ഞങ്ങള്‍ അഭിനന്ദിന്റെ വീട്ടില്‍ വരുന്നുണ്ട്."
"സന്തോഷം, എല്ലാവര്‍ക്കും ഒരു സര്‍പ്രൈസാകട്ടെ."
ശരി എന്നാല്‍ കാണാം എന്നു പറഞ്ഞ് അഭിനന്ദ് നടന്നു നീങ്ങി.
മോള്‍ക്ക് വിശ്വസിക്കാനാകുന്നില്ല അല്ലേ, എല്ലാം അഭിനന്ദിന്റെ വീട്ടില്‍ എത്തുമ്പോള്‍ ശരിയാകും.
മോളേ, എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. അച്ചമ്മ, വേദയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.
"നന്ദിയൊന്നും വേണ്ട അച്ചമ്മേ, അതൊക്കെ പോട്ടെ. നിങ്ങളെ കാത്ത് വേറൊരു സര്‍പ്രൈസ് ബാക്കി നില്‍ക്കുന്നുണ്ട്. നമുക്ക് ഒരിടം വരെ പോകണം. എല്ലാവരും പോയിട്ട് ഫ്രഷായിട്ട് വരൂ. അവനി, റെഡിയായിക്കഴിഞ്ഞാല്‍ ഒന്നു വിളിച്ചാല്‍ മതി. ഞാനും റെഡിയായിട്ടു വരാം."
"ഓക്കെ."
അച്ചമ്മയുടെയും അവനിയുടെയും ഉള്ളില്‍ ആ സര്‍പ്രൈസ് എന്താണ് എന്നുള്ള ചിന്തകളായിരുന്നു നിറയെ. അവര്‍ കാറില്‍ കയറി. കാര്‍ മെല്ലെ നീങ്ങി.

ഇരുപത്തിയെട്ട്

ഒന്നാവുകയല്ല, പരസ്പരം തിരിച്ചറിയുകയാണ് വേണ്ടത് – ഹെര്‍മന്‍ ഹെസ്സെ

മനസ്സു നിറയെ ആകാംക്ഷയായിരുന്നു. അച്ചമ്മയും അവനിയും പരസ്പരം ഒന്നും ഉരിയാടിയില്ല.
കാര്യസ്ഥന്‍ രാമന്‍ നായര്‍ക്കും ശിവയ്ക്കും എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. കാര്‍ മുന്നോട്ടെടുത്തു.
"മോനെ, വേദമോളെക്കൂടി കയറ്റണേ."
"ഉവ്വ് അച്ചമ്മേ."
വേദയും കയറി. അച്ചമ്മയുടെയും അവനിയുടെയും മുഖം കണ്ട് വേദയ്ക്ക് ചിരി പൊട്ടി.
"എന്താ അച്ചമ്മയും മോളും, വളരെ സീരിയസ്സാണല്ലോ?"
"മനുഷ്യനെ ഇങ്ങനെ പറ്റിക്കാതെ വേദമോളേ," അച്ചമ്മ പറഞ്ഞു.
"എന്റെ അച്ചമ്മേ, ഇതിലൊന്നുമില്ല. അഭിനന്ദ് പാവമാണ്. നമ്മള്‍ അവിടെ എത്തുമ്പോള്‍ നമുക്കായി ഒരു അത്ഭുതം കാത്തിരി ക്കുന്നുണ്ട്. അത് ഇവിടെ നിന്നു തന്നെ പറഞ്ഞാല്‍ പിന്നെ എന്താ രസം?"
"അതെയതെ. അവിടെ എത്തട്ടെ. ആ കുട്ടിക്ക് എന്താ വേണ്ടതെന്നു വച്ചാല്‍ നമുക്ക് ചെയ്തു കൊടുക്കാം."
"അവനി എന്താ മിണ്ടാത്തത്?"
"ഞാനെന്താ മിണ്ടുന്നത്. അഭിനന്ദ് പാവമാണ് വേദാന്റി. അവന്‍ ഞാന്‍ കാരണം കഷ്ടപ്പെടരുത് എന്നേ എനിക്കുണ്ടായിരു ന്നുള്ളൂ. പക്ഷേ, ഇന്ന് ഞാന്‍ അവനെക്കണ്ട് അതിശയിച്ചുപോയി. അവന്‍ മിടുക്കനായി കോടതിയില്‍ പെര്‍ഫോം ചെയ്തു."
"ഉവ്വ്, നേരിട്ടു കാണുമ്പോള്‍ എല്ലാം മനസ്സിലാകും."
സംസാരിച്ചിരുന്ന് അഭിനന്ദിന്റെ വീട്ടിലെത്തിയതറിഞ്ഞില്ല. വണ്ടി നിന്നപ്പോള്‍ അവര്‍ ഇറങ്ങി. കാര്യസ്ഥന്‍ സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ കവര്‍ അവനി കൈയ്യിലെടുത്തു. വാതില്‍ തുറന്നത് അഭിനന്ദായിരുന്നു. വളരെ ചുറുചുറുക്കോടെ അവന്‍ അവരെ അകത്തേക്കു ക്ഷണിച്ചു. അവനി അത്ഭുതം സഹിക്കാനാവാതെ അഭിനന്ദ് എന്നു വിളിച്ചു.
പുഞ്ചിരിയോടെ തിരിഞ്ഞു നിന്ന്, "സോറി അഭിനന്ദല്ല, ഞാന്‍ അഭിനവ് ആണ്" എന്നു പറഞ്ഞു.
ങ്‌ഹേ, അച്ചമ്മയും അവനിയും ഞെട്ടിപ്പോയി. "അഭിനവോ," അവനി എടുത്തു ചോദിച്ചു. "അപ്പോള്‍ അഭിനന്ദ് എവിടെ?"
"ഇവിടെയുണ്ട്. സമാധാനിക്കൂ."
സുന്ദരിയായ ഒരു സ്ത്രീ ട്രേയില്‍ സംഭാരവുമായി കടന്നു വന്നു. "എല്ലാവര്‍ക്കും ഇരിക്കാം."
"അഭിനവ്, അഭിനന്ദിനെക്കൂടെ വിളിക്കൂ."
"പരീക്ഷയാകാറായില്ലേ, അവന്‍ പഠിക്കുകയാണ്."
എന്താ സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.
ഇനി ഞാന്‍ പറയാം, വേദയുടെ ശബ്ദം ഉയര്‍ന്നു. "അച്ചമ്മയും അവനിയും ആശുപത്രിയില്‍വച്ച് കണ്ട അഭിനന്ദിന്റെ അവസ്ഥ കേട്ടപ്പോള്‍ ഞാന്‍ അവരുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. ഇവിടെ വന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ടതും അഭിനവിനെ ആയിരുന്നു. രണ്ടുപേരെ ക്കൂടി കണ്ടപ്പോള്‍ അവര്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കാതെ ഞാന്‍ കുഴങ്ങി."
"അവര്‍ തമ്മില്‍ സ്വഭാവത്തിലും ആഗ്രഹങ്ങളിലും മാത്രമേ വ്യത്യാസമുള്ളൂ," അവരുടെ അമ്മ പറഞ്ഞു.
അപ്പോഴേക്കും അഭിനന്ദിനെക്കൂട്ടി അഭിനവ് അവിടെ എത്തി.
അവനിയെ കണ്ട ഉടനെ അഭിനന്ദിന്റെ കണ്ണുകള്‍ നിറഞ്ഞു. അവനി എന്നു വിളിച്ച് അവന്‍ കൈകള്‍ കൂപ്പി. ആ കണ്ണുകളില്‍ നിന്ന് രണ്ടു കണ്ണീര്‍ത്തുളളി അടര്‍ന്ന് താഴേക്കു ഉരുണ്ടു വീണു തുടങ്ങി.
അവനി ഓടിച്ചെന്ന് അവന്റെ കൈകളില്‍ പിടിച്ചു. വലതുകരംകൊണ്ട് ആ കണ്ണീര്‍ തുടച്ചുനീക്കി.
അരുത് അഭിനന്ദ്, ഇനി ചിരിക്കാനുളള സമയമാണ്.
അവന്‍ മെല്ലെ അവളുടെ കവിളിലെ പാടുകളില്‍ ക്കൂടി തലോടി.
"നിനക്ക് നന്നായി വേദനിച്ചു അല്ലേ?"
"അതൊക്കെ പോട്ടെ അഭിനന്ദ്. നിങ്ങള്‍ രണ്ടു പേര്‍ ഒരുപോലെ. അല്ലേ അഭിനന്ദ്? അത് വലിയ സര്‍പ്രൈസ് ആണ്."
വിഷയം മാറ്റാനായി അവള്‍ തിടുക്കപ്പെട്ടു.
ഉടനെ അച്ചമ്മ പറഞ്ഞു, "ഇതെന്താ ഞങ്ങളും കൂടി ഈ മുറിയിലുണ്ടെന്ന് മറക്കരുതേ.."
"ഈ പാവം ഞാനും," അഭിനവ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
അവനിയും അഭിനന്ദും ചമ്മിപ്പോയി.
"ഇപ്പോ കാണാന്‍ നല്ല ചേലായി," വേദ വിട്ടില്ല.
അഭിനവ് തുടര്‍ന്നു, "ഞങ്ങളുടെ കോളേജില്‍ ഇത്തരം അവസരങ്ങളില്‍ പറയുന്ന ഡയലോഗുണ്ട്."
"എന്താ," എല്ലാവരുംകൂടി ചോദിച്ചു.
"ചമ്മല്‍ ഈസ് ദ മങ്ങല്‍ ഓഫ് ഫെയ്‌സ് ഏന്‍ഡ് വിങ്ങല്‍ ഓഫ് ഹാര്‍ട്ട്."
അതു ശരിയാണ്. എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.
"അഭിനന്ദ് എന്തു ചെയ്യുന്നു?"
"എല്ലാം പറയാവേ, ആള്‍മാറാട്ടത്തിനു കേസെടുക്കരുത്."
"ഹേയ്, ഇല്ല."
"കേസെടുത്താല്‍ പ്രശസ്ത ക്രമിനല്‍ വക്കീല്‍ വേദയും കുടുങ്ങും."
"ഉവ്വ് ഉവ്വ്," വേദ ചിരിച്ചു.
"ഞാന്‍ അഭിനവിന്റെ ഇരട്ട സഹോദരന്‍."
"അതു പ്രത്യേകം പറയേണ്ടതില്ല."
"എന്നാല്‍ ബാക്കി കേട്ടോളൂ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കിയില്‍ കെമിക്കല്‍ എഞ്ചിനീയറിംഗിനു പഠിക്കുന്നു."
"ഉത്തരാഖണ്ഡിലല്ലേ?" അവനി ചോദിച്ചു.
"അതെ."
"മോന് എങ്ങനെയാണ് അവിടെ സീറ്റു കിട്ടിയത്?"
"ആള്‍ ഇന്ത്യാ എന്‍ട്രന്‍സ് എഴുതി. JEE Main Exam. ആദ്യം ഒരു ലക്ഷം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശേഷം JEE Advanced Exam ഉണ്ടായിരുന്നു. അതില്‍ പതിനായിരം കുട്ടികളെ തെരഞ്ഞെടുത്തു. എനിക്ക് റാങ്ക് മൂവായിരം ആയിരുന്നു. അതുകൊണ്ട് ഉത്തരാഖണ്ഡ് വരെ പോകേണ്ടി വന്നു."
അഭിനന്ദിന്റെയും അഭിനവിന്റെയും അമ്മയാണ് പിന്നീട് സംസാരിച്ചത്.
"ഞങ്ങള്‍ വയനാട്ടിലായിരുന്നു. അച്ഛന്റെ മരണശേഷം അഭിനവ് ദൂരേയ്ക്കു പോകുകയും അഭിനവിനു ഇവിടെ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടുകയും ചെയ്തപ്പോള്‍ ഈ വാടകവീട്ടിലേക്കു മാറിയതാണ്. ഇവിടെ ആര്‍ക്കും ഇവര്‍ രണ്ടു പേരുണ്ടെന്നു അറിയില്ല."
"അതു നന്നായി," അച്ചമ്മ പറഞ്ഞു.
"ഉത്തരാഖണ്ഡ് നല്ല സ്ഥലമാണ്. ഹരിദ്വാര്‍ അമ്പലത്തിലൊക്കെ മോന്‍ പോയിട്ടുണ്ടോ?"
"ഉവ്വ് അച്ചമ്മേ. പിന്നെ കുംഭമേള പ്രശസ്തമല്ലേ. പക്ഷേ നല്ല തിരക്കാണ്."
"ഹോസ്റ്റല്‍ സൗകര്യം എങ്ങനെയുണ്ട്?" വേദ തിരക്കി.
ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ മുറിയുണ്ട്. കാമ്പസ്സിനുള്ളില്‍ സൈക്കിളോ റിക്ഷയോ മാത്രമേ ഉപയോഗിക്കാവൂ. പെട്രോള്‍, ഡീസല്‍ വണ്ടികള്‍ കയറ്റില്ല. പിന്നെ മറ്റ് ഒരു ഇഷ്യൂസ്സും ക്ലാസ്സുകളെ തടസ്സപ്പെടുത്തില്ല."
"ജോലി കിട്ടിയാല്‍ റിസ്‌ക്കാണല്ലേ."
"പേടിക്കാനൊന്നുമില്ല അച്ചമ്മേ, ഖനിയില്‍ off Shore ഉം on Shore ഉം ഉണ്ട്. off Shore ലാണ് കുറച്ച് അപകടം. അവിടെ ജോലി ചെയ്യുന്നവര്‍ക്ക് റിസ്‌ക്ക് കാരണം 40 ദിവസം ജോലി കഴിഞ്ഞാല്‍ 40 ദിവസം ശമ്പളത്തോടുകൂടി ലീവ് ഉണ്ട്."
"അതു നമുക്ക് വേണ്ട മോനെ," അച്ചമ്മ പറഞ്ഞു.
"വേണ്ടെങ്കില്‍ വേണ്ട," അഭിനവ് ചിരിച്ചു.
"നമ്മള്‍ വര്‍ത്തമാനം പറഞ്ഞ് നേരം പോയതറി ഞ്ഞില്ല. ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും കഴിക്കാം."
"ഊണിനു ഞങ്ങള്‍ പിന്നെ വരാം."
"അവനി, നാളെ മുതല്‍ ക്ലാസ്സില്‍ വരില്ലേ," അഭിനന്ദ് എടുത്തു ചോദിച്ചു.
"ആള് ഉഷാറായല്ലോ," അഭിനവ് കളിയാക്കി. എല്ലാവരും കൂടി ചിരിച്ചു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org