ആയുഷ്ക്കാലം – അദ്ധ്യായം 27

ആയുഷ്ക്കാലം – അദ്ധ്യായം 27

ജോസ് ആന്‍റണി

ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ നേരം പുലരാന്‍ രണ്ടു മണിക്കൂറോളം ബാക്കിയുണ്ടായിരുന്നു. സമയത്തിന് ഒരുപാടു വ്യത്യാസമുണ്ടിവിടെ. നാട്ടില്‍ പകലാകുമ്പോള്‍ ഇവിടെ രാത്രിയാണ്. ഇന്ത്യയില്‍ പകല്‍ പത്തു മണിയാകുമ്പോള്‍ ചിക്കാഗോയില്‍ രാത്രി പന്ത്രണ്ടു മണിയാകും. വിമാനത്താവളത്തിലെ പരിശോധനകളെല്ലാം കഴിഞ്ഞു ബാഗുകളെടുത്തു പുറത്തുവന്നു. യാത്രക്കാര്‍ വിശ്രമിക്കുന്ന സ്ഥലത്തു കസേരയില്‍ ഇരുന്നു.

അപ്പോഴാണ് തന്‍റെ ഫോണിവിടെ പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയില്ലെന്ന് ഓര്‍മിച്ചത്. ജെയ്സി ഫോണിലെ വാട്സാപ്പ് വഴി സോമനാഥിന് എയര്‍പോര്‍ട്ടില്‍ കാത്തുനില്ക്കുന്ന വിവരം കാണിച്ച് ഒരു സന്ദേശമയച്ചു. എയര്‍ പോര്‍ട്ടില്‍ ലഭിക്കുന്ന താത്കാലിക സിംകാര്‍ഡ് വാങ്ങി ഫോണിലിട്ടു. സോമനാഥിന്‍റെ ഫോണ്‍നമ്പര്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. ഫോണില്‍ സോമനാഥിനെ വിളിച്ചു. മറുതലയ്ക്കല്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ട്. സോമനാഥ് ഫോണെടുക്കുന്നില്ല. വെളുപ്പാന്‍ കാലമല്ലേ. നല്ല ഉറക്കമായിരിക്കും. നേരം പുലരുന്നതുവരെ എയര്‍പോര്‍ ട്ടിലിരിക്കാം. അയാള്‍ വരാതെ ഒരു പരിചയവുമില്ലാത്ത നഗരത്തില്‍ എവിടേക്കു പോകാന്‍? സോമനാഥ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നു കമ്പനി ഉപദേശിച്ചിരുന്നു.

ഒരു മണിക്കൂറോളം ആശങ്കകളുമായി അവിടെ ഇരുന്നു. അപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.

"ഹലോ."

"ജെയ്സി ആണോ? ഞാന്‍ സോമനാഥ്. എയര്‍പോര്‍ട്ടില്‍ കുറേ സമയം കൂടി കാത്തിരിക്കുക. ഞാനെത്തിക്കൊള്ളാം" – അയാള്‍ പറഞ്ഞു.

അയാള്‍ ഒരുപക്ഷേ നേരം വെളുത്തിട്ടു വരാമെന്നു കരുതിയിട്ടുണ്ടാകും. അയാള്‍ ഇവിടെ തന്‍റെ മേലുദ്യോഗസ്ഥനാണ്, കമ്പനിയുടെ ചുമതലക്കാരനാണ്. ഈ വെളുപ്പാന്‍കാലത്ത് അയാളുടെ ഉറക്കം കളഞ്ഞ് കാറോടിച്ചു വരാന്‍ അയാള്‍ തന്‍റെ ആരുമല്ലല്ലോയെന്ന് ജെയ്സി ഓര്‍ത്തു.

അയാള്‍ക്കു വരാന്‍ പറ്റാതിരുന്നാല്‍ തന്‍റെ അവസ്ഥ എന്താകുമെന്നു ജെയ്സി ചിന്തിച്ചു. ജോലിയെടുക്കേണ്ട സ്ഥാപനത്തിന്‍റെ വിവരം പോലും അയാളുടെ ഓഫീസില്‍നിന്നാണു തനിക്കു ലഭിക്കേണ്ടത്. എല്ലാം നൂല്‍പ്പാലത്തിലൂടെയുള്ള കളിയാണ്. അമേിക്കയിലാണു ജോലിയെന്നു പറയുന്നതു നമ്മുടെ നാട്ടില്‍ വലിയ കാര്യമാണല്ലോ. ആ ആവേശത്തില്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്. കുഴപ്പം കൂടാതെ ഭംഗിയായി കലാശിക്കണേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ എയര്‍പോര്‍ട്ടിലിരുന്നു.

എയര്‍പോര്‍ട്ടില്‍ ബന്ധുക്കളെ കാത്തുനിന്ന യാത്രക്കാര്‍ പലരും പിരിഞ്ഞുകഴിഞ്ഞു. കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നവര്‍ ചിലര്‍ സ്ത്രീകളാണ്; ചിലര്‍ പുരുഷന്മാരും. അവര്‍ വരുന്നു, ആലിംഗനം ചെയ്യുന്നു, ചുംബിക്കുന്നു, തമാശകള്‍ പറഞ്ഞു ചിരിച്ചുകൊണ്ടു ലഗേജുമായി കാറില്‍ കയറി മടങ്ങുന്നു. തനിക്ക് അങ്ങനെയൊരു സ്വീകരണം നല്കാന്‍ ഇവിടെ ആരുമില്ല. ഈ സോമനാഥ് മലയാളിയായിരിക്കുമോ? പെന്‍ഷനാകാറായ ആളാകുമോ?

നേരം പുലര്‍ന്നപ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ അടുത്തു വന്നു ജെയ്സി അല്ലേ എന്നു ചോദിച്ചു.

"ഞാന്‍ സോമനാഥ്. കാത്തിരുന്നു മുഷിഞ്ഞോ? എന്‍റെ താമസസ്ഥലത്തുനിന്ന് ഒരു മണിക്കൂറിലേറെ ദൂരമുണ്ട് എയര്‍പോര്‍ട്ടിലേക്ക്" – അ യാള്‍ കൈപിടിച്ച് കുലുക്കി.

"എന്നാല്‍ നമുക്കു പോകാം" – അയാള്‍ പറഞ്ഞു.

അയാള്‍ തന്നെയാണോ സോമനാഥെന്നുപോലും തനിക്കറിയില്ല. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍. അയാള്‍ പോകാം എന്നു പറയുന്നു. താന്‍ കൂടെ പോകുന്നു. കമ്പനിക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ല. പെണ്ണാണെന്ന പേരില്‍ പ്രത്യേക സംരക്ഷണസംവിധാനമില്ല. അവരവരുടെ കാര്യം അവര്‍തന്നെ നോക്കിക്കോളണം.

സോമനാഥ് കാറിനടുത്തേയ്ക്കു ലഗേജ് വച്ചിരുന്ന ട്രോളി തള്ളിക്കൊണ്ടുപോയി. അയാള്‍ തന്‍റെ മേലുദ്യോഗസ്ഥനാണ്.

"സര്‍, ട്രോളി ഞാന്‍ തള്ളിക്കൊള്ളാം" – ജെയ്സി പറഞ്ഞു.

"അതു സാരമില്ല" – അയാള്‍ പറഞ്ഞു. അയാള്‍ കാറിന്‍റെ ഡിക്കി തുറന്നു ബാഗുകള്‍ എടുത്തുവച്ചു.

"കയറിക്കോളൂ" – കാറിന്‍റെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

ജെയ്സി കാറില്‍ കയറിയിരുന്നു. ഇയാള്‍ ഒരു ഇന്ത്യക്കാരനല്ലേയെന്നു ജെയ്സി സംശയിച്ചു. ചിക്കാഗോ നഗരത്തിലെ കമ്പനിയുടെ ഓഫീസ് മാനേജരാണ് സോമനാഥെന്നാണ് കമ്പനിയില്‍ നിന്ന് അറിയിച്ചത്. ഇവിടെ എത്ര ഭവ്യതയോടെയാണ് അങ്ങേരു പെരുമാറുന്നത്.

ഹൈവേയില്‍ കടന്നു കാര്‍ പായിച്ചുപോകവേ സോമനാഥ് ചോദിച്ചു അയാളുടെ ഇംഗ്ലീഷ് എളുപ്പം മനസ്സിലാകുന്നില്ല.

"യാത്ര സുഖമായിരുന്നോ?"

"സുഖകരമായിരുന്നു. ഇന്ത്യക്കാര്‍ ധാരാളം പേരുണ്ടായിരുന്നു."

"കമ്പനിയില്‍ ജോലിക്കു കയറിയിട്ട് എത്ര വര്‍ഷമായി?"

"നാലു വര്‍ഷം."

"ആദ്യമായിട്ടാണോ വിദേശത്തു പോകുന്നത്?"

"അതെ."

"വീട് എവിടെയാണ്?"

"കേരളത്തില്‍, ഉദയഗിരിയെന്ന സ്ഥലത്ത്."

"ഞാന്‍ തമിഴ്നാട്ടില്‍ നിന്നാണ്. തിരുച്ചിറപ്പള്ളി. ഇവിടെ വന്നിട്ടു മൂന്നു വര്‍ഷമായി. ഒരു വര്‍ഷം ഡെട്രോയിറ്റ് സിറ്റിയിലായിരുന്നു. ചിക്കാഗോയ്ക്ക് അടുത്ത സിറ്റിയാണ്. അടുത്ത വര്‍ഷം മടങ്ങിപ്പോകണമെന്നു വിചാരിക്കുന്നു. ഒരു ബോറന്‍ രാജ്യമാണിത്" – സോമനാഥ് പറഞ്ഞു.

ജെയ്സി അയാളുടെ അഭിപ്രായം കേട്ട് അത്ഭുതപ്പെട്ടു. അമേരിക്കയെപ്പറ്റിയാണ് അയാള്‍ പറഞ്ഞത്. ഒരു തമിഴനേ അങ്ങനെ പറയാന്‍ കഴിയൂ. തമിഴനെപ്പോഴും അവന്‍റെ നാടുതന്നെ സ്വര്‍ഗം. ഇയാളുടെ സ്ഥാനത്ത് ഒരു മലയാളി മാനേജരാണെങ്കില്‍, ജാടകള്‍ കാണിച്ചു തന്നെ കൊന്നേനെയെന്നും ജെയ്സി ഓര്‍ത്തു.

ഒരു മണിക്കൂറോളം യാത്ര ചെയ്തതിനുശേഷമാണു നഗരത്തില്‍ പ്രവേശിച്ചത്. ഒരു ഹോട്ടലിനു മുമ്പില്‍ സോമനാഥ് കാര്‍ നിര്‍ത്തി.

"ജെയ്സി തത്കാലം താമസിക്കാന്‍ ഈ ഹോട്ടലിലാണു മുറി എടുത്തിരിക്കുന്നത്. ഒരാഴ്ച കമ്പനിയുടെ ചെലവില്‍ ഇവിടെ താമസിക്കാം. അതിനകം സ്വന്തമായി താമസസ്ഥലം കണ്ടെത്തണം പിന്നെ ഹോട്ടലില്‍ താമസിച്ചാല്‍ കയ്യില്‍ നിന്നു പണം മുടക്കണം. അതു മുതലാകില്ല. ഒറ്റയ്ക്ക് ഒരു വീടെടുത്തു താമസിക്കണമെങ്കില്‍ മാസം കുറഞ്ഞത് ആയിരത്തഞ്ഞൂറ് ഡോളറാകും. അതും മുതലാകില്ല. സാധാരണം പലരുകൂടി ഒരു വീടെടുക്കുകയാണു ചെയ്യുന്നത്. അതൊക്കെ അന്വേഷിച്ചു കണ്ടെത്തണം. നാളെ രാവിലെ ഞാന്‍ വരാം. നാളെത്തന്നെ ജോലിക്ക് ജോയിന്‍ ചെയ്യണം" – സോമനാഥ് പറഞ്ഞു.

കാറിന്‍റെ ഡിക്കിയില്‍നിന്നു ബാഗുകള്‍ അയാള്‍ ഇറക്കിവച്ചു. ജെയ്സി അതെടുത്ത് റിസപ്ഷന്‍ കൗണ്ടറിനടുത്തേയ്ക്കു കൊണ്ടുപോയി. നാട്ടിലെപ്പോലെ തലയില്‍ വട്ടക്കെട്ടും കെട്ടി ഒരുതരം അശ്ലീലഭാവത്തോടെ നില്‍ക്കുന്ന ചുമട്ടുകാരന്‍ പരിസരത്തെങ്ങാനുമുണ്ടോന്ന് അവള്‍ ഭയപ്പാടോടെ നോക്കി. ഇന്ത്യയില്‍ ഈ തലമുറകൂടി മാത്രമേ ചുമട്ടുകാരെ ഭയപ്പെടേണ്ടതുള്ളെന്നു തമാശയായി ജെയ്സി ഓര്‍ത്തു. അടുത്ത തലമുറയിലെ ചുമട്ടുകാര്‍ എന്‍ജിനിയേഴ്സ് ആയിരിക്കും!

സോമനാഥ് റിസപ്ഷനില്‍ നിന്നു മുറിയുടെ താക്കോല്‍ വാങ്ങി. ബാഗ് ഒരെണ്ണം എടുത്തുകൊണ്ടു ലിഫ്റ്റിനടുത്തേയ്ക്കു പോയി. പതിനഞ്ചാം നിലയില്‍ ലിഫ്റ്റിറങ്ങി. ഇടനാഴിയിലൂടെ നടന്ന് അവളുടെ മുറിയുടെ അടുത്തെത്തി. സോമനാഥ് മുറി തുറന്ന് അകത്തു കയറി. അത്യാവശ്യം അവിടെ പാലിക്കേണ്ട കാര്യങ്ങള്‍ അയാള്‍ അവളോടു പറഞ്ഞു. എന്നിട്ടയാള്‍ മടങ്ങിപ്പോയി.

എത്ര നല്ല മനുഷ്യന്‍! അറിയാതെ അവള്‍ ഉരുവിട്ടുപോയി.

ജെയ്സി മുറിയുടെ വാതില്‍ അടച്ചിട്ടു ജനാലയുടെ കര്‍ട്ടന്‍ മാറ്റി പുറത്തേയ്ക്കു നോക്കി. പ്രഭാതവെയിലില്‍ മുങ്ങിനില്ക്കുന്ന ഒരു മഹാനഗരത്തിന്‍റെ ആകാശദൃശ്യം. ആകാശത്തെ മുട്ടിനില്ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ നീണ്ട നിരകള്‍. നഗരത്തെ വിഭജിക്കുന്ന നദികള്‍. ദൂരെ ചക്രവാളത്തില്‍ ഒരു തടാകദൃശ്യം. റോഡുകളിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങള്‍. ഇതെല്ലാം കാണാന്‍ പാകത്തില്‍ പതിനഞ്ചാം നിലയില്‍ ഒരു മുറി സൗകര്യപ്പെടുത്തിയ സോമനാഥിനെ അവള്‍ സ്തുതിച്ചു. യു.എസ്സില്‍ ന്യൂയോര്‍ക്കും ലോസ് ആഞ്ചല്സും കഴിഞ്ഞാല്‍ ഏറ്റവും വലിയ നഗരമാണു ചിക്കാഗോയെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.

ഇനി രണ്ടു വര്‍ഷക്കാലത്തെ ജീവിതം ഈ മഹാനഗരത്തിലാണ്. ഇതൊക്കെ ഒരു ഭാഗ്യമാണ്. ഭാഗ്യമുണ്ടെങ്കില്‍ത്തന്നെ അത് ഉപയോഗിക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ എല്ലാ ഭാഗ്യങ്ങളും വഴിമാറിപ്പോകും. എന്തെങ്കിലും കിട്ടിയാല്‍ അതുകൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കുന്ന പ്രകൃതമാണു റോബിന്. എന്നിട്ട് അതുകൊണ്ടു വല്ല ഗുണവുമുണ്ടായോ? ആവശ്യമില്ലാതെ ഓരോ ഏടാകൂടത്തില്‍പ്പെട്ടു കേസായി, കോടതിയായി. നല്ലൊരു ജോലിയുണ്ടായിരുന്നതും പോയി. മറ്റുള്ളവര്‍ക്കു വന്നുചേരുന്ന നന്മയില്‍ അത്ര സന്തോഷം കാണിക്കുന്നതുമില്ല. എതിര്‍ക്കുന്നില്ലെന്നതു ശരിയാണ്.

ഓരോ അവസരങ്ങള്‍ ഓരോരുത്തര്‍ക്കു വന്നുചേരുന്നത് അശ്രാന്ത പരിശ്രമങ്ങള്‍കൊണ്ടാണ്, പണിയെടുത്തിട്ടാണ്. സിംഹമാണെങ്കിലും അതിന്‍റെ വായിലേക്ക് ഇരകള്‍ ഓടിവന്നു കയറാറില്ല. സിംഹവും ഇരകളെ ഓടിച്ചിട്ടു പിടിക്കുകയാണു ചെയ്യുന്നത്. റോബിന്‍റെ പ്രകൃതം തനിക്കത്ര പിടിക്കുന്നില്ല. റോബിന് ആ കറുകപ്പാടത്തുനിന്നു മോചനമുണ്ടായിട്ടില്ല. കാമ്പസ് സെലക്ഷന്‍ കിട്ടി ബംഗ്ളുരുവിലെത്തി. ഇന്ത്യാ മഹാരാജ്യത്തിന്‍റെ അവസ്ഥവച്ചു നോക്കിയാല്‍ ബംഗ്ളുരുവിലെ ജീവിതം മഹത്തരമാക്കാവുന്നതാണ്. എന്നിട്ടും റോബിന്‍ ബംഗ്ളുരുവില്‍ കഴിയുന്നതു കറുകപ്പാടത്തു കഴിയുന്നതുപോലെയാണ്. അതിനൊക്കെ ഭാര്യ നിന്നുകൊടുത്തോണം. ഭാര്യയെന്നു പറയുന്ന ജീവിക്കു ബുദ്ധിയും ചിന്തയും പാടില്ല. ഭര്‍ത്താവിന്‍റെ നിഴലായി നില്ക്കണം. നിഴലിനു മജ്ജയും മാംസവും മനസ്സും ശരീരവുമില്ല. ഭാര്യ നിഴല്‍ മാത്രമാണ്. എന്നിട്ട് അവരുടെ എല്ലാ വിഡ്ഢിത്തരങ്ങള്‍ക്കും ശക്തിപ്രകടനങ്ങള്‍ക്കും മൃഗീയവാസനകള്‍ക്കും സ്തുതിപാടി നില്ക്കണം. അവര്‍ക്കു രാഗം, ദ്വേഷം, മദം, മാത്സര്യം, കാമം, ഡംഭ്, അസൂയ, ഈര്‍ഷ്യ ഒക്കെ ഉണ്ടാകാം. അതൊക്കെ അവര്‍ക്കു ഭൂഷണമായി കണ്ടു നിഴലുകള്‍ സഹിച്ചോളണം; തേങ്ങാക്കുല!

"ജെയ്സി അമേരിക്കയില്‍ ജീവിക്കാന്‍ തുടങ്ങുകയാണ്. സ്ത്രീകള്‍ക്ക് ഏറ്റവും സ്വാതന്ത്ര്യമുള്ള രാജ്യത്ത്" – അവള്‍ ആത്മഗതം ചെയ്തു.

അവള്‍ കുളിച്ചു ഡ്രസ്സ് മാറി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. തനിച്ചു നഗരത്തില്‍ ചുററിക്കറങ്ങരുതെന്നു സോമനാഥ് പറഞ്ഞിരുന്നു. പിടിച്ചുപറിയും തട്ടിപ്പുമായി നടക്കുന്ന ധരാളം കറുത്ത വര്‍ഗക്കാര്‍ ഉള്ള നഗരംകൂടിയാണിത്.

അവള്‍ ലിഫ്റ്റിറങ്ങി, റിസപ്ഷനില്‍ ഉണ്ടായിരുന്ന തടിച്ച സ്ത്രീയോടു റെസ്റ്റോറന്‍റിനെക്കുറിച്ചു ചോദിച്ചു. ഇവിടെ ഭക്ഷണശാലയില്ലെന്നും അടുത്ത സ്ട്രീറ്റില്‍ പോകണമെന്നും അവര്‍ പറഞ്ഞു, കൈ ചൂണ്ടി കാണിക്കുകയും ചെയ്തു.

അവള്‍ പുറത്തിറങ്ങി പാതയോരം ചേര്‍ന്നുള്ള നടപ്പാതയിലൂടെ നടന്നു. നടന്നുപോകുന്ന ഒരാളെയും ആ സമയത്ത് അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. റോഡിലൂടെ ഇടവിടാതെ കാറുകള്‍ പാഞ്ഞുപോകുന്നു. താമസസ്ഥലത്തുനിന്ന് അല്പദൂരം നടന്നപ്പോഴേക്കും അവള്‍ക്കു ഭയമായി. ഭക്ഷണം വേണ്ടെന്നു വച്ചാലോ എന്നവള്‍ ആലോചിച്ചു. ആളുകള്‍ റോഡ് മുറിച്ചുകടക്കാന്‍ അടയാളപ്പെടുത്തിയ സ്ഥലത്ത് അവള്‍ റോഡ് മുറിച്ചുകടന്നു. ഒരു കവലയിലെത്തി മറ്റൊരു റോഡിലേക്കു പോയി. മടിച്ചുനില്ക്കരുത്. എന്താണു സംഭവിക്കുന്നതെന്ന് അറിയാന്‍ മുമ്പോട്ടുപോകുക. മടിച്ചുനില്ക്കുന്നവരെ ആരും പിരിഗണിക്കുകയില്ല. അവര്‍ ഒരിടത്തും എത്തിച്ചേരുകയുമില്ല. ഒരിക്കല്‍ വ്യക്തിത്വവികസന ക്ലാസ്സില്‍ ഒരു വ്യവസായ വിദഗ്ദ്ധന്‍ ഉപദേശിച്ചതു ജെയ്സി ഓര്‍മിച്ചു. അവള്‍ മുന്നോട്ടു നടന്നു. ഒരു റെസ്റ്റോറന്‍റ് അവള്‍ കണ്ടെത്തി. അതിനു മുമ്പില്‍ ധാരാളം കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. റെസ്റ്റോറന്‍റില്‍ ധാരാളം ആളുകള്‍ ഭക്ഷണം കഴിക്കുന്നത് അവള്‍ കണ്ടു. ദൈവമേ! എല്ലായിടത്തെപ്പോലെതന്നെ ഇവിടെയും ഭക്ഷണശാലയില്‍ നല്ല തിരക്കാണ്. അവള്‍ വിചാരിച്ചു.

സെല്‍ഫ് സര്‍വീസ് റെസ്റ്റോറന്‍റാണ്. തനിക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങ്ള്‍ തിരഞ്ഞെടുത്തു ബില്ലിന്‍റെ തുക ക്രെഡിറ്റ് കാര്‍ഡ് മെഷീനിലൂടെ നല്കി. ഭക്ഷണമേശയില്‍ കൊണ്ടുവന്നു വച്ചു കഴിക്കാം. ചിലര്‍ ഭക്ഷണവും കോഫിയും വാങ്ങി കാറില്‍ കയറി പാഞ്ഞുപോകുകയാണ്.

അവള്‍ ഒരു ബര്‍ഗറും കാപ്പിയുമാണു കഴിച്ചത്. ഏതു രാജ്യത്തു ചെന്നാലും ആ രാജ്യത്തെ ഭക്ഷണം കഴിക്കണം. എങ്കിലേ മറ്റൊരു രാജ്യത്തു ചെന്നതായി നമുക്കു തോന്നുകയുള്ളൂ. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കയ്യിലിരുന്ന ബില്ലിലേക്കു നോക്കി; പത്തു ഡോളര്‍. ദൈവമേ, അറുനൂറ്റിനാല്പതു രൂപാ! അല്പനേരത്തേയ്ക്കു ബര്‍ഗര്‍ അവളുടെ തൊണ്ടയില്‍ തങ്ങിനിന്നു. അവള്‍ക്കു ശ്വാസം മുട്ടിപ്പോയി. ഇന്ത്യയില്‍ അറുനൂറ്റിനാല്പതു രൂപായ്ക്കു പത്തു പേരുടെ വിശപ്പു മാറാനുള്ള ഭക്ഷ ണം ലഭിക്കുമെന്ന് അവളോര്‍ത്തു.

ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ അവള്‍ക്ക് അത്ര സംതൃപ്തി തോന്നിയില്ല. കൂടിയാല്‍ നൂറു രൂപായ്ക്കുണ്ട്, അവള്‍ പിറുപിറുത്തു. എന്നാലും ഒറ്റയ്ക്കു മറ്റൊരു സ്ട്രീറ്റിലെത്തി ഭക്ഷണം കഴിച്ചുമടങ്ങുന്ന ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ അവള്‍ക്ക് അഭിമാനം തോന്നി. ഇപ്പോഴും കോട്ടയം നഗരത്തില്‍ ചെന്നാല്‍ വെളിവു നഷ്ടപ്പെടുന്ന അമ്മയെപ്പറ്റി അവളോര്‍ത്തു. ചിക്കാഗോ നഗരത്തില്‍ ഉദയഗിരി എന്ന ഓണംകേറാമൂലയില്‍ നിന്നു വന്ന പെണ്‍കുട്ടിയാണ് ഒറ്റയ്ക്കു നടക്കുന്നത്. തന്‍റെ നാട്ടിലുള്ള എത്ര പെണ്‍കുട്ടികള്‍ക്ക് ഇതു ചെയ്യാന്‍ കഴിയും? അവള്‍ തലനിവര്‍ത്തിപ്പിടിച്ചു ഹോട്ടലിലേക്കു മടങ്ങിപ്പോയി.

മുറിയിലെത്തി അവള്‍ കട്ടിലിലിരുന്നു. ലാപ്പ്ടോപ്പ് എടുത്തു തുറന്നു. അവളുടെ മുറിയില്‍ ഇന്‍റര്‍നെറ്റ് കണക്ഷനെടുക്കാനുള്ള സൗകര്യമുണ്ട്. അവള്‍ ഇ-മെയിലുകള്‍ പരിശോധിച്ചു മറുപടി അയച്ചു. കമ്പനിയിലേക്കു മെസേജ് അയച്ചു. ചിക്കാഗോയില്‍ എത്തിച്ചേര്‍ന്നെന്നും ഒരു പാര്‍ക്ക് റെസിഡന്‍സി ഹോട്ടലിന്‍റെ പതിനഞ്ചാം നിലയിലെ ഒരു മുറിയില്‍ താമസിക്കുകയാണെന്നും അവിടെ നിന്നു ജനാലിലൂടെയുള്ള ചിക്കാഗോ നഗരദൃശ്യം കണ്ട് അന്തംവിട്ടുപോയെന്നും നാളെ ജോലിക്കു ചേരണമെന്നും കമ്പനിയുടെ ഇവിടത്തെ ഓഫീസ് മാനേജര്‍ ഒരു തമിഴന്‍ സോമനാഥ് ആണെന്നും അവള്‍ റോബിനും സൂരജിനും ഷെറിനും മെയിലയച്ചു. ജനാലയിലൂടെ അവള്‍ മൊബൈല്‍ ഫോണില്‍ എടുത്ത നഗരദൃശ്യത്തിന്‍റെ ഫോട്ടോയും അതില്‍ ചേര്‍ത്തു.

രാത്രിയും പകലും തലിതിരിഞ്ഞു വന്നതിനാല്‍ അവള്‍ കുറേനേരംകിടന്നുറങ്ങി. ഉച്ചകഴിഞ്ഞു നഗരത്തിലൊന്നു ചുറ്റിക്കറങ്ങിയാലോ എന്നുപോലും അവള്‍ക്കു തോന്നി. പക്ഷേ, സോമനാഥിന്‍റെ മുന്നറിയിപ്പുകളിലൊന്നു പരിചയമില്ലാത്തിടത്ത് ഒറ്റയ്ക്കു കറങ്ങിനടക്കുന്നത് അപകടകരമാണെന്നായിരുന്നു.

എന്നാലും അവള്‍ റിസപ്ഷനിലെ തടിച്ച സ്ത്രീയോട് ഇവിടെ കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങളുണ്ടോ എന്ന് അന്വേഷിച്ചു.

"നിങ്ങള്‍ക്കു മനോഹരമായ ഒരു സ്ഥലം സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മിച്ചിഗണ്‍ തടാകത്തിന്‍റെ തീരത്തേയ്ക്കു പോകുക. ലോകത്തിലെ ഏറ്റവും സുന്ദരമായ തടാകങ്ങളിലൊന്നു നിങ്ങള്‍ക്കു കാണാം. ചിക്കാഗോ നഗരത്തിന്‍റെ വടക്കു-കിഴക്കേ അതിരില്‍ മഹത്തായ മിച്ചിഗണ്‍ തടാകം സ്ഥിതിചെയ്യുന്നു. തടാകത്തിന്‍റെ വടക്കേ അതിരില്‍ കാനഡ തുടങ്ങുന്നു. താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കു തടാകത്തില്‍ ബോട്ട്സവാരിയും ചെയ്യാം. ചിക്കാഗോ നദിയിലൂടെയും നിങ്ങള്‍ക്കു സഞ്ചരിക്കാം."

അവര്‍ താത്പര്യപൂര്‍വം വിശദീകരിച്ചിട്ടു ചോദിച്ചു: "നിങ്ങള്‍ എവിടെനിന്നു വരുന്നു; മെക്സിക്കോ?"

"എന്നെ കണ്ടാല്‍ മെക്സിക്കോയില്‍ നിന്നാണെന്നു തോന്നുമോ?" – അവള്‍ ചോദിച്ചു.

"തീര്‍ച്ചയായും നിങ്ങള്‍ ഒരു മെക്സിക്കന്‍ സുന്ദരിയാണെന്നു തോന്നും."

അപ്പോള്‍ മലയാളികള്‍ക്കു മെക്സിക്കോകാരുമായി രൂപസാദൃശ്യമുണ്ടാകുമെന്നു ജെയ്സി അനുമാനിച്ചു.

അവള്‍ പറഞ്ഞു: "മെക്സിക്കോയില്‍നിന്നല്ല; ഇന്ത്യയില്‍നിന്നാണ്. കേട്ടിട്ടുണ്ടോ ഇന്ത്യയെപ്പറ്റി?"

"ഓ, ധാരാളം" – അവര്‍ പറഞ്ഞു.

"ഇന്ത്യന്‍ സംസ്കാരത്തെപ്പറ്റി വല്ലതും അറിയാമോ? അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടതിന്" – ജെയ്സി പറഞ്ഞു.

"എനിക്കൊന്നും അറിഞ്ഞുകൂടാ. ജീവിതത്തിനുതകാത്ത കാര്യങ്ങളൊന്നും ഞങ്ങള്‍ പഠിക്കാറില്ല."

ഭാരത സംസ്കാരത്തെപ്പറ്റി, സ്കൂള്‍ സംസ്ഥാനതല പ്രസംഗമത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ പെണ്ണാണു നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നതെന്നു പറയാന്‍ ജെയ്സി ആഗ്രഹിച്ചു. അന്നു പറഞ്ഞ വാക്കുകള്‍ അവളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ശുദ്ധസാത്വികരായി നിഷ്കളങ്കരായി സ്വയം പ്രകാശമായി ആത്മാവില്‍ രമിച്ചു ബഹുശാന്തമായും സന്തോഷമായും സുഖമായും ദേവതുല്യരായി ഭൂമിയില്‍ വസിക്കേണ്ട ജീവിതരീതിയാണു ഭാരതസംസ്കാരത്തിലടങ്ങിയിരിക്കുന്നത്. ഈ മഹത്തായ നിര്‍വചനം ഇപ്പോള്‍ അവിടെ ജീവിക്കുന്നവര്‍ക്കുപോലും അറിഞ്ഞുകൂടാ. ആ നിര്‍വചനവും അവിടത്തെ മനുഷ്യരുടെ ജീവിതവും തമ്മില്‍ എന്തു ബന്ധമാണുണള്ളതെന്ന് ഓര്‍ത്തപ്പോള്‍ അവള്‍ക്കു ചിരി വന്നു.

"നിങ്ങളുടെ രാജ്യത്തിന്‍റെ മൂന്നിലൊന്നു വിസ്തീര്‍ണമാണു ഞങ്ങളുടെ രാജ്യത്തിനുള്ളത്. പക്ഷേ, ജനസംഖ്യ, നിങ്ങളുടെ രാജ്യത്തെ ജനസംഖ്യയുടെ നാലിരട്ടി വരും. ഞങ്ങളുടെ രാജ്യം ഭരിച്ചു ദേവലോകം പോലെയാക്കാന്‍ മത്സരിച്ചു നില്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ എണ്ണം തൊണ്ണൂറിലധികം വരും! അതൊരു പക്ഷേ ലോകറിക്കാര്‍ഡ് ആയിരിക്കും. ഇവിടത്തെ ഉരുളക്കിഴങ്ങില്ലേ, അതുകൊണ്ടു ഞങ്ങളുടെ രാജ്യത്തു മുന്നൂറ്റിമുപ്പതുതരം കറികളുണ്ടാക്കും! അതും ലോകറിക്കാര്‍ഡാണ്. നിങ്ങള്‍ ഇന്ത്യയിലേക്കു വരിക. ഇന്ത്യയിലെ കാഴ്ചകള്‍ നിങ്ങള്‍ക്കു ലോകത്തില്‍ മറ്റൊരിടത്തും ലഭിക്കുകയില്ല" – ജെയ്സി ചിരിച്ചുകൊണ്ടു പറഞ്ഞു.

ആ തടിച്ച സ്ത്രീക്ക് അവളെ ഇഷ്ടമായി. അവര്‍ അവള്‍ക്ക് ഒരു ചോക്ലേറ്റ് നല്കി. ഒരുപക്ഷേ, അതു വായിലിട്ടാല്‍ അവള്‍ പിന്നെ സംസാരിക്കുകയില്ലെന്നു വിചാരിച്ചിട്ടുണ്ടാകും!

ജെയ്സി കാഴ്ചകള്‍ കാണാനൊന്നും പുറത്തു പോയില്ല. അതൊക്കെ ഇവിടെ പരിചയമായിട്ടു മതിയെന്ന് അവള്‍ തീരുമനിച്ചു. മുറിയിലെത്തി സമാധാനമായി അവള്‍ കിടന്നുറങ്ങി.

പിറ്റേന്നു പ്രഭാതത്തില്‍ സോമനാഥിന്‍റെ ഫോണ്‍ വന്നു. "റെഡിയായി നില്ക്കുക. പാസ്പോര്‍ട്ട്, ഐഡികാര്‍ഡ് ഒക്കെ എടുക്കാന്‍ മറക്കരുത്. ഞാന്‍ ഉടന്‍ അവിടെ എത്തും."

ജെയ്സി പെട്ടെന്ന് ഒരുങ്ങി. പാന്‍റും ഷര്‍ട്ടും ഓവര്‍ക്കോട്ടുമായിരുന്നു വേഷം. കമ്പനിയില്‍ നിന്നു ഡ്രസ്സിനെപ്പറ്റി പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. കെട്ടും മട്ടും മോശമായാല്‍ കമ്പനിക്കാണ് അതിന്‍റെ നാണക്കേട്.

മുറി പൂട്ടി അവള്‍ താഴെയെത്തി സോമനാഥിനെ കാത്തുനിന്നു.

അല്പസമയത്തിനകം കാറുമായി സോമനാഥെത്തി.

"വരൂ, പോകാം – സോമനാഥ് കാറില്‍ നിന്നിറങ്ങാതെ വിളിച്ചു.

ജെയ്സി കാറില്‍ കയറി.

"നമ്മള്‍ ഓഫീസില്‍ ചെന്നിട്ടാണു പോകുന്നത്. അവിടെനിന്നു കുറേ ദൂരം പോകണം" – സോമനാഥ് പറഞ്ഞു.

ഹോട്ടലില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ടാകും സോമനാഥിന്‍റെ ഓഫീസിലേക്ക്. അതിനിടയില്‍ ഒരു പാലം കടന്നു. മെയിന്‍ റോഡില്‍ നിന്നു തിരിഞ്ഞ് ഒരു ലിങ്ക് റോഡിനരികിലായിരുന്നു ഓഫീസ് കെട്ടിടം. കമ്പനിക്കുവേണ്ടി പുതിയ പ്രോജക്ടുകള്‍ കണ്ടെത്തുക എന്നതായിരുന്നു സോമനാഥിന്‍റെ ദൗത്യം.

അവര്‍ ഓഫീസില്‍ ഇറങ്ങി.

"ഇതൊരു ഒറ്റയാള്‍ ഓഫീസാണ്. മാനേജരും ക്ലര്‍ക്കും എല്ലാം ഞാന്‍ തന്നെ" – സോമനാഥ് പറഞ്ഞു. അയാള്‍ ഒരു ബുക്കില്‍ എന്തോ എഴുതി. ജെയ്സിയോട് ആ ബുക്കില്‍ ഒരു ഒപ്പിട്ടേക്കാന്‍ അയാള്‍ പറഞ്ഞു. സോമനാഥിന്‍റെ പേരും വിലാസവും ഫോണ്‍നമ്പറും രേഖപ്പെടുത്തിയ ഒരു കാര്‍ഡും അയാള്‍ ജെയ്സിക്കു കൊടുത്തു. "പുറത്തിറങ്ങുമ്പോള്‍ ഇതൊക്കെ കയ്യിലുണ്ടായിരിക്കണം. നഗരത്തില്‍ ഇതൊക്കെയാണു പിടിവള്ളികള്‍. നമ്മള്‍ എപ്പോഴും നമ്മുടെ കാര്യം നോക്കണം. സഹായം ആവശ്യമായി വന്നാല്‍ പൊലീസുകാരെ സ മീപിക്കാം. മറ്റുള്ളവര്‍ക്ക് ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല. നമ്മുടെ രാജ്യത്തെപ്പോലെ മറ്റുള്ളവരുടെ ചലനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടു നടക്കുന്നവരെ ഇവിടെ കാണുകയില്ല. ഇന്ത്യക്കാരന്‍ അമേരിക്കയിലെത്തിയാല്‍ അവര്‍ അമേരിക്കക്കാരേക്കാള്‍ ഡീസന്‍റാ!" – സോമനാഥ് ചിരിച്ചു.
അവര്‍ കാറില്‍ കയറി, ഹൈവേയില്‍ കടന്നു കാര്‍ പായിച്ചു.

"ജെയ്സിയുടെ പ്രോജക്ട് ഒരു സൂപ്പര്‍ സ്റ്റോറിനുവേണ്ടി ചെയ്യാനുളളതാണ്. ഇനി ജെയ്സി അവരുടെ സ്റ്റാഫായി മാറും. സൂപ്പര്‍ സ്റ്റോര്‍ എന്നു പറഞ്ഞാല്‍ ജെയ്സിയുടെ സങ്കല്പത്തിനൊക്കെ അപ്പുറത്താണ്. ഒരു സൂപ്പര്‍സ്റ്റോറിന്‍റെ വിസ്തീര്‍ണം കുറഞ്ഞത് അമ്പതിനായിരം സ്ക്വയര്‍ അടി വരും. അത്തരം നൂറും ഇരുനൂറു സൂപ്പര്‍ സ്റ്റോറുകള്‍, പലയിടങ്ങളില്‍ പല സിറ്റികളില്‍ ഈ കമ്പനികള്‍ക്കുണ്ടാകും. അവര്‍ക്ക് ഓരോ ദിവസവും പുതിയ സോഫ്റ്റ്വെയറുകള്‍ ആവശ്യമായി വരും. അതുണ്ടാക്കി കൊടുക്കുന്ന ചുമതല രണ്ടു വര്‍ഷത്തേയ്ക്കു ജെയ്സിക്കാണ്. അവര്‍ക്കിഷ്ടപ്പെട്ടാല്‍ നാലോ അഞ്ചോ വര്‍ഷം ജോലി ലഭിച്ചേക്കും. ജോലിയെപ്പറ്റിയൊക്കെ കമ്പനിയുടെ ഓഫീസില്‍നിന്നു വിവരങ്ങള്‍ തരും. ജെയ്സിക്ക് അവിടെയൊരു മാനേജര്‍ ഉണ്ടാകും. മിക്കവാറും ഒരു അമേരിക്കക്കാരന്‍" – സോമനാഥ് കാറോടിക്കുന്നതിനിടയില്‍ പറഞ്ഞുകൊണ്ടിരുന്നു.

ജെയ്സിയുടെ മനസ്സിലുണ്ടായിരുന്ന ജോലിയെപ്പറ്റിയുള്ള സങ്കല്പത്തിന്‍റെ ഗ്രാഫ് കുത്തനെ താഴേയ്ക്കു പോയി. എത്രയായാലും ഒരു കച്ചവടസ്ഥാപനത്തിന് അന്നന്ന് ആവശ്യമായിവരുന്ന സോഫ്റ്റ് വെയറുകള്‍ ചെയ്തുകൊടുക്കുന്ന ജോലിയല്ലേ? അതും ഒറ്റയ്ക്ക് അവളുടെ മുഖത്തെ പ്രകാശം അല്പം മങ്ങി.

"ജോലി സ്ഥലത്തിനടുത്തു ജെയ്സിക്കു താമസസൗകര്യം ലഭിച്ചെന്നു വരികയില്ല. പോക്കുവരവിനു പഴയൊരു കാര്‍ വാങ്ങേണ്ടതായി വരും. മൂവായിരമോ മൂവായിരത്തഞ്ഞുറോ ഡോളര്‍ കൊടുത്താല്‍ പഴയൊരു കാര്‍ വാങ്ങാവുന്നതാണ്. ഇവിടത്തെ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കണം."

"രണ്ടു വര്‍ഷത്തേയ്ക്കു കാര്‍ വാങ്ങുക. ലൈസന്‍സെടുക്കുക. അതിന്‍റെ ആവശ്യമുണ്ടോ? ബസ്സില്‍ യാത്ര ചെയ്യരുതോ?" – അവള്‍ ചോദിച്ചു.

"ജെയ്സി ബസുകള്‍ കുറവാണ്. നമ്മുടെ സൗകര്യത്തിനു കിട്ടുകയില്ല. തണുപ്പുകാലത്തു മരണ തണുപ്പു വരും. മൈനസ് പതിനഞ്ചു ഗിഡ്രി വരെ. പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. അതൊക്കെ സാവധാനം ആലോചിച്ചാല്‍ മതി" – സോമനാഥ് പറഞ്ഞു.

അവര്‍ ഒരു വമ്പന്‍ കെട്ടിടത്തിന്‍റെ കാര്‍പാര്‍ക്കിങ്ങ് ഏരിയായില്‍ കാര്‍ ഒതുക്കി ഇറങ്ങി.

കെട്ടിടത്തിന്‍റെ മുകള്‍ നിലയിലുള്ള ഓഫീസിലേക്കു ലിഫ്റ്റില്‍ കയറി. ഓഫീസിനടുത്ത് അവര്‍ ലിഫ്റ്റിറങ്ങി. ഓഫീസിന്‍റെ ഒരറ്റത്തുള്ള മാനേജരുടെ കാബിനിലേക്ക് അവര്‍ പ്രവേശിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org