സൈബർവലയും കുട്ടിയിരകളും – 21

സൈബർവലയും കുട്ടിയിരകളും – 21

മാത്യൂസ് ആര്‍പ്പൂക്കര

"നീയെന്തു ഭ്രാന്താടാ ഇപ്പറേന്നേ…?" മകന്‍റെ വിവരംകെട്ട പറച്ചില്‍ കേട്ട് ഏലീശ്വാ സ്വരമുയര്‍ത്തി ചോദിച്ചു.

ശരിക്കും പറഞ്ഞാല്‍ ഏലീശ്വായുടെ ആളിക്കത്തിയ രോഷം തെല്ലൊന്നടങ്ങി. തീക്കനലില്‍ ഐസ് വെള്ളം വീണപോലെ. മകന്‍റെ ഇപ്പോഴത്തെ മാനസികനിലയെപ്പറ്റി അവള്‍ ചിന്തിച്ചുതുടങ്ങുകയായിരുന്നു.

നവീന്‍ ഒരു മാനസികരോഗിയെപ്പോലെ…!? ഉള്‍ക്കിടിലത്തോടെ ചിന്തിച്ചുകൊണ്ടവള്‍ അവന്‍റെ നേര്‍ക്കു കയര്‍ത്തു: "നീ പഠിത്തമൊക്കെ കളഞ്ഞ് എന്തു ഭ്രാന്തൊക്കെയാണീ കാട്ടിക്കൂട്ടുന്നേ…?"

"ഭ്രാന്ത് എനിക്കല്ല… മമ്മയ്ക്കാ." നവീന്‍ പരുഷമായി തുടര്‍ന്നു: "എന്നെ തല്ലിക്കൊല്ലാനാണേല്‍ ഈ കൊച്ചു ചൂരല്‍വടി പോരാ… മുട്ടന്‍ വടിയെടുക്കണം… അല്ലേല് കത്തിയോ വടിവാളോ കൈത്തോക്കോ എടുക്കണം…"

മകനെ സശ്രദ്ധം നോക്കി നിന്ന ഏലീശ്വായ്ക്ക് ഒരു കാര്യം വ്യക്തമായി. അവന്‍ മാനസികമായി അത്ര ഓര്‍ഡറിലല്ല. എന്തോ എവിടെയോ പാകപ്പിഴ…! പൊട്ടിത്തെറിച്ചു നിന്ന അവള്‍ പെട്ടെന്ന് സങ്കടത്തിന്‍റെ ഭാവമണിഞ്ഞു.

"മമ്മാ എന്നെ പഴയ കൊച്ചു കുട്ടിയെപ്പോലെ കാണരുത്. പപ്പിയുടെയും കടുവാക്കുട്ടിയുടെയുമൊക്കെ ബൊമ്മയുമായി നടക്കുന്ന പാവക്കുട്ടിയല്ല ഞാന്‍… ഞാനിപ്പോള്‍ ഒരു ഇന്‍വെസ്റ്റിഗേറ്ററാണ്… എനിക്കിപ്പോള്‍ ജീവിതം കണ്ടറിയണം. അല്ലേല് കൊണ്ടറിയണം… ജീവിതത്തിലെ എന്തും തകര്‍ക്കാനുള്ള ശക്തി ഞാന്‍ സംഭരിച്ചു കഴിഞ്ഞു. വേദനകള്‍ എനിക്കു നിസ്സാരമാണ്… മരണംപോലും എനിക്കു വെറും നിസ്സാരം…!"

ഒരു നിമിഷം സംസാരം നിര്‍ത്തിയിട്ട് നവീന്‍ ശ്വാസം വലിച്ചുവിട്ടു. പിന്നെ കൂടുതല്‍ ആവേശത്തോടെ തുടര്‍ന്നു: "ഒരു ഇന്‍വെസ്റ്റിഗേറ്ററാകുമ്പോള്‍ എനിക്കു ലോകത്തിന്‍റെ ഏതറ്റംവരെയും പോകാം. ഇന്‍വെസ്റ്റിഗേറ്ററെ നശിപ്പിക്കാനാവില്ല. നശിപ്പിക്കാന്‍ നോക്കുന്നവരെ ഞങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തകര്‍ക്കും…"

അതു പറയുമ്പോള്‍ അവന്‍ അമര്‍ഷം കേറി കടപ്പല്ല് കടിച്ചു. അവന്‍റെ ബോഡി ലാംഗ്വേജും സംസാരരീതിയുമൊക്കെ മമ്മ നോക്കി നിന്നു. അവന്‍ മാനസികമായി നല്ല ആരോഗ്യസ്ഥിതിയിലല്ല. മാസങ്ങള്‍കൊണ്ട് അവന്‍റെ സ്ഥിതി മോശമായിരിക്കുന്നു. മകനിപ്പോള്‍ എന്തോ മാനസികരോഗത്തിന്‍റെ പിടിയിലമര്‍ന്നിരിക്കയാണെന്ന് ഏലീശ്വാ തിരിച്ചറിഞ്ഞു.

"മമ്മ മോനു ചോറു വിളമ്പട്ടെ…?" അവള്‍ സങ്കടങ്ങള്‍ ഉള്ളിലൊതുക്കിക്കൊണ്ടു മകനോട് ഏറെ സൗമ്യതയോടെ ചോദിച്ചു.

"ന്യൂജെന്‍ ഇന്‍വെസ്റ്റിഗേറ്റര്‍ക്കു വീട്ടീന്നു ഫുഡ് കഴിക്കാന്‍ പറ്റീല്ലെന്നു വരും…" നവീന്‍ സ്വരം കടുപ്പിച്ചു പറഞ്ഞു: "ഞങ്ങള്‍ വല്ല പൊറോട്ടയോ പത്തിരിയോ തന്തൂരിയോ ഗ്രില്‍ഡ് ചിക്കനോ ഒക്കെ കഴിച്ചെന്നു വരും… നോ വറി സോവറി…!"

"മമ്മ മോന് ഇഷ്ടമുള്ള തീയലൊക്കെ ഉണ്ടാക്കിവച്ചിട്ടുണ്ട്… ഇമ്മിണി ചോറ് വിളമ്പട്ടെ…?"- അവള്‍ നിര്‍ബന്ധിച്ചു.

"ഞാന്‍ കഴിച്ചു മമ്മാ…" ശാന്തമായി അത്രയും പറഞ്ഞ നവീന്‍റെ സ്വരം പെട്ടെന്നു കടുത്തു. എന്നിട്ടവന്‍ മമ്മയുടെ മുഖത്തേയ്ക്കു തുറിച്ചുനോക്കി. "അതുമിതും പറഞ്ഞെന്നെ പ്രകോപിപ്പിക്കരുത്… മൈ ലാസ്റ്റ് വാണിംഗ്… ഞങ്ങളിപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാ… മൈന്‍ഡിറ്റ്…"

എന്തൊക്കെയാണിവന്‍ പറഞ്ഞുകൂട്ടുന്നത്…? പരസ്പരബന്ധമില്ലാതെ…ഏലീശ്വായ്ക്ക് ഒന്നും മനസ്സിലായില്ല, മനസ്സിലായത് ഒന്നു മാത്രം. നവീന്‍ മാനസികമായി നല്ല നിലയിലല്ലിപ്പോള്‍. അവളുടെ സങ്കടങ്ങള്‍ അണപൊട്ടി. വിതുമ്പിക്കൊണ്ടവള്‍ അടുത്ത മുറിയിലേക്കു മാറി. കട്ടിലിലിരുന്നു മുഖം പൊത്തി കണ്ണീരൊഴുക്കി.

"ദൈവമേ…!"

മകനെപ്പറ്റി പഴി കേട്ടപ്പോള്‍ പഴി പറഞ്ഞവരെ കുറ്റം വിധിച്ചു. ഇനി…? മകനു വാത്സല്യവും സ്നേഹവും യഥേഷ്ടം കൊടുത്തു. പോക്കറ്റ് മണിയുള്‍പ്പെടെ അവന്‍ ചോദിച്ചതൊക്കെ കൊടുത്തു. നന്നായി പഠിക്കുന്ന ഊര്‍ജ്ജസ്വലനായ നല്ല നവീനെ തിരിച്ചുകിട്ടുമോ…? – അവള്‍ മുറിയിലിരുന്നു പതം പറഞ്ഞു കരഞ്ഞു.

വീട്ടിലും നാട്ടിലും ഓഫീസി ലും ആരോടും അടുപ്പം കാണിക്കാതെ ഒറ്റയാള്‍ ജീവിതം…! അതായിരുന്നു അവള്‍ തിരഞ്ഞെടുത്ത വഴി…! ഭര്‍ത്താവുമായി വഴക്കിട്ടകന്ന സ്ത്രീ…! അയാളെ വെറുക്കപ്പെട്ടവനായി കണ്ട സ്ത്രീ…!

മകന്‍ മാത്രമായിരുന്നു അവളുടെ ജീവിതത്തിലെ ആശാകേന്ദ്രം! അവന്‍ മാത്രം…!! ആ മകനിപ്പോള്‍…!! പഠനത്തിലും എന്തിനും മുന്നിലായിരുന്ന അവനിപ്പോള്‍ പിന്നിലായിരിക്കുന്നു. എന്താണു കാരണം…? എത്ര ആലോചിച്ചിട്ടും അവള്‍ക്കു പിടി കിട്ടിയില്ല… തല പുകഞ്ഞവള്‍ വിയര്‍ത്തു. ആരുമറിയാതെ അവനെ ഒരു മനോരോഗവിദഗ്ദ്ധനെ കാണിച്ചാലോ…? അവന്‍റെ ജല്പനങ്ങളും ശരീരഭാഷയും കാണാന്‍ വയ്യാ…. എത്ര പെട്ടെന്നവന്‍ ഇങ്ങനെ…? ഉത്തരം കിട്ടാതെ അവള്‍ നിലയില്ലാക്കായലില്‍ കൈകാലുകളിട്ടടിച്ചു.

നെറ്റ് ഉപയോഗത്തിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലും ഓണ്‍ലൈന്‍ ഗെയിം സെക്ഷനിലും കുട്ടികള്‍ക്കു പറ്റുന്ന പിഴവുകളാണെന്ന് ഏലീശ്വാ മനസ്സിലാക്കാന്‍ വൈകി. കുട്ടികള്‍ ചരിക്കുന്ന ഏതു മേഖലയിലായാലും അവര്‍ സാന്മാര്‍ഗികതയുടെ പാത വിട്ടകലാതെ അവരുടെ ദൈനംദിന ജീവിതത്തില്‍ മാതാപിതാക്കള്‍ ഒത്തൊരുമിച്ചു കാവല്‍മാലാഖമാരെപ്പോലെ വഴികാട്ടികളാകണമെന്ന ബോദ്ധ്യവും അവള്‍ക്കു തെളിവായില്ല.

ഇന്‍റര്‍നെറ്റ് ഉപയോഗത്തിലോ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിലോ ഏലീശ്വാ മകനെ നിയന്ത്രിച്ചിരുന്നില്ല. ഭര്‍ത്താവ് ഡേവീസിനെ അക്കാര്യത്തിലൊന്നും അടുപ്പിക്കാതെ മകനില്‍ നിന്നും കൂടുതല്‍ കൂടുതല്‍ അകറ്റിനിര്‍ത്താന്‍ നോക്കി.

നവീന്‍ ഓണ്‍ലൈന്‍ ഗെയിമില്‍കൂടി ഡെത്ത് ഗെയിമില്‍ പതിച്ചതു മമ്മ അറിഞ്ഞില്ല. അറിയാനൊട്ടു ശ്രമിച്ചതുമില്ല. മകന്‍റെ ലാപ്ടോപ്പോ സ്മാര്‍ട്ട് ഫോണോ പരിശോധിക്കാനോ അവന്‍റെ നീക്കങ്ങള്‍ ശരിയാംവണ്ണം വിലയിരുത്താനോ അവള്‍ ശ്രമിച്ചില്ല.

മുറിയില്‍ കടന്നു വാതിലടച്ച നവീന് ശ്യാമിന്‍റെ ഫോണ്‍കോള്‍. ശ്യാം പറഞ്ഞതൊക്കെ അവന്‍ തല കുലുക്കി മൂളി കേട്ടു. ഒടുവില്‍ ശ്യാം പറഞ്ഞു:

"ഓപ്പറേറ്ററില്‍ നിന്നും എനിക്ക് 49-ാമത്തെ ടാസ്ക് കിട്ടി. രാത്രിയില്‍ ചുടലപ്പറമ്പില്‍ ഒറ്റയ്ക്കു പോകണം. ആരുമറിയാതെ… നിനക്കോ…?"

"ഞാനും 49-ാമത്തെ ടാസ്കില്‍ത്തന്നെ." നവീന്‍ സാഭിമാനം തുടര്‍ന്നു: "വല്യൊരു സെമിത്തേരീല്‍ ആരുമറിയാതെ ഒറ്റയ്ക്കു രാത്രിയില്‍ പോകണം…"

"എങ്കില്‍ താമസിക്കണ്ടാ ഈ രാത്രിതന്നെ ആയിക്കോട്ടെ." ശ്യാം നിര്‍ബന്ധിച്ചു: "ചുടലപ്പറമ്പ് ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. ഞാനിപ്പോള്‍ ചുടലപ്പറമ്പിന്‍റെ മുന്നിലാ… നീയോ…?"

"ഞാനും ഓകേ…!" നവീന്‍ വല്ലാതൊന്നു ചിരിച്ചുകൊണ്ടു പറഞ്ഞു: "എടാ ശ്യാം, നമ്മള് രണ്ടുപേരും അടുത്ത ടാസ്കോടെ ഓപ്പറേറ്ററുടെ എല്ലാ ഓര്‍ഡറുകളും മറികടന്നു വിജയഭേരി മുഴക്കും…"

"ശരിക്കും ശരി."

നവീന്‍ ആ രാത്രിതന്നെ മമ്മ അറിയാതെ വീട്ടില്‍ നിന്നിറങ്ങിപ്പോയി. സെമിത്തേരിടാസ്ക് തേടി. സ്മാര്‍ട്ട് ഫോണില്‍ നെറ്റ് ഓണ്‍ ചെയ്തു ഡെത്ത് ഗെയിം ഓപ്പറേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ക്കു ചെവിയോര്‍ത്ത്…

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org