സൈബർവലയും കുട്ടിയിരകളും – 22

സൈബർവലയും കുട്ടിയിരകളും – 22

മാത്യൂസ് ആര്‍പ്പൂക്കര

"രാത്രിയില്‍ ഒറ്റയ്ക്ക് ഏതെങ്കിലും സെമിത്തേരിയില്‍ പോകണം. മെഴുകുതിരിയും ലൈറ്ററും കരുതണം. അവിടെ ഏതെങ്കിലും കല്ലറമേല്‍ മെഴുകുതിരി കത്തിച്ചുവച്ചു മുട്ടിന്മേല്‍ നില്ക്കുക… കുറേനേരം. പിന്നെ കല്ലറയുടെ ഗ്രാനൈറ്റ് സ്ലാബിന്‍മേല്‍ കിടക്കാം, ഉറങ്ങാം… ഓപ്പറേറ്ററുടെ അനുവാദത്തോടെ മാത്രം പുറത്തുപോവുക…"

ഡെത്ത് ഗെയിം ഓപ്പറേറ്ററുടെ ആജ്ഞ അതേപടി അനുസരിക്കാന്‍ നവീന്‍ റെഡി. ഓപ്പറേറ്ററുടെ 49-ാമത്തെ ടാസ്ക്. ടാസ്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു വിജയം വരിക്കുക എന്നതു മാത്രമായിരുന്നു അവന്‍റെ ജീവിതലക്ഷ്യം. ജീവിതത്തില്‍ മറ്റെല്ലാം അപ്രധാനം!

ഇടവകപ്പള്ളിയുടെ സെമിത്തേരിതന്നെയാണു നവീന്‍ അതേ ടാസ്കിനു തിരഞ്ഞെടുത്തത്. രാത്രി വൈകി അവന്‍ സെമിത്തേരിയില്‍ പ്രവേശിച്ചു. എണ്ണിയാല്‍ തീരാത്ത കല്ലറകള്‍…! കല്ലറകള്‍ക്കു സമീപം കൈകള്‍ നീട്ടിനില്ക്കുന്ന കറുത്ത കുരിശുകള്‍…!

നവീന്‍ ഒരു കല്ലറയുടെ ഗ്രാനൈറ്റിന്മേല്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചു മുട്ടിന്മേല്‍നിന്നു. മെഴുകുവിളക്കുകളുടെ വെളിച്ചത്തില്‍ അവന്‍ ആ അക്ഷരങ്ങള്‍ വായിച്ചെടുത്തു – ഷൈജു കൊല്ലംപറമ്പില്‍.

ബൈക്ക് അതിവേഗം പായിക്കുന്നതില്‍ ത്രില്‍ കണ്ട ഷൈജു. ആക്സിഡന്‍റില്‍ മരിച്ച ഷൈജു എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി.

"നീ എന്താടാ നവീന്‍ ഇവിടെ…?" – ഷൈജു ചോദിക്കുംപോലെ…!

പെട്ടെന്നു സെമിത്തേരിയുടെ ഗെയിറ്റിങ്കല്‍ ഒരു പന്തം ആളുന്നതുപോലെ…! കൂരിരുട്ടത്തു തീപ്പന്തം…!

അവന്‍ തുറിച്ചുനോക്കി.

അവനു ഭയം തോന്നി. ആ ഭയം വളരാതിരിക്കാന്‍ അവന്‍ പാടു പെട്ടു.

അതു പന്തമല്ലെന്ന് അടുത്ത നിമിഷം അവന്‍ മനസ്സിലാക്കി; ടോര്‍ച്ചാണ്. വമ്പനൊരു ടോര്‍ച്ചിന്‍റെ പ്രകാശവലയം…! അതിങ്ങോട്ടു നീങ്ങിവരികയാണ്.

"ആരാത്…?" പരുഷമാര്‍ന്ന ചോദ്യത്തിനു മുന്നില്‍ നിന്നു നവീന്‍ വിറച്ചു.

"ആരാണെന്നു ചോദിച്ചതു കേട്ടില്ലേ…?" – കൂടുതല്‍ കനത്ത ശബ്ദത്തില്‍ ചോദ്യം ആവര്‍ത്തിച്ചു.

"ഞാനാ… നവീന്‍…!" – അവന്‍റെ സ്വരം തൊണ്ടയില്‍ കുടുങ്ങി.

ആഗതന്‍ അവന്‍റെ മുഖത്തേയ്ക്കു ടോര്‍ച്ചടിച്ചു. കൈക്കാരനും കണക്കനും അസമയത്തു സെമിത്തേരിയിലെ വെട്ടം കണ്ടു ഉദ്വേഗത്തോടെ കടന്നുവരികയായിരുന്നു.

"നീയെന്താ ഇവിടെ…?"- കൈക്കാരന്‍ ജോര്‍ജുകുട്ടി തിരക്കി.

"ഞാന്‍… പ്രാര്‍ത്ഥിക്കാന്‍ വന്നതാ…" അവന്‍ വിക്കി വിക്കി പറഞ്ഞു.

"ഈ പാതിരായ്ക്കാണോ നിന്‍റെ പ്രാര്‍ത്ഥന…!"

"നിന്‍റെ അമ്മ ഏലീശ്വാ അറിഞ്ഞാണോ നീ ഇങ്ങോട്ടു വന്നേ…?" – കണക്കന്‍റെ ചോദ്യം.

"നീ ഇങ്ങോട്ട് വന്നേ… ചോദിക്കട്ടെ…" – കൈക്കാരനും കണക്കനും കുറ്റാക്കുറ്റിരുട്ടത്തു ടോര്‍ച്ചടിച്ചു മുന്നോട്ടു നടന്നു; നവീന്‍ പുറകെയും.

സെമിത്തേരിയില്‍ നിന്നും പുറത്തുകടന്ന അവര്‍ അന്ധാളിച്ചുനിന്നു. നവീനെ കാണാനില്ല; അവന്‍ ഇരുളില്‍ കടന്നുകളഞ്ഞു.

അസ്വസ്ഥതകളിലമര്‍ന്നുറങ്ങിപ്പോയ ഏലീശ്വ പെട്ടെന്ന് ഉണര്‍ന്നെണീറ്റു. എന്തോ ദുഃസ്വപ്നം കണ്ടതുപോലെ! അവള്‍ മോന്‍റെ മുറിയിലേക്കു ചെന്നു. എങ്ങും ബ്ലാക്കൗട്ട്…! സര്‍വത്ര ഇരുട്ട്…! മോന്‍ നല്ല ഉറക്കത്തിലാവും. അവള്‍ ലൈറ്റിട്ടു.

മോന്‍റെ മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നു! അവന്‍ മുറിയിലില്ല… എവിടെ പോയി? ബാത്ത് റൂമില്‍ പോയോ…? അവിടെങ്ങുമില്ല.

"നവീന്‍…!" – അവള്‍ വിളിച്ചു.

"എടാ നവീന്‍…!" – ഉറക്കെ ഉറക്കെ വിളിച്ചു.

വിളി കേട്ടില്ല.

വീട്ടിലെങ്ങും അവനില്ല. പൊടുന്നനേ അവളുടെ ശ്രദ്ധയില്‍പ്പെട്ടു; വീടിന്‍റെ മെയിന്‍ഡോര്‍ തുറന്നു കിടക്കുന്നു! അവന്‍ പുറത്തെവിടെയെങ്കിലും കുത്തിയിരിപ്പുണ്ടാകുമോ…?

"നവീന്‍…! എടാ നവീന്‍…!"

പല തവണ വിളിച്ചു; ഫലമുണ്ടായില്ല.

അവനിവിടെയില്ലെന്ന് ഏലീശ്വായ്ക്കു ബോദ്ധ്യമായി. അവനെങ്ങോ ഇറങ്ങിപ്പോയതാണ്. വാതില്‍പോലും അടയ്ക്കാതെ. എന്നാല്‍ ലൈറ്റുകള്‍ ഓഫാക്കിയിട്ടുണ്ട്.

നവീന്‍ എവിടെപ്പോയി…? എന്തിനു പോയി…? ഏലീശ്വാ തീരെ അസ്വസ്ഥചിത്തയായി. രാത്രിയില്‍ അവള്‍ക്ക് ഉറക്കം വന്നില്ല. ഉറക്കമിളച്ചു മകനെ കാത്തിരുന്നു. രാത്രിയില്‍ ഏതു നേരത്തെങ്കിലും അവന്‍ വരുമെന്ന പ്രത്യാശയോടെ. പക്ഷേ, അവന്‍ വന്നില്ല. നേരം വെളുത്തിട്ടും അവന്‍ തിരിച്ചെത്തിയില്ല…!

നേരം വെളുത്തതോടെ നവീന്‍റെ സെമിത്തേരിക്കഥ ഇടവകയിലെങ്ങും ഫ്ളാഷായി. പാതിരാത്രിക്കു നവീന്‍ ഒറ്റയ്ക്കു സെമിത്തേരിയില്‍ പോയി മെഴുകുതിരികള്‍ കത്തിച്ച കഥ…! അതു വാട്സാപ്പിലും കഥയായി; വൈറലായി.

ആരോ വിളിച്ചുപറഞ്ഞാണ് ഏലീശ്വാ കഥ അറിഞ്ഞത്. അതു കേട്ടപ്പോള്‍ അവളാകെ തകര്‍ന്നുപോയി. പാതിരാത്രിക്കു നവീന്‍ ഒറ്റയ്ക്കു സെമിത്തേരിയില്‍ പോകുകയോ…? അവിശ്വസനീയം…! അവള്‍ നെറികെട്ട വാര്‍ത്തയായി കരുതി അതു വിശ്വസിച്ചില്ല. വൈകീട്ട് പള്ളിയിലെ കൈക്കാരന്‍ ജോര്‍ജുകുട്ടി ഏലീശ്വായെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ അവള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതയായി.

പഠിക്കാന്‍ മിടുമിടുക്കനായിരുന്ന മകന്‍ വഴിതെറ്റിപ്പോയ കഥ…! അവന്‍ മാനസികരോഗിയായ കഥ…! എത്രയും വേഗം അവനെ ചികിത്സിപ്പിക്കണം; സൈക്യാട്രിസ്റ്റിനെ കാണിക്കണം.

ഏലീശ്വാ മകനെ കാത്തിരുന്നു. പിറ്റേന്നു രാത്രിയായിട്ടും അവന്‍ തിരിച്ചെത്തിയില്ല. ലീവെടു ത്ത് അന്വേഷിച്ചു. പക്ഷേ, അവന്‍ വന്നില്ല.

ദിവസങ്ങള്‍ കടന്നുപോയി. നവീനെ കാണാനില്ല. അവളുടെ കണ്ണീര്‍ തോര്‍ന്നില്ല. അവള്‍ മകനെ കാണാനില്ലെന്നുള്ള പരാതി സ്ഥലം പൊലീസ് സ്റ്റേഷനില്‍ കൊടത്തു. പൊലീസും അന്വേഷണം ആരംഭിച്ചു.

വിവരമറിഞ്ഞു ഡേവീസും മകനെ അന്വേഷിച്ചു. ലീവെടുത്ത് അയാളും മകനെ തേടി അലഞ്ഞു. മകനെപ്പറ്റി യാതൊരു തുമ്പും കിട്ടിയില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org