സൈബർവലയും കുട്ടിയിരകളും – 24

സൈബർവലയും കുട്ടിയിരകളും – 24

മാത്യൂസ് ആര്‍പ്പൂക്കര

"മോനേ…! നവീന്‍മോനേ…!" – ഏലീശ്വാ വാവിട്ടു കരഞ്ഞു.

"നീയെവിടെയാടാ…? നീയില്ലെങ്കില്‍ ഞാനില്ല… ഞാന്‍ ജീവിച്ചിരിക്കില്ലെടാ…"

അവള്‍ ഓരോന്നു സ്വയം പറഞ്ഞു വിലപിച്ചു: "ഞാനെന്തിനു ജീവിക്കണം…? നിനക്കുവേണ്ടിയല്ലേ മമ്മ ജീവിക്കുന്നത്…? നിനക്കുവേണ്ടി മാത്രം…! നിനക്കുവേണ്ടി ഞാനെല്ലാം ഉപേക്ഷിച്ചില്ലേ…? എല്ലാരേം ഉപേക്ഷിച്ചില്ലേ…? എന്നെ ആര്‍ക്കും വേണ്ടെന്നായില്ലേ…? ഞാന്‍ ഓഫീസില്‍ ഒറ്റപ്പെട്ടു! വീട്ടില്‍ ഒറ്റപ്പെട്ടു…! നാട്ടില്‍ ഒറ്റപ്പെട്ടു…! നീയില്ലെങ്കില്‍ ഞാനില്ല… ഞാന്‍ പോകും…"

അവള്‍ ഡൈനിങ്ങ് ടേബിളിന്മേല്‍ തലതല്ലിക്കരഞ്ഞു. അവളുടെ മുടി നാലുപാടും ചിതറി.

"എന്നാലും മോനേ… നീ എവിടെയാടാ… മമ്മേനെ ഒറ്റയ്ക്കാക്കിയിട്ട് നീ എവിടെ പോയി…?" – അവള്‍ തേങ്ങിക്കൊണ്ടിരുന്നു.

അതിനിടയില്‍ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ റിങ്ങ് ചെയ്തു. അവള്‍ ഗൗനിച്ചില്ല. പെട്ടെന്ന് അവളോര്‍ത്തു മകനാകുമോ…? നവീന്‍…!? ആകാംക്ഷയോടെ ഫോണെടുത്തു നോക്കി.

രേവതി; അവളുടെ സെക്ഷനില്‍ ജോലി നോക്കുന്ന വെഞ്ഞാറമ്മൂടുകാരി രേവതി.

"എന്താ രേവതീ…?" – ഏലീശ്വായടെ കണ്ഠമിടറി.

"മാഡം, ഇന്നു വന്നു ഫയലെടുത്തു കൊടുക്കണം…" – രേവതി തുടര്‍ന്നറിയിച്ചു: "പവന്‍കുമാര്‍ സാറും ഉമ്മന്‍സാറും തീരെ ചൂടിലാ… മാഡത്തിന്‍റെ കാര്യം പറഞ്ഞാല്‍ ദേഷ്യത്തിലാ… കുറ്റാരോപണമെമ്മോയ്ക്കു മാഡം കൊടുത്ത മറുപടി തൃപ്തിയായിട്ടില്ല… മാഡം വന്നു രണ്ടു പേരേം നേരില്‍ കണ്ടു സംസാരിക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ പ്രശ്നം വഷളാകാനാ സാദ്ധ്യത… മിനിസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ട കാര്യമാണല്ലോ… മോന്‍ മിസ്സായ കാര്യം പറഞ്ഞു ഫയല്‍ നോക്കിയെടുത്തു കൊടുക്കാമെന്നു വാക്കു കൊടുത്താല്‍ മതി…. ഉമ്മന്‍സാറിന്‍റെ ചങ്ങാതി റഷീദ്സാറാ എന്നോടീ ഉപായം പറഞ്ഞത്…"

"ആ ഫയല്‍ ഞാനെവിടുന്നെടുത്തു കൊടുക്കും രേവതി… ഇനി തപ്പാനൊരിടമില്ല. അലമാരയൊക്കെ അരിച്ചുപെറുക്കി…" – പറയുമ്പോള്‍ ഏലീശ്വായുടെ കണ്ഠമിടറുന്നുണ്ടായിരുന്നു.

ഏലീശ്വാ പിറ്റേന്നു രാവിലെ ഓഫീസില്‍ പോയി. എല്ലാവരും അവളെ ശ്രദ്ധിക്കുംപോലെ…! ഒരേയൊരു വാത്സല്യ മകന്‍ നഷ്ടപ്പെട്ടിരിക്കുന്ന ദുരവസ്ഥയിലേക്കുള്ള സഹതാപതരംഗം…!

ഏലീശ്വാ ഉമ്മന്‍സാറിനെ കണ്ടപ്പോള്‍ അദ്ദേഹം നീരസത്തോടെ പറഞ്ഞു: "ഏലീശ്വാ, നിങ്ങള്, പവന്‍കുമാര്‍ സാറിനെ കണ്ടു വേണ്ടപോലെ സംസാരിച്ചുനോക്ക്… എനിക്കൊന്നും പറയാനില്ല. ഫയല്‍ മിസ്സായ പ്രശ്നമല്ലേ…?"

അവള്‍ പവന്‍കുമാര്‍ സാറിന്‍റെ ക്യാബിനില്‍ ചെന്നപ്പോള്‍ അദ്ദേഹം തീരെ രോഷത്തിലായിരുന്നു.

"നിങ്ങടെ കസ്റ്റഡിയിലിരിക്കേയല്ലേ ആ ഫയല്‍ മിസ്സായിരിക്കുന്നേ…?"

"ഞാന്‍ എങ്ങനെയും നോക്കിയെടുക്കാം സാര്‍… എന്‍റെ മോന്‍ മിസ്സായിരിക്കുന്ന ഈ അവസ്ഥയില്‍ എനിക്കൊരു സാവകാശം തരണം സാര്‍!" അവളുടെ കണ്ണുകള്‍ നനഞ്ഞു.

"ശരി ആയിക്കൊള്ളട്ടെ…" പവന്‍കുമാര്‍ തുടര്‍ന്നു: "ആദ്യം നിങ്ങടെ മിസ്സായ മോനെ കണ്ടുപിടിക്ക്… നിങ്ങള്‍ തന്ന എക്സ്പ്ലനേഷന്‍ ഒട്ടും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതല്ല. സബ്സിഡി ഫയലാണത്. മിനിസ്റ്ററുടെ ഓഫീസില്‍ നിന്നും വീണ്ടും ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ മിനിസ്റ്ററെ കണ്ടു സംസാരിക്കേണ്ടി വരും…"

സെക്രട്ടറിയേറ്റിന്‍റെ ഗെയ്റ്റ് കടന്നുപോന്നപ്പോള്‍ ഏലീശ്വായ്ക്ക് നന്നേ ആശ്വാസം തോന്നി. ദുഃഖം ചിറകടിച്ചാര്‍ക്കുകയാണ്.

ഓഫീസില്‍…!

വീട്ടില്‍…!

മനസ്സില്‍…!

സമാധാനം നൊമ്പരമേറ്റ് പിടയുന്നു…!

ഇടവകപ്പള്ളിയിലെ കൂട്ടായ്മയുടെ ലീഡര്‍ ജോളിയമ്മയുടെ നിര്‍ബന്ധപ്രകാരമാണവള്‍ ഗീവര്‍ഗീസച്ചനെ കാണാന്‍ പ്രീസ്റ്റ് ഹോമില്‍ പോയത്. ജോളിയമ്മയും കൂടെ പോന്നു.

കെട്ടിപ്പിണഞ്ഞ ജീവിതപ്രശ്നങ്ങള്‍ മുഖാന്തിരം വലയുന്നവര്‍ക്കു മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്കുന്ന രക്ഷാദീപമാണു ഗീവര്‍ഗീസച്ചന്‍. തിരുവനന്തപുരം കടലോരമക്കളുടെ രക്ഷാകേന്ദ്രം!

പ്രായം ചെന്ന ഇരുപതോളം വൈദികരുടെ താമസസ്ഥലമാണു പ്രീസ്റ്റ് ഹോം. ഏലിശ്വായും ജോളിയമ്മയും അവിടെ ചെല്ലുമ്പോള്‍ നാലഞ്ചു സന്ദര്‍ശകര്‍ അച്ചന്‍റെ സന്ദര്‍ശകമുറിയില്‍ കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ ഊഴം കഴിഞ്ഞാണ് ഏലീശ്വായ്ക്ക് അവസരം കിട്ടിയത്.

അവളുടെ എല്ലാ പ്രശ്നങ്ങളും ഗീവര്‍ഗീസച്ചന്‍ നിശ്ശബ്ദം കേട്ടിരുന്നു. ഒടുവില്‍ അദ്ദേഹം ശാന്തഗംഭീരനായി പറഞ്ഞു: "നിങ്ങള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക്. വിവാഹമോചനത്തിനു കുടുംബക്കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നു. അതും ഭാര്യയാണു കേസ് കൊടുത്തിരിക്കുന്നത്. ഏലീശ്വായ്ക്കു വീട്ടിലും ഓഫീസിലും സമാധാനമില്ല. ഇപ്പോഴിതാ ഒരേയൊരു വാത്സല്യപുത്രനെ കാണാതെയുമായിരിക്കുന്നു…! അല്ലേ…?"

"അതേ അച്ചോ… അച്ചന്‍ എല്ലാത്തിനും പരിഹാരമുണ്ടാക്കിത്തരണം…" ജോളിയമ്മ അപേക്ഷിച്ചപ്പോള്‍ അച്ചന്‍ സ്വരമുയര്‍ത്തി നിര്‍ദ്ദേശം വച്ചു: "അതു കൂട്ടുകാരിയായ നിങ്ങളല്ല പറയേണ്ടത്. ഏലീശ്വാ പറയണം. എന്‍റെ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാ വഹിക്കാന്‍ ഏലീശ്വാ സര്‍വാത്മനാ തയ്യാറാകണം…"

"തയ്യാറാണച്ചാ…!" ഏലീശ്വാ പ്രതിവചിച്ചു: "ഞാനെന്തു വേണേലും ചെയ്യാം…"

"ആദ്യം ഏലീശ്വായുടെ മനസ്സാണു മാറേണ്ടത്…. നിങ്ങള്‍ താഴേക്കിറങ്ങി വരണം…" ഗീവര്‍ഗീസച്ചന്‍ സൗമ്യമായി തുടര്‍ന്നു: "ആദ്യമായി ഭാര്യഭര്‍ത്താക്കന്മാര്‍ രമ്യപ്പെടണം. നിങ്ങളെ വിവാഹമോചനത്തിലേക്കു തിരിച്ചുവിട്ട കാര്യം കഥയില്ലാത്തതാണ്. ഏലീശ്വായുടെ ഈഗോ എന്നു പറയുകയാവും ശരി. നിങ്ങള്‍ രമ്യപ്പെട്ടാല്‍, ഒന്നിച്ചു പ്രാര്‍ത്ഥിച്ചാല്‍, ഒന്നിച്ച് ഒരേ മനസ്സോടെ തിരിഞ്ഞാല്‍ ആ നിമിഷം മോനെ തിരിച്ചുകിട്ടും…"

ഏലീശ്വാ മുഖം കുനിച്ചു ചിന്താധീനനയായി നിന്നു. ഗീവര്‍ഗീസച്ചന്‍ തുടര്‍ന്ന് ഉപദേശിച്ചു: "ഞാന്‍ ഡേവീസിനെ ഇവിടെ വിളിച്ചുവരുത്താം. നിങ്ങള്‍ രണ്ടുപേരും രമ്യപ്പെടല്‍ ഇവിടെവച്ചു തുടങ്ങണം. നവീന്‍മോനെപ്പറ്റി സ്നേഹത്തോടെ സംസാരിച്ചു തുടങ്ങണം. എന്താ തയ്യാറാണോ…?"

നീണ്ട മൗനത്തിനശേഷം അവള്‍ സമ്മതിച്ചു മൂളുക മാത്രം ചെയ്തു.

"മൂളിയാല്‍ പോരാ…" അച്ചന്‍റെ സ്വരമുയര്‍ന്നു: "തുറന്നു പറയണം. തുറന്ന മനസ്സിനാണിവിടെ ട്രോഫി ലഭിക്കുക. ഹൃദയം തുറന്നുള്ള പ്രവര്‍ത്തനമാണിവിടെ വേണ്ടത്…"

"തയ്യാറാണ്… അച്ചന്‍ എന്തു പറഞ്ഞാലും ഞാന്‍ അനുസരിക്കാം. എനിക്കന്‍റെ മോനെ തിരിച്ചുകിട്ടിയാല്‍ മതി…" – അവള്‍ കണ്ണീരോടെ പറഞ്ഞു.

"യഥാര്‍ത്ഥത്തില്‍ ഏലീശ്വായ്ക്ക് ഇപ്പോള്‍ മോനെ മാത്രമല്ല മിസ്സായിരിക്കുന്നത്. ഭര്‍ത്താവിനെയും നഷ്ടപ്പെട്ടിരിക്കുകയാണ്. രണ്ടുപേരെയും തിരിച്ചുനേടുകയെന്നുള്ളതാകണം ഇനി ഏലീശ്വായുടെ ജീവിതവ്രതം…."

"ഗീവര്‍ഗീസച്ചന്‍റെ നിര്‍ദ്ദേശപ്രകാരം പിറ്റേന്നു ഡേവീസ് പ്രീസ്റ്റ് ഹോമിലെത്തി. ഏലീശ്വായും യഥാസമയം ഹാജരായി. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവര്‍ രണ്ടു പേരും ഒരു മേശയ്ക്ക് ഇരുവശവുമായിരുന്നു സംസാരിച്ചു. നവീന്‍ മോനെപ്പറ്റിതന്നെയാണ് അവര്‍ സംസാരിച്ചുതുടങ്ങിയത്.

അടുത്ത ദിവസവും ഡേവീസും ഏലീശ്വായും അവിടെയെത്തി സൗഹൃദഭാഷണത്തിലെത്തി. എല്ലാം ഗീവര്‍ഗീസച്ചന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിരുന്നു.

മഞ്ഞുരുകി…!

മനസ്സുരുകി…!

മനസ്സിലെ ഈഗോ കെട്ടിപ്പടുത്ത വേലിക്കെട്ടുകള്‍ തകര്‍ന്നു…!!

രണ്ടുപേരും ആത്മാര്‍ത്ഥമായ സ്നേഹത്തോടെ പരസ്പരം സംസാരിക്കുന്നത് അച്ചന്‍ കണ്ടു.

"ഇനി നിങ്ങള്‍ ഒരു കാര്യംകൂടി ചെയ്യാനുണ്ട്…" ഗീവര്‍ഗീസച്ചന്‍ മറ്റൊരു നിര്‍ദ്ദേശം വച്ചു. അതെന്താണെന്നറിയാന്‍ ഡേവീസും ഏലീശ്വായും ആകാംക്ഷാരിതരായി നിന്നു.

"നവീന്‍മോന്‍റെ കാര്യം…!! അവനെവിടെയാ…? എത്ര ദിവസമായി…! അച്ചനും ഒന്നും തീര്‍ത്തു പറയുന്നില്ല…"

അവളുടെ ചങ്കു പൊടിഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org