ആയുഷ്ക്കാലം – അദ്ധ്യായം 7

ആയുഷ്ക്കാലം – അദ്ധ്യായം 7

ജോസ് ആന്‍റണി

ഹോട്ടലിന്‍റെ കവാടം കടക്കുമ്പോള്‍ 'വിക്ടോറിയ ഹോട്ടല്‍' എന്നു നീലപ്രകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന ആ പേരു ജോയിച്ചന്‍റെ മനസ്സില്‍ പതിഞ്ഞു. പാര്‍ക്കിംഗ് സ്ഥലത്തു കാര്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍ തൊട്ടുമുമ്പില്‍ ഉയര്‍ന്നുനില്ക്കുന്ന ആ ബഹുനിലമന്ദിരത്തിന്‍റെപ്രൗഢിയും മനസ്സിലുടക്കി.

ഒരു താത്പര്യവുമുണ്ടായിട്ടല്ല ജോയിച്ചനും അന്നക്കുട്ടിയും അവിടേക്കു പുറപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് അവര്‍ വന്നു ക്ഷണിച്ചത്. എബിയും ആതിരയും റോബിന്‍റെ സുഹൃത്തുക്കളാണ്. ഒരുമിച്ചു ജോലി ചെയ്യുന്നവര്‍. എബി, റോബിന്‍റെ സീനിയര്‍ ഉദ്യോഗസ്ഥനാണ്. സുഹൃത്തുക്കള്‍ക്കായി എബിയും ആതിരയും ചേര്‍ന്ന് ഒരു അത്താഴസദ്യയൊരുക്കുന്നു. റോബിന്‍റെ പപ്പയും മമ്മിയും വന്നിട്ടുണ്ടെന്നറിഞ്ഞ് അവര്‍ വീട്ടില്‍ വന്നു ക്ഷണിച്ചു. ഈ ചടങ്ങിലെ വിശിഷ്ടാതിഥികളായിട്ടാണു ജോയിച്ചനെയും അന്നക്കുട്ടിയെയും ക്ഷണിക്കുന്നതെന്നു പ്രത്യേകം പറഞ്ഞു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ റോബിന്‍ പറഞ്ഞു.

"പപ്പാ, ചെന്നില്ലെങ്കില്‍ എബിക്കു വിഷമമാകും. എബി അത്തരമൊരു പ്രകൃതക്കാരനാ. സാധാരണ ഫോണിലൂടെയുള്ള വിളിയേയുളളൂ. ഇവിടെ വന്നു വിളിച്ച സ്ഥിതിക്കു നമുക്കു പോകണം പപ്പാ."

പിള്ളേര്‍ക്കു വിഷമമാകണ്ട എന്നു കരുതിയാണ് അവരുടെകൂടെ ഇറങ്ങിയത്.

ബെര്‍ത്ത്ഡേ പാര്‍ട്ടിയായിരിക്കുമെന്നാണു റോബിന്‍ പറഞ്ഞത്.

അവര്‍ മുകള്‍നിലകളിലൊന്നില്‍ ലിഫ്റ്റിലിറങ്ങി ഒരു ഇടത്തരം ഹാളിലേക്കു പ്രവേശിച്ചു. അവിടെ പത്തുമുപ്പത് ആളുകള്‍ എത്തിയിട്ടുണ്ട്. എല്ലാവരും ചെറുപ്പക്കാരാണ്. ജോയിച്ചന്‍ തന്‍റെ പ്രായക്കാരായി ആരെങ്കിലുമുണ്ടോ എന്ന് ഒരന്വേഷണം നടത്തി; ആരെയും കണ്ടില്ല.

ഹാളിന്‍റെ പിന്നറ്റത്തു ഭക്ഷണവസ്തുക്കള്‍ വലിയ പാത്രങ്ങളില്‍ ഏതാനും മേശമേല്‍ നിരത്തിക്കൊണ്ടിരിക്കുകയാണ്. യൂണിഫോമണിഞ്ഞ ഹോട്ടല്‍ ജോലിക്കാരാണ് അതു ചെയ്യുന്നത്. ഒരു മൂലയില്‍ ചെറിയ ബാറും തയ്യാര്‍ ചെയ്തിട്ടുണ്ട്. ആണും പെണ്ണുമടക്കം മിക്കവരും അവിടെ പോയി അവര്‍ക്കാവശ്യമുള്ള പാനീയം വാങ്ങിക്കഴിച്ചുകൊണ്ടു വട്ടം കൂടി നിന്നു സംസാരിക്കുന്നു.

"പപ്പാ നമുക്കു ലേശം വൈന്‍ കുടിച്ചുകൊണ്ട് അവരോടൊപ്പം കൂടാം. എല്ലാവരും തന്നെ എന്‍റെ സുഹൃത്തുക്കളാണ്" – റോബിന്‍ പറഞ്ഞു.

"ഞാന്‍ ലിക്വറൊന്നും കഴിക്കാറില്ല മോനെ" – ജോയിച്ചന്‍ പറഞ്ഞു.

"നല്ല വൈന്‍; ലേശം കഴിക്കാം. ഇല്ലെങ്കില്‍ നമ്മള്‍ തനി മലമൂടന്മാരാണെന്നു മറ്റുള്ളവര്‍ വിചാരിക്കും. വൈന്‍ ലിക്വറായി കരുതണ്ട പപ്പാ."

റോബിന്‍റെ പിന്നാലെ അവര്‍ ആ മൂലയിലേക്കു നടന്നു.

റോബിന്‍ നാലു പേര്‍ക്കു വൈന്‍ പറയുമ്പോള്‍ ജെയ്സി പറഞ്ഞു: "എനിക്ക് ഷാമ്പെയ്ന്‍ മതി, റോബിന്‍."

"അതെന്താ മോളേ?"-ജോ യിച്ചന്‍ ചോദിച്ചു.

"അതു പെണ്ണുങ്ങള്‍ക്കായി ഫ്രഞ്ചുകാര്‍ നിര്‍മിച്ച ഒരു പാനീയമാണ്"- ജെയ്സി പറഞ്ഞു.

"നിനക്ക് ഇതൊക്കെ എങ്ങനെയാ പരിചയം?"- അന്നക്കുട്ടി ചോദിച്ചു.

"അമ്മേ, ഇവിടെ കുറേക്കാലം ജീവിച്ചാല്‍ ഇതൊക്കെ പരിചയമാകും. മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യമെങ്കിലും ഇത്തരം അത്താഴസദ്യകളുണ്ടാകും. ചിലപ്പോള്‍ കമ്പനിയില്‍ ആഘോഷമുണ്ടാകാറുണ്ട്. കമ്പനിക്കു നല്ല പ്രോജക്ടുകള്‍ ലഭിച്ചാല്‍, കമ്പനിക്കു നല്ല ലാഭമുണ്ടായാല്‍ കമ്പനിയിലെ മേലുദ്യോ

ഗസ്ഥന്മാര്‍ വിദേശയാത്ര പോകുന്നതിന്, സ്ഥാനക്കയറ്റം ലഭിക്കുന്നതിന് അങ്ങനെ ഒരുപാടു കാരണങ്ങള്‍ക്ക് ആഘോഷങ്ങള്‍ ഉണ്ടാകറുണ്ട്. അവിടെയെല്ലാം ഡ്രിങ്ക്സ് പ്രധാനമാണ്. ആവശ്യക്കാര്‍ക്ക് ഇഷ്ടംപോലെ കഴിക്കാം. ഒട്ടും കഴിക്കാതിരുന്നാല്‍ നമ്മള്‍ ഒറ്റപ്പെട്ടുപോകും. ക്ഷണിക്കപ്പെട്ടവര്‍ക്കു വേണ്ടിയാണല്ലോ ഭക്ഷണപാനീയങ്ങള്‍ ഒരുക്കപ്പെട്ടിരിക്കുന്നത്. അതില്‍ സഹകരിക്കുന്നവരെയാണ് എല്ലാവര്‍ക്കും ഇഷ്ടം"- ജെയ്സി ചിരിച്ചു.

അപ്പോഴേക്കും ജോയിച്ചന്‍റെ പ്രായമുള്ള ഒരാളും ഭാര്യയും ഹാളിലേക്കു പ്രവേശിച്ചു. പെട്ടെന്ന് എവിടെനിന്നോ എബിയും ആതിരയും പ്രത്യക്ഷപ്പെട്ടു. അവരെ ആദരപൂര്‍വം സ്വീകരിച്ചു കുശലം പറഞ്ഞു.

അവര്‍ എന്തോ തമാശ പറഞ്ഞു ചിരിച്ചുകൊണ്ടു പാ നീയങ്ങള്‍ വച്ചിരിക്കുന്ന മൂലയിലേക്കാണു വന്നത്.

റോബിന്‍ അദ്ദേഹത്തെ വിഷ് ചെയ്തു.

മുന്തിയ ഇനം വിസ്കി രണ്ടു ലാര്‍ജ് അയാള്‍ ആവശ്യപ്പെട്ടു. മദ്യം പകര്‍ന്ന് അതില്‍ ഐസ് കഷണങ്ങളിട്ടു സോഡ ഒഴിച്ച് ബാര്‍മാന്‍ അയാള്‍ക്കു കൊടുത്തു. ഒരു ഗ്ലാസ് അയാള്‍ ഭാര്യയ്ക്കു കൈമാറി.

അത് ആരാണെന്നു ജോയിച്ചന്‍ റോബിനോടു ചോദിച്ചു.

"അതു കമ്പനിയുടെ സെയില്‍സ് മാനേജരാണ്. മലയാളിയാണ്" – റോബിന്‍ പറഞ്ഞു.

റോബിന്‍ വൈന്‍ ഗ്ലാസുകള്‍ എടുത്തുകൊണ്ടുവന്നു ജോയിച്ചനും അന്നക്കുട്ടിക്കും കൈമാറി.

ഒരു ചമ്മലോടെ അന്നക്കുട്ടി നില്ക്കുന്നതു കണ്ടു ജെയ്സി പറഞ്ഞു: "അതു കഴിച്ചോ അമ്മച്ചി; കുഴപ്പമില്ല."

കൂടുതല്‍ ആളുകള്‍ ഹാളിലേക്കു കടന്നുവന്നുകൊണ്ടിരുന്നു. പലരും ശബ്ദമുയര്‍ത്തി സംസാരിച്ചു തുടങ്ങി. തമാശകളും പൊട്ടിച്ചിരികളും മുഴങ്ങി.

ജോയിച്ചനും അന്നക്കുട്ടിയും എല്ലാം അത്ഭുതത്തോടെ കാണുകയായിരുന്നു. യുവതികള്‍ ഒരു കൂസലും കൂടാതെ ആണുങ്ങളുടെ ഒപ്പം മത്സരിച്ചു മദ്യപിക്കുന്നു. ഒരാള്‍ സ്റ്റേജില്‍ കയറി മൈക്കിലൂടെ ഇംഗ്ലീഷില്‍ പറഞ്ഞുതുടങ്ങി.

"ഇന്ന് എബിയും ആതിരയും നമ്മളെ ഇവിടേക്കു ക്ഷണിച്ചിരിക്കുന്നത് അവരുടെ സന്തോഷത്തില്‍ പങ്കുകൊളളുന്നതിനുവേണ്ടിയാണ്. അവര്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുകയാണ്. അവര്‍ക്ക് എല്ലാ നന്മകളും നേരുന്നു. എബിയും ആതിരയും ഒരു കേക്ക് കട്ട് ചെയ്ത് ഇന്നത്തെ ആഘോഷം ആരംഭിക്കുന്നു. എബിയെയും ആതിരയെയും സ്റ്റേജിലേക്കു ക്ഷണിക്കുകയാണ്."

വേദിയിലെ മേശമേല്‍ വലിയൊരു കേക്ക് ഒരാള്‍ കൊണ്ടുവന്നു വയ്ക്കുന്നു. പിന്നാലെ എബിയും ആതിരയും വന്നു. അവര്‍ കേക്ക് മുറിച്ച് ഓരോ കഷണമെടുത്തു പരസ്പരം കൈമാറുന്നു. എല്ലാവരും കയ്യടിക്കുന്നു.

ഹോട്ടല്‍ ജോലിക്കാരന്‍ കേക്ക് മുറിച്ചു സദസിലുള്ളവര്‍ക്കു വിതരണം ചെയ്തു.

"രണ്ടു വാക്കു സംസാരിക്കുന്നതിനായി നമുക്കെല്ലാം പ്രിയങ്കരനായ അരവിന്ദന്‍ സാറിനെ വേദിയിലേക്കു ക്ഷണിക്കുന്നു"' – അവതാരകന്‍ പറഞ്ഞു.
കമ്പനിയുടെ മാനേജരാണെന്നു പരിചയപ്പെടുത്തിയ ആള്‍ സ്റ്റേജിലേക്കു കയറി.

"ഏറ്റവും പ്രിയപ്പെട്ടവരേ, ഇവിടെ സന്നിഹിതരായിരിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇതെന്താഘോഷമാണെന്നു ശരിക്കു മനസ്സിലാവാതെ വന്നിട്ടുണ്ടാവാം. വിവാഹവാര്‍ഷികങ്ങള്‍, ജന്മദിനങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍, വിജയങ്ങള്‍ ഒക്കെയും അത്താഴസദ്യകള്‍ക്കു കാരണമാകാറുണ്ട്. ഐടി പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം വല്ലാതെ ടെന്‍ഷന്‍ അനുഭവിക്കേണ്ടിവരുന്ന ഒരു ജീവിതം നയിക്കുന്നവരാണ്. തന്നെയുമല്ല ഒരു ആന്തരിക അരക്ഷിതാവസ്ഥ, ഒരു അനിശ്ചിതാവസ്ഥ അവരെ വലയം ചെയ്തുനില്ക്കുന്നു. ഇത്തരം ജീവിതവുമായി മുന്നേറുന്നവര്‍ക്ക് ഇപ്പോള്‍ ഇവിടെ നടക്കുന്നതുപോലുള്ള അത്താഴസദ്യകള്‍ ആശ്വാസകരമാണ്. ഉള്ളില്‍ തളംകെട്ടി നില്ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ഒരു താത്കാലിക ശമനം അതുകൊണ്ടു ലഭിക്കുന്നു."

"അനേക വര്‍ഷമായി കുടുംബജീവിതം കൊണ്ടുനടക്കുന്നവര്‍ക്ക് എബിയുടെയും ആതിരയുടെയും ഒരുമിച്ചുള്ള ജീവിതം അഞ്ചു വര്‍ഷം തികയ്ക്കുന്നതിന്‍റെ ആഘോഷത്തെ കാര്യമായി തോന്നുകയില്ല. അവരുടെ അറിവിലേക്കായി പറയട്ടെ, എനിക്ക് അമ്പത്തഞ്ചു വയസ്സായി. മുപ്പതു വയസ്സുള്ളപ്പോഴാണു ഞാന്‍ ബാംഗ്ലൂരില്‍ വരുന്നത്. അതിനുമുമ്പു കുറേക്കാലം ഞാന്‍ സിംഗപ്പൂരിലും ഗള്‍ഫിലും ജോലി ചെയ്തിട്ടുണ്ട്. സിംഗപ്പൂരില്‍ വച്ചു ഞാന്‍ ഒരു പ്രണയത്തില്‍പ്പെട്ടു. കാമുകി എന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു ഡല്‍ഹിക്കാരിയായിരുന്നു. ഞങ്ങള്‍ പ്രണയം മൂത്ത് വിവാഹിതരായി. രണ്ടു വര്‍ഷമേ ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചുളളൂ. അപ്പോഴേക്കും ഞങ്ങളുടെ പ്രണയമെല്ലാം നാമാവശേഷമായിപ്പോയിരുന്നു. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. അവിടെ നില്ക്കാനുള്ള വിഷമം കൊണ്ടു ഞാന്‍ ഗള്‍ഫിലേക്കു പോയി. അവിടെനിന്നു ബാംഗ്ലൂരില്‍ വന്നു. ഇവിടെയും ഒരു പ്രണയത്തിലകപ്പെട്ടു. അവളും എന്നോടൊപ്പം ജോലി ചെയ്തിരുന്നവളാണ്. പ്രണയകാലം നീണ്ടുപോകാതെ ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തോടെ എല്ലാ പ്രണയവും അവസാനിച്ചു. ആ ബന്ധം രണ്ടു വര്‍ഷംപോലും നീണ്ടുനിന്നില്ല. പിന്നെ കുറേക്കാലം ഞാന്‍ തനിച്ചു ജീവിച്ചു. ഇപ്പോള്‍ എന്നോടൊപ്പമുള്ളത് എന്‍റെ മൂന്നാമത്തെ ഭാര്യയാണ്. പതിനെട്ടു വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഒരു പ്രശ്നവുമില്ല; ഒരുവിധം സന്തോഷത്തിലുമാണ്. കാരണം, അവള്‍ പുറത്ത് ഒരു ജോലിക്കു പോകുന്നില്ല. ഭാര്യ എന്ന പദവി തന്നെ വലിയൊരു ജോലിയാണ്. ഭാര്യയാണു കുടുംബം നടത്തിക്കൊണ്ടുപോകുന്നത്. അത്രയും ഭാരിച്ച ജോലി ചെയ്യുന്നവര്‍ക്കു നല്ല ശമ്പളംകൂടി കൊടുക്കേണ്ടതാണെന്ന അഭിപ്രായം എനിക്കുണ്ട്."
"മത്സരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഐടി മേഖലയിലെ ജോലിയും ഭാര്യാജോലിയും കൂടി കൊണ്ടുനടക്കാന്‍ അസാമാന്യ കഴിവുകളുള്ള ഒരു പെണ്ണിനു മാത്രമേ കഴിയൂ എന്നാണ് എന്‍റെ വിശ്വാസം. മഹാപ്രതിഭകളുടെ ചലനാത്മകമായ ജീവിതത്തെപ്പോലും തടഞ്ഞുനിര്‍ത്തുന്ന ഒരു ഏര്‍പ്പാടാണു നമ്മുടെ കുടുംബവ്യവസ്ഥയെന്ന് എനിക്കു തോന്നുന്നു. കല്യാണം കഴിഞ്ഞ് ഈ മഹാനഗരത്തിലേക്കു വരുന്ന യുവമിഥുനങ്ങള്‍ക്ക് എന്താണു സംഭവിക്കുന്നത്? അവര്‍ തിരിച്ചുപോകുന്നത് ഒരുമിച്ചല്ലെന്നതാണു സത്യം. പെണ്‍കുട്ടികള്‍ ഈ അമിതഭാരം താങ്ങാനാകാതെ രക്ഷപ്പെട്ടുപോകുന്നതാണു നമ്മള്‍ കാണുന്നത്. അങ്ങനെയുള്ളവര്‍ പരസ്പരം യോജിച്ചുപോകാവുന്നിടത്തു യോജിച്ചുകൊണ്ട് ഒരുമിച്ചു ജീവിക്കുകയാണ്. ജീവിതത്തിനുമേല്‍ ഭാരിച്ച ചുമതലകളൊന്നുമില്ല. നമ്മുടെ നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികമായിട്ടില്ല ഈ ജീവിതരീതി ആരംഭിച്ചിട്ട്. വിദേശരാജ്യങ്ങളില്‍ കുടുംബബന്ധങ്ങള്‍ തകര്‍ന്നപ്പോള്‍ അവര്‍ തുടങ്ങിവച്ചതാണ് ഈ ജീവിതരീതി."

"പ്രണയമെന്നു പറയാനാവില്ല. ശാരീരികസൗഹൃദമെന്നു വേണമെങ്കില്‍ പറയാം. കൊഹാബിറ്റേഷന്‍ എന്നാണ് അവര്‍ പറയുക. സ്ത്രീയും പുരുഷനും വിവാഹം കഴിക്കാതെ കരാറുകളൊന്നുമില്ലാതെ ഒരുമിച്ചു ജീവിക്കുക. മടുത്തു എന്നു തോന്നുമ്പോള്‍ പിരിയുക. അങ്ങനെ അഞ്ചു വര്‍ഷം വിജയകരമായി ജീവിച്ചവരാണു എബിയും ആതിരയും. അവര്‍ക്കു പരാതികളൊന്നുമില്ല. കരച്ചിലും കണ്ണീരും പുരണ്ട ജീവിതമില്ല. ഇങ്ങനെയും സന്തോഷമായി ജീവിക്കാമെന്ന് അവര്‍ ലോകത്തോടു വിളിച്ചുപറയുകയാണ്. ചുരുക്കമിതാണ്, ഒരുപാട് ആഘോഷത്തോടെ ഒരുപാടു പ്രതീക്ഷയോടെ വിവാഹിതരാകുന്ന ചെറുപ്പക്കാര്‍ ജീവിതത്തെ അഭിമുഖീകരിക്കുമ്പോള്‍ പരാജയപ്പെടുന്നു. കു ടുംബമായി ജീവിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍, ആരെങ്കിലും ഒരാള്‍ ജോലി ചെയ്യുക. നമ്മുടെ രാജ്യത്തു കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ഒരാള്‍ ജോലി ചെയ്താല്‍ മതി. ഒരാള്‍ കുടുംബം നടത്തിക്കൊണ്ടുപോകുന്ന ജോലി ഏറ്റെടുക്കുക. രണ്ടുപേരും ഒരുപോലെ ഉന്നത നിലയില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ കുടുംബജീവിതം വഴിമുട്ടുമ്പോള്‍ തമ്മിലടിച്ചോ അടിക്കാതെയോ പിരിയുമ്പോള്‍, ചിലര്‍ക്കു വലിയ ഷോക്കാകും. വീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ സമ്മര്‍ദ്ദങ്ങളുണ്ടാകും. ഇതൊക്കെ താങ്ങാനാകാതെ ചിലര്‍ ആത്മഹത്യയെ ശരണം പ്രാപിക്കും. മനുഷ്യജീവിതത്തിന്‍റെ അവസാന പോയിന്‍റല്ല കുടുംബമെന്നും അതു തകര്‍ന്നാലും നിരാശപ്പെടേണ്ടതില്ലെന്നും പിന്നെയും സന്തോഷമായി ജീവിക്കാന്‍ ഉപാധികളുണ്ടെന്നും നമ്മുടെ പ്രിയപ്പെട്ട എബിയും ആതിരയും ലോകത്തോടു വെളിപ്പെടുത്തുകയാണ്. അവര്‍ക്ക് ഐശ്വര്യപൂര്‍ണമായ ഒരു ജീവിതം ആശംസിച്ചുകൊണ്ടു നിര്‍ത്തുന്നു, നമസ്കാരം."

സദസ്സിലുള്ളവര്‍ കയ്യടിച്ചു.

അദ്ദേഹം വേദിയില്‍ നിന്നിറങ്ങി, മിനിബാറിനടുത്തു നില്ക്കുന്ന ഭാ ര്യയുടെ അടുത്തേയ്ക്കു പോയി.

അവതാരകന്‍ വീണ്ടും വേദിയില്‍ പ്രത്യക്ഷപ്പെട്ടു.
"പ്രിയപ്പെട്ടവരേ, ഇന്ന് ഇവിടെ മുഖ്യാതിഥികളായി എത്തിച്ചേര്‍ന്നിരിക്കുന്നതു നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളായ റോബിന്‍റെയും ജെയ്സിയുടെയും പപ്പയും അമ്മയുമാണ്. പപ്പ ജോയിസാര്‍ ഒരു അദ്ധ്യാപകനാണ്. അദ്ദേഹത്തെ രണ്ടു വാക്കു സംസാരിക്കുന്നതിനായി ക്ഷണിക്കുന്നു. "

"ഞാനെന്തു പറയാനാ റോബിന്‍?" – ജോയിച്ചന്‍ വേദിയിലേക്കു പോകാന്‍ മടിച്ചു.

"ചെല്ല് പപ്പ. എന്തെങ്കിലും പറഞ്ഞാല്‍ മതി. വലിയ സദസ്സൊന്നുമല്ലല്ലോ"-റോബിന്‍ നിര്‍ബന്ധിച്ചു.

ജോയിച്ചന്‍ സ്റ്റേജിലേക്കു ക യറി.

"പ്രിയപ്പെട്ടവരേ, ഞാനിവിടെ ഒരു പുതിയ ആളാണ്. ഇന്നലെ റോബിന്‍റെ സുഹൃത്തുക്കളായ എബിയും ആതിരയും വീട്ടില്‍ വന്ന് ഈ ആഘോഷത്തിനു ക്ഷണിക്കുകയായിരുന്നു. വിവാഹവാര്‍ഷികമോ ജന്മദിനാഘോഷമോ ആയിരിക്കുമെന്നാണു ഞാന്‍ വിചാരിച്ചത്. ഞാന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് അവിടെത്തന്നെ ജീവിക്കുന്ന ഒരാളാണ്. എനിക്കറിയാത്ത ഒരു ലോകമാണു ഞാനിവിടെ കാണുന്നത്. ഒരു പരിചയവുമില്ലാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നതു ശരിയല്ലല്ലോ. കുടുംബം വ്യക്തികള്‍ക്ക് ഒരു ബാദ്ധ്യതയായിത്തീരുന്നു. വ്യക്തികളെ മാത്രമാണു നമ്മള്‍ കാണുന്നത്. നമ്മുടെ മുമ്പില്‍ രാജ്യമില്ല, സമൂഹമില്ല, അയല്ക്കാരില്ല; വ്യക്തികളേയുള്ളൂ. ഇതൊന്നും ഉള്‍ക്കൊള്ളാന്‍ മാത്രം അനുഭവങ്ങളോ വലിയ മനസ്സോ എനിക്കില്ല. എനിക്കു കു ടുംബജീവിതത്തെ തള്ളിപ്പറയാന്‍ സാധിക്കില്ല. ഇരുപത്തിയേഴു വര്‍ഷമായി ഞാന്‍ വിവാഹജീവിതം തുടങ്ങിയിട്ട്. ഞാനും ഒരു കുടുംബത്തിലാണു ജന്മം കൊണ്ടത്. എന്‍റെ പിതാവും മാതാവും എന്നെ വളര്‍ത്തി, വിദ്യാഭ്യാസം ചെയ്യിച്ചു. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി എഴുപത്തിരണ്ടു വര്‍ഷം ജീവിച്ചു. എനിക്കു രണ്ടു മക്കളുണ്ട്. അവരും കുടുംബമായി ജീവിച്ച്, കുട്ടികളെ ജനിപ്പിച്ചു വളര്‍ത്തി, മനുഷ്യവംശത്തിനു പിന്‍ഗാമികളെ നിലനിര്‍ത്തണമെന്നാണ് എന്‍റെ ചിന്ത. എബിനും ആതിരയും പിന്തുടരുന്ന, വിദേശരാജ്യങ്ങളില്‍ അനേകം പേര്‍ അനുഷ്ഠിച്ചുവരുന്ന ഈ ജീവിതരീതി നല്ലതോ ചീത്തയോ എന്നു വിലയിരുത്താന്‍ ഞാനാരുമല്ല. പക്ഷേ, അവരാണോ മനുഷ്യവംശത്തിന്‍റെ അവസാന കണ്ണികള്‍ എന്നു ഞാന്‍ സംശയിച്ചുപോകുകയാണ്."

"നമ്മുടെ കുടുംബജീവിതത്തിനു കുറേ ജീര്‍ണതകള്‍ സംഭവിച്ചിട്ടുണ്ട്. പരസ്പരം വെറുക്കുന്നവരും ചതിക്കുന്നവരും കപടനാട്യക്കാരും ഒരുമിച്ചു പാര്‍ക്കുന്ന ഇടമാണു കുടുംബമെന്നു പറയാറുണ്ട്. അവിടെ ഒരുപാടു പ്രശ്നങ്ങളുണ്ട്. എന്നാല്‍ പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്തതുകൊണ്ടു കുടുംബസംവിധാനം മഹത്തരംതന്നെയാണ്. അതിനു തടസ്സമായി നില്ക്കുന്ന ജീവിതരീതികള്‍ നമ്മള്‍ ഉപേക്ഷിക്കുകയാണു വേണ്ടത്. അന്യരാജ്യങ്ങളിലേക്കോ അന്യദേശങ്ങളിലേക്കോ പോകാന്‍ വേണ്ടിയുള്ള നമ്മുടെ വിദ്യാഭ്യാസ രീതിക്കു മാറ്റം വരുത്തണം. ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന, ജോലി നേടാനുള്ള മത്സരമാണു ജീവിതമെന്ന തെറ്റിദ്ധാരണ മാറ്റണം. പണമുണ്ടാക്കുന്നതു മാത്രമല്ല ജീവിതമെന്നും ജീവിതത്തിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെന്നും അതു നിറവും സുഗന്ധവും സംഗീതവും അനുഭൂതിവിശേഷങ്ങളും നിറഞ്ഞതാണെന്നും നമ്മള്‍ മനസ്സിലാക്കണമെന്നാണ് ഇവിടെ കൂടിയിരിക്കുന്ന എന്‍റെ മക്കളുടെ പ്രായക്കാരായ ചെറുപ്പക്കാരോട് എനിക്കു പറയാനുള്ളത്. എല്ലാവര്‍ക്കും നേര്‍വഴിയിലൂടെ സഞ്ചരിക്കുവാന്‍ ഈശ്വരാനുഗ്രഹം ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും നിര്‍ത്തട്ടെ."

എല്ലാവരും കയ്യടിച്ചു.

ജോയിച്ചന്‍ വേദയില്‍നിന്നിറങ്ങി റോബിന്‍ന്‍റെയും ജെയ്സിയുടെയും അടുത്തേയ്ക്കു വന്നു.

"പപ്പാ നന്നായി സംസാരിച്ചു" – റോബിന്‍ പറഞ്ഞു.

"ഞങ്ങള്‍ പറഞ്ഞില്ല, ഞങ്ങള്‍ക്ക് എന്‍ജിനീയറും ഡോക്ടറും ആകണമെന്ന്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന്‍റെ ഫലമായിട്ടുണ്ടായ എന്‍ജിനീയര്‍മാരാണ് ഇവിടെ കൂടുതലുള്ളത്" – ജെയ്സി പറഞ്ഞു ചിരിച്ചു.

"മോള് പറഞ്ഞതില്‍ കാര്യമില്ലാതില്ല. പക്ഷേ, പിന്നീടു നിങ്ങള്‍ പരാതിപ്പെട്ടെന്നു വരും. അന്നു പഠിപ്പിക്കാതിരുന്നതുകൊണ്ടാണു ഞങ്ങള്‍ സമൂഹത്തിന്‍റെ അടിത്തട്ടിലായി പോയത് എന്ന്. മക്കള്‍ ഉന്നത നിലയിലെത്തണമെന്നു മാതാപിതാക്കള്‍ ആശിച്ചുപോകും" – ജോയിച്ചന്‍ പറഞ്ഞു.

"എല്ലാവരും ഉന്നത നിലയില്‍ എത്തിയാല്‍ അടിത്തട്ടു ശൂന്യമായി പോകില്ലേ പപ്പാ?" – ജെയ്സി ചോദിച്ചു.

"ആ ശൂന്യതയിലേക്കാണല്ലോ അന്യസംസ്ഥാനക്കാര്‍ വന്നു നിറയുന്നത്" – റോബിന്‍ പറഞ്ഞു.

"പപ്പാ സ്റ്റേജില്‍ പറഞ്ഞതെല്ലാം ഒന്നാന്തരം കാര്യങ്ങളാ. പ ക്ഷേ, നമ്മുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധങ്ങളുണ്ടാവണം" – ജെയ്സി പറഞ്ഞു.

മക്കളെ ഡോക്ടറും എന്‍ജിനീയറുമാക്കണമെന്നു വാശി പിടിച്ചു നടക്കുന്നതു താനാണല്ലോ എന്നു ജോയിച്ചനോര്‍ത്തു. സുജിത്തിനെ ഡോക്ടറാക്കാന്‍ വേണ്ടി എത്രമാത്രമാണു കഷ്ടപ്പെടുന്നത്. മാതാപിതാക്കള്‍ മക്കളില്‍ വിദ്യാഭ്യാസം അടിച്ചേല്പിക്കുകയാണെന്നു ജെയ്സി സൂചിപ്പിച്ചത് അതുകൊണ്ടാകും. ഇപ്പോള്‍ ചിന്തകള്‍ക്ക് ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. ഈ മഹാനഗരത്തിലെ ജീവിതം കണ്ടതില്‍ നിന്നാണു തന്‍റെ ചിന്തകള്‍ക്കു മാറ്റം സംഭവിച്ചത്.

എബിയും ആതിരയും അടുത്തു വന്നു ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. അവര്‍ ഭക്ഷണമേശയ്ക്കടുത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ആവശ്യമുള്ള ഭക്ഷണം എടുത്തുകൊണ്ടുപോയി സൗകര്യമുള്ളിടത്തിരുന്നു കഴിക്കാം.

ജോയിച്ചനും അന്നക്കുട്ടിക്കും റോബിന്‍ ഭക്ഷണം വിളമ്പിക്കൊടുത്തു.

ഈ സമയം വേദിയില്‍ ചെറിയ ഗാനമേള ട്രൂപ്പ് എത്തുകയും സംഗീതപരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. മിനി ബാറിനടുത്തു തിരക്കു വര്‍ദ്ധിച്ചിട്ടുണ്ട്. യുവതീയുവാക്കള്‍ തമ്മില്‍ കൂടിക്കുഴഞ്ഞു നല്ക്കുകയാണ്. അരക്കെട്ടില്‍ കൈചുറ്റി നില്ക്കുന്നവരില്‍ പലരും കാമുകീകാമുകന്മാരാണോ എന്നു ജോയിച്ചന്‍ സംശയിച്ചു.

ഭക്ഷണം കഴിച്ച് അവര്‍ എഴുന്നേറ്റു. എങ്ങനെയും അവിടെനിന്നു രക്ഷപ്പെട്ടാല്‍ മതിയെന്നു ജോയിച്ചനു തോന്നി.

"നമുക്കു പോകാം റോബിന്‍?" – ജോയിച്ചന്‍ പറഞ്ഞു.

അവര്‍ എബിയുടെ അടുത്തുചെന്നു യാത്ര പറഞ്ഞിറങ്ങി.

"ഇനി പാട്ടും നൃത്തവും കലാപരിപാടികളുമായി വെളുപ്പാന്‍കാലം വരെ പരിപാടികളുണ്ടാകും" – ജെയ്സി പറഞ്ഞു.

"ഇതു വല്ലാത്തൊരു ലോകംതന്നെ" – ജോയിച്ചന്‍ ആത്മഗതം ചെയ്തു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org