ഭൂമിയുടെ ഉപ്പ് – 11

ഭൂമിയുടെ ഉപ്പ് – 11

ഏ.കെ. പുതുശ്ശേരി

തെക്കുംതല തറവാട്ടിലെ കാര്യസ്ഥനായ വറീതുചേട്ടനെ ചെളിയില്‍നിന്നും രക്ഷിച്ചത് ഒരു വലിയ കാര്യമായി ജോസ്‌മോന്‍ ചിന്തിച്ചില്ല. അതൊരു സാധാരണ സംഭവം മാത്രം. തന്നെപ്പോലെയുള്ള ഒരു മനുഷ്യജീവി. അപകടസ്ഥിതിയില്‍ പിടയുമ്പോള്‍ കണ്ടില്ലെന്നു കരുതി പുറംതിരിഞ്ഞു നടക്കുക ജോസ്‌മോനു കഴിയുന്ന ഒന്നല്ലായിരുന്നു.
പക്ഷേ, വറീതുചേട്ടന്‍ അക്കാര്യം പലരോടും പറഞ്ഞ് പ്രത്യേകിച്ച് തെക്കുംതല കാരണവരോടും. കാരണവരും കുടുംബവും സംഗതികള്‍ ചെവി കനപ്പിച്ചു കേട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പു തെക്കുംതല തറവാട്ടിലെ പ്രസിദ്ധനായ പട്ടാളക്കാരന്‍ കാരണവര്‍ വരുത്തിവച്ച കാടപക്ഷി വിരോധത്തില്‍നിന്നും പൊട്ടിപ്പുറപ്പെട്ട് പടര്‍ന്നു പന്തലിച്ച വൈരാഗ്യത്തിന്റെ ധൂമഹേതുവിനെക്കുറിച്ചു തെക്കുംതലക്കാര്‍ നിശബ്ദരായി ചിന്തിച്ചു. അന്നത്തെ പ്രധാന കഥാപാത്രമായിരുന്ന ചെകുത്താന്‍ കുട്ടന്റെ അനുഭവം തന്നെ, തനിക്കും വന്നു ചേരുമായിരുന്നല്ലോ; തക്കസമയത്ത് ജോസ്‌മോന്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ എന്ന ചിന്ത മാത്രമായിരുന്നു വറീതു ചേട്ടന്.
ഏതായാലും ജോസ്‌മോന്‍ ചെയ്ത ഉപകാരത്തിന് അവസരം വരുമ്പോള്‍ ഒരു പ്രത്യുപകാരം ചെയ്യണമെന്ന വിചാരം വറീത് ചേട്ടനുണ്ടായി.
തെക്കുംതലക്കാരുടേയും വടക്കുംതലക്കാരുടേയും പാടശേഖരങ്ങള്‍ ഒന്നിച്ചു ചേരുന്നതിന്റെ സമീപത്തുള്ള കുറകുറ കിടക്കുന്ന ചെളിപ്രദേശത്തെക്കുറിച്ചുള്ള തര്‍ക്കം കോടതിയില്‍കിടക്കുകയല്ലേ, അത് ന്യായമായും വടക്കുംതലക്കാരുടേതാണെന്നാണ് ജനം പറയുന്നത്. ഒരുപക്ഷെ, സാക്ഷിമൊഴികളും, കണക്കുകളും മറ്റും ഉദ്ധരിച്ച് വടക്കുംതലക്കാര്‍ ജയിക്കുവാനും ഇടയുണ്ടെന്ന കാര്യം വറീതുചേട്ടന്‍ ചിന്തിച്ചു. അങ്ങനെ വന്നാല്‍ താന്‍ മനപ്പൂര്‍വ്വം തെക്കുംതലക്കാരണവരായ ചാക്കോച്ചനെ അപകടത്തില്‍ ചാടിച്ചു എന്ന വിചാരവും ചാക്കോച്ചനുണ്ടാവുകയില്ലേ. ഏതായാലും വക്കീലിനെ കണ്ടു കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഒത്തുതീര്‍പ്പിലെത്തിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാലോചിക്കാമെന്നു തന്നെ വറീതുചേട്ടന്‍ ചിന്തിച്ചു.
എന്തെല്ലാം സംഗതികളാണ് തങ്ങളുടെ നിയന്ത്രണത്തില്‍പ്പെടാതെ നടക്കുന്നതെന്ന വസ്തുത പലപ്പോഴും മനുഷ്യര്‍ മനസ്സിലാക്കുന്നില്ല. എല്ലാം തന്റെ കഴിവുകൊണ്ട് നടക്കുന്നു എന്നു കരുതുന്ന മനുഷ്യന്‍ ഒരു നിമിഷംകൊണ്ട്, ഏതെല്ലാം കുഴപ്പത്തില്‍ ചെന്നു ചാടുന്നു. ഊരാക്കുടുക്കുകളില്‍പ്പെട്ടു ഊരിപ്പോരുവാന്‍ വയ്യാതെ നരകിക്കുമ്പോഴാണവന്‍ തന്റെ അല്പത്വത്തെക്കുറിച്ചു ചിന്തിക്കുന്നത്.
വറീതു ചേട്ടനും അത്തരത്തിലൊരു സ്ഥിതിവിശേഷത്തിലാണ്. പഴയ കാരണവന്മാരെപ്പോലെ വലിയ വാശിക്കാരനല്ല പുതിയ കാരണവര്‍ ചാക്കോച്ചന്‍. പക്ഷെ, ചാക്കോച്ചനെ ആവശ്യമില്ലാത്തിടത്തൊക്കെ വലിച്ചിഴയ്ക്കുന്നത് വറീതുചേട്ടനാണ്. അതേക്കുറിച്ച് ചാക്കോച്ചന്റെ ഭാര്യ എപ്പോഴും വറീത്‌ചേട്ടനുമായി ശണ്ഠകൂടാറുണ്ട്. അപ്പോഴൊക്ക വറീത് ചേട്ടന്‍ പറയും.
"ഈ തറവാടിന് അവകാശപ്പെട്ട ഒരിഞ്ച് ഭൂമിയെങ്കിലും അന്യന്‍ കൊണ്ടുപോകുവാന്‍ ഈ വറീതിന് ജീവനുണ്ടെങ്കില്‍ സമ്മതിക്കില്ല."
അത്രയേറെ തെക്കുംതലക്കാരോടു കൂറു പുലര്‍ത്തുകയാണു വറീത് ചേട്ടന്‍. അക്കാര്യത്തില്‍ ആരെ ദ്രോഹിക്കുവാനും വറീത് ചേട്ടന്‍ മടിക്കാറില്ല.
വറീത് ചേട്ടന്റെ മാനസികനിലയ്ക്ക് മാറ്റം വന്നിരിക്കുന്നു. ജോസ്‌മോന്‍ തന്റെ അവസരോചിതമായ സല്‍പ്രവൃത്തിക്കൊണ്ട് വറീത് ചേട്ടന്റെ ഇരുള്‍നിറഞ്ഞ മനസ്സില്‍ പ്രകാശത്തിന്റെ കൊച്ചു മെഴുകുതിരി കത്തിച്ചുവച്ചിരിക്കുന്നു. ആ തിരിയുടെ പ്രകാശം, തന്റെ ആത്മതെറ്റുകളെ കണ്ടുപിടിക്കുവാന്‍ വറീത് ചേട്ടന് സഹായകമാവുമ്പോള്‍, അത് മനപ്പൂര്‍വ്വം വിസ്മരിക്കുവാന്‍ വറീത് ചേട്ടന് കഴിയുന്നില്ല.
അന്ന് വക്കീലിനെ കണ്ടു തിരിച്ചുവരുമ്പോള്‍ വറീതുചേട്ടന്റെ മുഖത്ത് ഒരാത്മ സംതൃപ്തിയുടെ നിഴലാട്ടമുണ്ടായിരുന്നു. തെക്കുംതലക്കാരും വടക്കുംതലക്കാരും തമ്മില്‍ നടക്കുന്ന വ്യവഹാരം, വടക്കും തലക്കാര്‍ക്ക് സമ്മതമാണെങ്കില്‍ ഒത്തു തീര്‍പ്പിലെത്തുന്നതിനു യാതൊരു നിയമ തടസ്സവുമില്ലെന്നു വക്കീല്‍ പറഞ്ഞു. അതിനുവേണ്ടി അവരുടെ വക്കീലുമായി താന്‍ സംസാരിക്കുവാന്‍ തയ്യാറാണെന്നും വക്കീല്‍ സമ്മതിച്ചപ്പോള്‍ വറീത് ചേട്ടന് ആനന്ദം തോന്നി.
ചാക്കോച്ചനുമായി പ്രസ്തുത കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
"കേസ് കൊടുക്കുവാന്‍ പറഞ്ഞതും, മുന്‍കൈ എടുത്തതും, വറീതുചേട്ടനാണ്. അത് പിന്‍വലിക്കണമെന്നാണ് വറീതു ചേട്ടന് ആഗ്രഹമെങ്കില്‍ ഞാന്‍ വിലങ്ങു നില്‍ക്കുന്നില്ല."
വറീതു ചേട്ടന്‍ അല്പനേരത്തേക്ക് മൗനമായി നിന്നു. ഒരുപക്ഷെ, കേസ് തോറ്റാലും ചാക്കോച്ചന്‍ ഇതുതന്നെയല്ലേ പറയൂ. അഥവാ കേസ്സ് ജയിച്ചാല്‍ ഇക്കാര്യം ബോധപൂര്‍വം പറയാതിരിക്കുകയും ചെയ്യുകയില്ലേ. എല്ലാ പണക്കാരുടേയും ഉള്ളിലിരിപ്പ് ഇതുതന്നെയാണ്.
ഏതായാലും ജോസ്‌മോന്‍ തന്നെ രക്ഷിച്ചത് ഒരര്‍ത്ഥത്തില്‍ നന്നായി. അതു കൊണ്ടല്ലെ ഇത്തരത്തില്‍ കാര്യങ്ങള്‍ തിരിച്ചു കൊണ്ടുവരുവാന്‍ തനിക്ക് കഴിയുന്നത്. അല്ലെങ്കിലോ വീണ്ടും എന്തെങ്കിലും കുരുക്കുകള്‍ കൂടി സൃഷ്ടിച്ച് വടക്കുംതലക്കാരും തെക്കുംതലക്കാരും തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നില്ലേ.
വ്യവഹാരം പിന്‍വലിക്കുവാന്‍ തെക്കുംതലക്കാര്‍ തീരുമാനിച്ചതായി അറിഞ്ഞപ്പോള്‍ വടക്കുംതലയിലെ ഔസേപ്പച്ചന്റെ മിഴികളില്‍ അത്ഭുതം വിടര്‍ന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള നീക്കത്തിന്റെ പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് ഊഹിക്കുവാനായില്ല.
ഔസേപ്പച്ചന്‍ വിവരങ്ങള്‍ ജോസ്‌മോന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ജോസ്‌മോന്‍ ഒന്നു ചിരിച്ചു.
"അങ്ങനെ അവര്‍ പിന്‍വലിക്കുന്നെങ്കില്‍ നമുക്കെന്താ വിരോധം. അന്യായം ഫയല്‍ ചെയ്തതും അവര്‍ തന്നെയല്ലേ. എന്താ നിന്റെ അഭിപ്രായം." ജോസ്‌മോന്‍ ഒന്നും പ്രതിവചിക്കാതെ നിന്നപ്പോള്‍ ഔസേപ്പച്ചന്‍ വീണ്ടും ചോദിച്ചു.
"കേസ് രാജിയാവാതെ തുടരണമോ?"
"അപ്പച്ചന്റെ ഇഷ്ടം. എനിക്കൊന്നും പറയുവാനില്ല."
ജോസ്‌മോന്റെ ഉത്തരം ഔസേപ്പച്ചനു തൃപ്തിയായില്ല.
"എന്റെ ഇഷ്ടത്തിനാണ് എല്ലാം നടത്തുന്നതെങ്കില്‍ നിന്നോടു അഭിപ്രായം ചോദിക്കണോ?"
അതു ശരിയാണെന്നു ജോസ്‌മോന് തോന്നി. പക്ഷെ, കേസ് അവര്‍ ഫയല്‍ ചെയ്തപ്പോള്‍ നാം അതിനെ ചെറുക്കേണ്ടതില്ലെന്നും കേസ് "എക്‌സിപാര്‍ട്ടി"യായി വിധിച്ച്, ആ ഭാഗം അവര്‍ കൊണ്ടുപോകട്ടെയെന്നും പറഞ്ഞ് ഒഴിയുകയായിരുന്നു ഔസേപ്പച്ചന്‍. പക്ഷെ, അതു നമ്മുടെ ബലക്കുറവും അന്യായ അവസ്ഥയുമാണ് കാണിക്കുന്നതെന്ന പക്ഷക്കാരനായിരുന്നു ജോസ്‌മോന്‍. അതുകൊണ്ട് തന്നെയാണ് കേസ് വാദിക്കുവാന്‍ തീരുമാനിച്ചതും കോടതി കയറി ഇറങ്ങുവാന്‍ തുടങ്ങിയതും.
ഓരോ തവണയും കോടതിയില്‍ പോയി തിരിച്ച് വരുമ്പോള്‍ ഔസേപ്പച്ചന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറയും.
"ഈ വയ്യാത്ത കാലത്ത് ഒരു പുലിവാല് വന്നുപെട്ട് കോടതിയുടെ തിണ്ണ നിരങ്ങുക."
അതൊന്നും കേട്ടഭാവം പോലും ജോസ്‌മോന്‍ കാണിക്കാറില്ല. താനായിട്ടോ തന്റെ കുടുംബമായിട്ടോ ഉണ്ടാക്കിയ കേസല്ല. ന്യായപ്രകാരം വടക്കുംതല കുടുംബത്തിനു ചേര്‍ന്ന ഭാഗം ചില ചില്ലറ തൊടുന്യായങ്ങള്‍ ചൂണ്ടിക്കാണിച്ച് തെക്കുംതലക്കാര്‍ കോടതി വരെ എത്തിച്ചപ്പോള്‍ അതൊന്നും കണ്ടില്ലെന്നു കരുതി, ആ കയ്യേറ്റത്തെ ചെറുക്കാതിരുന്നാല്‍, അറിഞ്ഞുകൊണ്ട് അവനവനോട് ചെയ്യുന്ന ഒരു നീതിയായിരിക്കില്ലെന്ന ധാരണമാത്രമായിരുന്നു കേസ് വാദിക്കുവാന്‍ ജോസ്‌മോനെ പ്രേരിപ്പിച്ച ചേതോവികാരം. അക്കാര്യം അപ്പച്ചനോട് തുറന്നു പറയുവാനും അയാള്‍ മടിച്ചില്ല.
"കേസിനും കട്ടീശ്വരത്തിനും" പോകുന്നത് കുടുംബക്കാര്‍ക്ക് നല്ലതല്ലയെന്ന കാര്യം, ജോസ്‌മോന്റെ അമ്മ ഓര്‍മ്മിപ്പിച്ചപ്പോള്‍, "എന്നാല്‍ പിന്നെ ഈ കോടതിയും വക്കീലുമാരും ഒന്നും വേണ്ടല്ലോ അമ്മേ" എന്ന മറുചോദ്യം ഒരു രസത്തിനാണെങ്കിലും ജോസ്‌മോന്‍ ചോദിച്ചതാണ്. മാത്രമല്ല, നിയമബിരുദം സമ്പാദിക്കുവാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്തിനാണെന്നും ജോസ്‌മോന്‍ ചോദിച്ചു. അമ്മ പിന്നീടൊന്നും സംസാരിച്ചില്ല. "വക്കീലിന് പഠിക്കുന്നതിനു മുമ്പുതന്നെ തന്റെ മോന്‍ എതിര്‍വിസ്താരം ആരംഭിച്ചല്ലോ" എന്നവര്‍ മനസ്സില്‍ ധരിച്ചുകാണും.
തെക്കുംതലക്കാരും വടക്കുംതലക്കാരും തമ്മില്‍, പാടശേഖരങ്ങളുടെ ഇടയിലെ ഭാഗത്തെക്കുറിച്ചുള്ള തര്‍ക്കം രാജിയാകുന്നു എന്ന വാര്‍ത്ത ഗ്രാമത്തില്‍ പെട്ടെന്നു പടര്‍ന്നു പിടിച്ചു. ഗ്രാമവാസികളില്‍ പലരിലും പല വിധത്തിലുള്ള ചോദ്യങ്ങള്‍ ഉയരുകയായിരുന്നു.
"രാജിയായാല്‍ മുതല്‍ ഔസേപ്പച്ചനു കിട്ടുമോ അതോ ചാക്കോച്ചനു കിട്ടുമോ?"
സംശയക്കാരനായ ഇട്ടൂപ്പ് ചേട്ടന്‍ നാരായണന്‍ നായരുടെ ചായക്കടയില്‍വച്ച് അടുത്തിരുന്നു ചായ കുടിക്കുന്ന വില്ലേജ്‌മേന്‍ കുഞ്ഞുക്കുറുപ്പിനോട് ചോദിച്ചു.
"അതിലെന്നാ സംശയം കേസ് കൊടുത്തത് ചാക്കോച്ചനല്ലെ, അയാള്‍ തന്നെയല്ലെ പിന്‍വലിക്കുന്നതും അപ്പോള്‍ ന്യായം അയാളുടെ പക്കലല്ലെന്നല്ലെ? അതുകൊണ്ടു നിലം ഔസേപ്പച്ചനു തന്നെ തര്‍ക്കമുണ്ടോ?" കുഞ്ഞുക്കുറുപ്പ് വലിയ നിയമസ്ഥന്റെ മട്ടില്‍ ചോദിച്ചു.
"പക്ഷേങ്കി ഓന്‍ ഒരു ഇടങ്ങേറ് പുള്ളിയാ. ഒന്നു കാണാതെ ഒന്നു ശെയ്യുന്നോനല്ല ചാക്കോ മാപ്ല."
പുട്ടും കടലയും കുഴച്ച് വായില്‍ തിരുകുന്നതിനിടയില്‍ കാലിച്ചാക്കും പാട്ടയും കച്ചോടം നടത്തുന്ന കുഞ്ഞിമൂസ പറഞ്ഞു.
"ആ വറീതാ കുഴപ്പക്കാരന്‍. ചാക്കോച്ചനെ വലയ്ക്കുന്നത് മുഴുവന്‍ അയാളാ."
കുഞ്ഞുക്കുറുപ്പ് സത്യസ്ഥിതിയിലേക്ക് നുഴഞ്ഞുകയറി.
"അയാളുടെ കച്ചോടം ഈയിടെ കഴിഞ്ഞേനെ. പക്ഷേ, ഔസേപ്പച്ചന്റെ മോനാ രക്ഷിച്ചത്."
ചായ അടിക്കുന്നതിനിടയില്‍ നാരായണന്‍ നായര്‍ വിളമ്പി.
"അതൊന്നും ആ ദുഷ്ടനൊരു കാര്യമല്ല. ശരിയായ ദുഷ്ടതയുടെ രൂപമാണ് വറീത് ചേട്ടന്‍."
ചായക്കടയിലെ സംവാദം അങ്ങനെ നീണ്ടുപോയി. ആ ഗ്രാമത്തില്‍ ആളുകള്‍ക്ക് സമ്മേളിക്കാവുന്ന ഒന്നു രണ്ടു പ്രസിദ്ധമായ സ്ഥലങ്ങളുണ്ട്. അതില്‍ എന്തുകൊണ്ടും പ്രത്യേകതയുള്ള ഇടമാണ് നാരായണന്‍ നായരുടെ ചായക്കട. നാരായണന്‍ നായര്‍ ഒരു വലിയ പരോപകാരിയാണെന്നാണ് വയ്പ്. ചായ കുടിച്ച് കാശില്ലെന്നു പറഞ്ഞാലും പുള്ളി മുഖം വീര്‍പ്പിക്കുകയില്ല. അടുത്തദിവസം കൊടുത്താല്‍ മതി. ഒന്നോ രണ്ടോ തവണവരെ അയാള്‍ ക്ഷമിക്കുകയും ചെയ്യും. അതുകഴിഞ്ഞാല്‍ മുഖത്തുനോക്കിതന്നെ പറയും.
"ഇല്ല. ഇയാള്‍ക്ക് തരാന്‍ ഇവിടെ ചായയില്ല."
"അപ്പഴേയ് നാരായണന്‍ നായരേ, ഈ ഗ്രാമത്തിലൊരു വില്ലേജ് ഓഫീസുണ്ടായിരുന്നെങ്കില്‍ കുഞ്ഞുക്കുറുപ്പിന് നെട്ടോട്ടം ഓടണമായിരുന്നോ?" ഇട്ടൂപ്പ് ചേട്ടന്റെ ചോദ്യം.
"ഇവിടെ ഒത്തിരികാര്യങ്ങള്‍ ഇല്ലല്ലോ, പ്രഥമശുശ്രൂഷയ്ക്ക് ഒരു സബ്‌സെന്റര്‍ ഇല്ല. പോലീസ് സ്റ്റേഷനില്ല. ഈ സ്ഥലം തന്നെ കേരളത്തിന്റെ മാപ്പിലുണ്ടോ എന്നും സംശയമാണ്."
"ങ്ജു ബേജാറാകല്ലേന്ന്. ഇബടെ രണ്ടു സുല്‍ത്താന്മാരില്ലേ? ബടക്കും തെക്കുംതലക്കാര്. ഞമ്മക്കിപ്പ ഒരു കാലിച്ചാക്കും മനുശേമ്മാര് തരണില്ല." കുഞ്ഞിമൂസ പറഞ്ഞു.
"അതെന്താ." നാരായണന്‍ നായര്‍ ചോദിച്ചു.
"നമ്മ ബടക്കേലാ തെക്കേലാന്നു ഓനൊക്കെ സംശയാ…"
"പുട്ടു വായിലിട്ട് വര്‍ത്താനം പറയല്ലേ മൂസാ, തൊണ്ടേകെട്ടും." കുഞ്ഞിക്കുറുപ്പിന്റെ വക.
പരമു ഓടിപ്പിടഞ്ഞു വന്നു. വന്ന ഉടനെ ബഞ്ചിലിരുന്നു.
"അറിഞ്ഞോ?" പരമു ചോദിച്ചു.
"എന്തറിഞ്ഞാന്ന് നീയല്ലെ വാര്‍ത്ത അറിയിക്കുന്ന മാധ്യമം. ഇവിടെ ഒരു റേഡിയോ ഉണ്ടായിരുന്നത് ചത്തിരിക്കേണ്." നാരായണന്‍ നായര്‍ പറഞ്ഞു.
"പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരണു." പരമുവിന്റെ ആകാശവാണി.
"ഏതു പഹേനെങ്കിലും വന്നു മയ്യത്താകട്ട്. ഞമ്മളു പോണു." കുഞ്ഞിമൂസ ഇറങ്ങി.
"കഴിഞ്ഞ സ്ഥാനാര്‍ത്ഥിയോട്. ഇവിടെ ഒരു കടത്തുബോട്ട് വേണമെന്നു നമ്മള്‍ ആവശ്യപ്പെട്ടു. അയാള്‍ 5 വര്‍ഷമായി ഇങ്ങോട്ട് വന്നിട്ടേയില്ല." നാരായണന്‍ നായര്‍ പറഞ്ഞു.
"ഒന്നും നടക്കില്ല നായരേ." കുഞ്ഞിക്കുറുപ്പും പുറത്തേയ്ക്കിറങ്ങി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org